നാവിഗേറ്ററായി കാസര്‍കോടുകാരന്‍ മൂസ; കെനിയയിലെ സഫാരി റാലിയിലെ ഇന്ത്യന്‍ മുരള്‍ച്ച

സഫാരി റാലിയുടെ ഭാഗമായി കെനിയയിലെ നൈവാഷയിലെ മരുഭൂമികളിലൂടെ പാഞ്ഞു പോകുന്ന വെളുത്ത ഫോര്‍ഡ് ഫിയസ്റ്റ റാലി 3 കാറില്‍ മത്സര രംഗത്തുള്ളത് രണ്ട് ഇന്ത്യക്കാരാണ്
നാവിഗേറ്ററായി കാസര്‍കോടുകാരന്‍ മൂസ; കെനിയയിലെ സഫാരി റാലിയിലെ ഇന്ത്യന്‍ മുരള്‍ച്ച
Updated on

വേള്‍ഡ് റാലി ചാംപ്യന്‍ഷിപ്പുകളിലെ ഏറ്റവും ദുര്‍ഘടമായത്, കെനിയയില്‍ നടക്കുന്ന 72-മത് സഫാരി റാലിയില്‍ ഇന്ത്യക്കാര്‍ക്കും മലയാളികള്‍ക്കും അഭിമാനിക്കാന്‍ വകയുണ്ട്. സഫാരി റാലിയുടെ ഭാഗമായി കെനിയയിലെ നൈവാഷ മരുഭൂമികളിലൂടെ പാഞ്ഞു പോകുന്ന വെളുത്ത ഫോര്‍ഡ് ഫിയസ്റ്റ റാലി 3 കാറില്‍ മത്സര രംഗത്തുള്ളത് രണ്ട് ഇന്ത്യക്കാരാണ്. അതില്‍ ഒരാള്‍ മലയാളിയും. ആദ്യമായാണ് സഫാരി റാലിയില്‍ ഇന്ത്യക്കാ‌ര്‍ മത്സരിക്കുന്നത്.

ഹൈദരാബാദ് സ്വദേശിയായ നവീന്‍ പുള്ളിഗില്ലയും കാസര്‍കോട് സ്വദേശി മൂസ ഷെരീഫ് എന്നിവരാണ് ഇന്ത്യയെ അടയാളപ്പെടുത്തുന്നത്. നവീനാണ് റാലിയില്‍ കാര്‍ നിയന്ത്രിക്കുക, മികച്ച ഓഫ് റോഡ് ഡ്രൈവര്‍ എന്ന നിലയില്‍ ഇതിനോടകം മികവ് തെളിയിച്ചിട്ടുള്ള നവീന്‍ ന്യൂസിലന്‍ഡില്‍ നടന്ന ഏഷ്യ പസഫിക് റാലി ചാംപ്യന്‍ഷിപ്പിലും മികവ് തെളിയിച്ചിട്ടുണ്ട്. നവീന്റെ കോ ഡ്രൈവറായാണ് ( നാവിഗേറ്റര്‍) മൂസ പ്രവര്‍ത്തിക്കുന്നത്. 33 വര്‍ഷത്തിലേറെയുള്ള പരിചയം കൈമുതലാക്കിയാണ് മൂസ സഫാരി റാലിയില്‍ ട്രാക്കില്‍ ഇറങ്ങുന്നത്. തദ്ദേശീയ ട്രാക്കില്‍ മികവ് തെളിയിച്ചിട്ടുള്ള വ്യക്തികളാണ് ഇരുവരും. പത്തോളം കിരീടങ്ങളും മൂസയുടെ കരിയറില്‍ സ്വന്തമായുണ്ട്. എന്നാല്‍ സഫാരി റാലിയെ അത്ര നിസാരമായി കാണാനാകില്ല.

ബുധനാഴ്ച ആരംഭിച്ച് മൂന്ന് ദിവസം നീളുന്ന റാലിയില്‍ 1,381.92 കിലോമീറ്റര്‍ ദൂരമാണ് ടീമുകള്‍ സഞ്ചരിക്കേണ്ടത്. മൊത്തം ദൂരത്തിന്റെ നാലിലൊന്നും വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങള്‍ ഉള്‍പ്പെടുന്നതാണ്. ഏറ്റവും വേഗതയേറിയ ഡ്രൈവറല്ല, മറിച്ച് ഏറ്റവും ജാഗ്രത പുലര്‍ത്തുന്ന സംഘമാണ് റാലിയില്‍ വിജയിക്കുന്നത്.

നവീൻ പുള്ളിഗില്ലയുടെയും മൂസ ഷെരീഫിന്റെയും ഫോർഡ് ഫിയസ്റ്റ റാലി 3 കാർ.
നവീൻ പുള്ളിഗില്ലയുടെയും മൂസ ഷെരീഫിന്റെയും ഫോർഡ് ഫിയസ്റ്റ റാലി 3 കാർ.

കെനിയയിലെ അപ്രതീക്ഷിത സാഹചര്യങ്ങള്‍ തന്നെയാണ് സഫാരി റാലിയെ വ്യത്യസ്തമാക്കുന്നത്. ഗ്രേറ്റ് റിഫ്റ്റ് വാലിയിലെ ദേശീയ ഉദ്യാനത്തിലൂടെ കാറുകള്‍ വളഞ്ഞുപുളഞ്ഞുപോകുന്ന ട്രാക്കുകളില്‍ കാറുകള്‍ സഞ്ചരിക്കുമ്പോള്‍ വന്യജീവികള്‍ പോലും മാര്‍ഗതടസം സൃഷ്ടിച്ചേക്കും. നേര്‍ത്ത പൊടി നിറഞ്ഞ ഭൂപ്രകൃതിയില്‍ മഴ പെയ്താല്‍ ട്രാക്ക് ചെളി നിറയാനുള്ള സാധ്യതയും ഏറെയാണ്.

വെല്ലുവിലികള്‍ മറികടന്ന് റാലിയില്‍ ഇന്ത്യന്‍ കരുത്ത് തെഴിയിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് നവീന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.''മോട്ടോര്‍സ്‌പോര്‍ട്ടിലെ ഏറ്റവും കഠിനമായ മത്സരമാണ് സഫാരി റാലി. പക്ഷേ ഞങ്ങള്‍ വെല്ലുവിളികള്‍ക്ക് ഏറ്റെടുക്കാന്‍ തയ്യാറാണ്. മികച്ച ഫിനിഷിങ്ങിന് ഒപ്പം മറക്കാനാവാത്ത അനുഭവം കെട്ടിപ്പടുക്കുക എന്നതാണ് എന്നതാണ് ഞങ്ങളുടെ ലക്ഷ്യം'' മൂസ പറയുന്നു.

ആഫ്രിക്കന്‍ ഇക്കോ മോട്ടോര്‍ സ്‌പോര്‍ട്ട് ടീമിനായാണ് നവീനും മൂസയും സഫാരി റാലിയില്‍ ട്രാക്കില്‍ ഇറങ്ങുന്നത്. ഡബ്ല്യൂആര്‍സി-3, ആഫ്രിക്കന്‍ റാലി ചാമ്പ്യന്‍ഷിപ്പ്, കെനിയന്‍ റാലി ചാംപ്യന്‍ഷിപ്പ് എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരിക്കുന്നത്. ഇവന്റിനു മുന്നോടിയായി ഇരുവരും മികച്ച പരിശീലനം തന്നെ നേടിയിട്ടുണ്ട്. നവീന്റെ ഡ്രൈവിങ് ശൈലിയും പരിചയസമ്പന്നമായ മൂസയുടെ നാവിഗേഷനും സഫാരി റാലിയില്‍ ഇന്ത്യന്‍ സാന്നിധ്യം കരുത്ത് തെളിയിക്കും എന്ന പ്രതീക്ഷയിലാണ് റൈസിങ്ങ് പ്രേമികള്‍.

മൂസ ഷെരിഫ്
മൂസ ഷെരിഫ്

മൂസ ട്രാക്കിലും പുറത്തും

1,500 കിലോമീറ്ററില്‍ അധികം ദൈര്‍ഘ്യമുള്ള റാലിയില്‍ വാഹനത്തെ നയിക്കുക എന്നതാണ് നാവിഗേറ്ററുടെ ചുമതല. കൃത്യമായ ദിശാബോധമാണ് നാവിഗേറ്ററുടെ മികവ്. ''നാവിഗേറ്ററുടെ ചെറിയ പിഴവ് പോലും വലിയ തിരിച്ചടികളുണ്ടാക്കും. ഓരോ 100 മീറ്ററിലും മാപ്പിങ് തയ്യാറാക്കണം. മുന്നിലെ വളവുകളും ജങ്ഷനുകളും അടയാളങ്ങളും തിരിച്ചറിയണം.'' മൂസ പറയുന്നു. മൂന്ന് പതിറ്റാണ്ട് നീണ്ട നാവിഗേറ്റര്‍ കരിയറില്‍ മോശമല്ലാത്ത ട്രാക്ക്‌ റെക്കോര്‍ഡ് ഉള്ള വ്യക്തിയാണ് മൂസ.

റാലികളിലെ പങ്കാളിത്തത്തിനപ്പുറം, മോട്ടോര്‍സ്‌പോര്‍ട്‌സ് കായികരംഗത്തിന്റെ വക്താവ് കൂടിയാണ് മൂസ. ഇന്ത്യന്‍ മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ്, കേരളീയം മോട്ടോര്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ തുടങ്ങി അദ്ദേഹം അംഗമായ രണ്ട് സംഘടനകള്‍ രാജ്യത്തുടനീളം മോട്ടോര്‍ സ്‌പോര്‍ട്‌സ് പരിപാടികള്‍ സജീവമായി സംഘടിപ്പിക്കുന്നുണ്ട്.

''90 കളില്‍ ഇന്ത്യയില്‍ അധികം ക്ലബ്ബുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് 200 ല്‍ അധികം ക്ലബ്ബുകള്‍ ഉണ്ട്, എല്ലാ വര്‍ഷവും ഏകദേശം 500 പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നു, ഇന്ത്യന്‍ നാഷണല്‍ റാലി ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന 75 കാറുകളില്‍ ഏകദേശം പത്തിലധികവും കേരളത്തില്‍ നിന്നുള്ളതാണ്,'' മൂസ ചൂണ്ടിക്കാട്ടുന്നു.

റാലികള്‍ സംഘടിപ്പിക്കാന്‍ മതിയായ സ്ഥല സൗകര്യങ്ങള്‍ ഇല്ലെന്നതാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാല്‍ കായിക ഇനത്തോടുള്ള മാറിയ മനോഭാവം കേരളത്തില്‍ മോട്ടോര്‍സ്‌പോര്‍ട്‌സ് ഇവന്റുകള്‍ വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. കൊച്ചിയില്‍ നടന്ന എംആര്‍എഫ് നാഷണല്‍ സൂപ്പര്‍ക്രോസ് ചാംപ്യന്‍ഷിപ്പ് ഇതിന് ഉദാഹരമണമാണ്. റേസിങ് റോഡുകളില്‍ നിന്ന് മാറി ട്രാക്കുകളിലേക്ക് എത്തണം എന്നും മൂസ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com