
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് അര്‍ഹിച്ച സെഞ്ച്വറിയാണ് നേടാനാകാതെ പോയത്. മത്സരത്തില്‍ ശ്രേയത് 97 റണ്‍സുമായി പുറത്താകാതെ നിന്നു. ഐപിഎല്ലില്‍ കന്നി സെഞ്ച്വറി നേടാനുള്ള സുവര്‍ണാവസരമാണ് പൂര്‍ത്തികരിക്കാനാകാതെ പോയത്. മത്സരത്തിനിടെ ശ്രേയസ് എന്താണ് തന്നോട് നിർദേശിച്ചതെന്ന് ശശാങ്ക് സിങ് പിന്നീട് വെളിപ്പെടുത്തി.
മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ 42 പന്തിലാണ് 97 റണ്‍സെടുത്തത്. ഒമ്പത് സിക്‌സുകളും അഞ്ച് ഫോറുകളും ഉള്‍പ്പെടുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിങ്‌സ്. മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറില്‍ ഒരു പന്തു പോലും സ്‌ട്രൈക്ക് ലഭിക്കാതിരുന്നതാണ് ശ്രേയസിന് സെഞ്ച്വറി പൂര്‍ത്തീകരിക്കാനാകാതെ പോയത്.
അവസാന ഓവറിലെ ആറ് പന്തുകളും നേരിട്ട ശശാങ്ക് സിങ്ങ് അടിച്ചു തകര്‍ത്തു. അഞ്ച് ഫോറുകള്‍ അടക്കം 23 റണ്‍സാണ് സിറാജ് എറിഞ്ഞ ഈ ഓവറില്‍ അടിച്ചുകൂട്ടിയത്. ശ്രേയസ് സെഞ്ച്വറി പൂര്‍ത്തീകരിക്കാന്‍ സാധിക്കാതിരുന്നത് ആരാധകരില്‍ നിരാശയുണ്ടാക്കി. എന്നാല്‍ മത്സരത്തിനിടെ ശ്രേയസ് തന്നോട് എന്താണ് പറഞ്ഞതെന്ന് പിന്നീട് ശശാങ്ക് വെളിപ്പെടുത്തി.
'ആദ്യ പന്ത് മുതല്‍ അടിക്കാനാണ് ശ്രേയസ് തന്നോട് ആവശ്യപ്പെട്ടത്. അവസാന ഓവറിന് മുമ്പും ശ്രേയസ് അതുതന്നെ ആവര്‍ത്തിച്ചു. 'എന്റെ സെഞ്ച്വറിയെപ്പറ്റി നീ ആശങ്കപ്പെടേണ്ട. കഴിയുന്നത്ര അടിച്ചു തകര്‍ക്കൂ' എന്നാണ് നിര്‍ദേശിച്ചത്. പന്തു നോക്കി അടിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. ബൗണ്ടറികള്‍ നേടാനായിരുന്നു എന്റെ ശ്രമം. ശ്രേയസ് ബാറ്റ് ചെയ്ത രീതി അതിശയിപ്പിക്കുന്നതായിരുന്നു'വെന്നും ശശാങ്ക് സിങ് പറഞ്ഞു.
'ഞാന്‍ സ്‌കോര്‍ബോര്‍ഡ് നോക്കിയില്ല. ആദ്യ പന്ത് അടിച്ചതിനു ശേഷം ഞാന്‍ നോക്കിയപ്പോള്‍ ശ്രേയസ് 97 റണ്‍സില്‍ നില്‍ക്കുന്നതായി കണ്ടു. അപ്പോള്‍ ശ്രേയസ് അടുത്ത് വന്നു പറഞ്ഞു. 'ശശാങ്ക്, എന്റെ 100 നെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ട'. സിംഗിള്‍ എടുത്ത് നല്‍കണോയെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. ഐപിഎല്ലില്‍ സെഞ്ച്വറി നേടുക എന്നത് വളരെ നിസ്സാരമായ കാര്യമല്ല'. ശശാങ്ക് സിങ് പറഞ്ഞു.
ശ്രേയസിന്റെ നിസ്വാര്‍ത്ഥമായ പ്രവൃത്തി തന്നെ കൂടുതല്‍ പ്രചോദിപ്പിച്ചുവെന്ന് ഛത്തീസ്ഗഢ് ഓള്‍റൗണ്ടര്‍ പറഞ്ഞു. 'ശശാങ്ക്, എല്ലാ പന്തും ബൗണ്ടറിയോ സിക്‌സോ അടിക്കൂ' എന്ന് ശ്രേയസ് പറഞ്ഞത് കൂടുതല്‍ ആത്മവിശ്വാസം നല്‍കി. ഇതൊരു ടീം ഗെയിമാണ്, പക്ഷേ ആ സമയത്ത് നിസ്വാര്‍ത്ഥനായിരിക്കുക ബുദ്ധിമുട്ടാണ്. ശ്രേയസ് അത്തരത്തിലാണ് പ്രവര്‍ത്തിച്ചത്. ശശാങ്ക് കൂട്ടിച്ചേര്‍ത്തു. സെഞ്ച്വറിയെന്ന വ്യക്തിഗത നേട്ടത്തേക്കാള്‍, ടീമിന് പരമാവധി സ്‌കോര്‍ നേടുകയെന്ന ശ്രേയസിന്റെ നിലപാടിന് ക്രിക്കറ്റ് ലോകത്ത് വന്‍ അഭിനന്ദനമാണ് ലഭിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക