
ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സ്- റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ദക്ഷിണേന്ത്യൻ നാട്ടങ്കത്തിൽ ആവേശം നിറച്ച നിമിഷങ്ങളാണ് പിറന്നത്. ശ്രീലങ്കൻ യുവ പേസർ മതീഷ പതിരനയുടെ ഒരു പന്ത് വിരാട് കോഹ്‍ലിയുടെ ഹെൽമറ്റിൽ ഇടിച്ചതിനു മറുപടി തൊട്ടടുത്ത പന്തിൽ തന്നെ താരം നൽകി. സിക്സടിച്ചാണ് കോഹ്‍ലിയുടെ മറുപടി വന്നത്. 30 പന്തിൽ 31 റൺസുമായി കോഹ്‍ലി മടങ്ങി.
ആർസിബി ഇന്നിങ്സിന്റെ 11ാം ഓവറിലാണ് നാടകീയ സംഭവങ്ങൾ. പതിരനയുടെ ബൗൺസർ അടിക്കാൻ കോഹ്‍ലി ശ്രമിച്ചെങ്കിലും താരത്തിന്റെ ഹെൽമറ്റിലാണ് പന്ത് ശക്തിയായി വന്നിടിച്ചത്. ഉടൻ തന്നെ മെഡിക്കൽ സംഘം ഗ്രൗണ്ടിലേക്ക് ഓടിയെത്തി തല പരിശോധിച്ചു കുഴപ്പങ്ങളില്ലെന്നു ഉറപ്പാക്കി. കോഹ്‍ലി ബാറ്റിങ് തുടർന്നു.
പതിരന എറിഞ്ഞ തൊട്ടടുത്ത പന്തിൽ കോഹ്‍ലിയുടെ മറുപടിയും എത്തി. സിക്സിന്റെ രൂപത്തിൽ. പിന്നാലെ രണ്ട് ബൗണ്ടറികൾ കൂടി കോഹ്‍ലി അടിച്ചു. അതുവരെ മെല്ലെ പോക്കിലായിരുന്നു കോഹ്‍ലി. 22 പന്തിൽ 16 റൺസ് മാത്രമായിരുന്നു നേടിയിരുന്നത്. പതിരനയുടെ ഈ ഓവറിലാണ് കോഹ്‍ലി ടോപ് ഗിയറിലേക്ക് ബാറ്റിങ് മാറ്റിയത്.
പക്ഷേ അധിക നേരം ക്രീസിൽ നിൽക്കാൻ കോഹ്‍ലിക്കു കഴിഞ്ഞില്ല. താരത്തെ 13ാം ഓവറിൽ അഫ്ഗാനസ്ഥാൻ സൂപ്പർ സ്പിന്നർ നൂർ അഹമദ് പുറത്താക്കി. താരത്തിന്റെ പന്തിൽ ബൗണ്ടറി നേടാനുള്ള കോഹ്‍ലിയുടെ ശ്രമം പാളി. രചിൻ രവീന്ദ്രയ്ക്ക് പിടി നൽകിയാണ് കോഹ്‍ലി പുറത്തായത്.
17 വർഷത്തിനു ശേഷം ആദ്യമായി ചെപ്പോക്കിൽ ആർസിബി ഒരു വിജയം സ്വന്തമാക്കി. 50 റൺസ് ജയമാണ് അവർ ആഘോഷിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക