Abhishek Sharma
അഭിഷേക് ശര്‍മ

ബാറ്റ് കൊണ്ട് 'അഭിഷേകം', അഭിഷേക് ശര്‍മ അടിച്ചുകൂട്ടിയത് 55 പന്തില്‍ 141 റണ്‍സ്; തകര്‍പ്പന്‍ വിജയവുമായി സണ്‍റൈസേഴ്‌സ്

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഉജ്വല വിജയം
Published on

ഹൈദരാബാദ്: ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഉജ്വല വിജയം. പഞ്ചാബ് കിങ്‌സ് ഉയര്‍ത്തിയ 246 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഒന്‍പതു പന്ത് ബാക്കിനില്‍ക്കേ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് സണ്‍റൈസേഴ്‌സ് മറികടന്നത്.

തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് സണ്‍റൈസേഴ്‌സിന്റെ വിജയശില്‍പ്പി. അഭിഷേക് ശര്‍മ 55 പന്തില്‍ 141 റണ്‍സെടുത്തു. വിജയം ഉറപ്പാക്കിയ ശേഷമാണ് അഭിഷേക് ശര്‍മ ക്രീസ് വിട്ടത്. 14 ഫോറും 10 സിക്‌സറുകളും ഉള്‍പ്പെടുന്നതാണ് അഭിഷേക് ശര്‍മയുടെ ഇന്നിങ്‌സ്. 40 പന്തില്‍ 11 ഫോറും 6 സിക്‌സും സഹിതമാണ് അഭിഷേക് സെഞ്ച്വറി കടന്നത്. അഭിഷേകിന്റെ ഓപ്പണിങ് പങ്കാളി ട്രാവിസ് ഹെഡ് 37 പന്തില്‍ ഒന്‍പതു ഫോറും മൂന്നു സിക്‌സും സഹിതം 66 റണ്‍സെടുത്ത് പുറത്തായി.

246 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത സണ്‍റൈസേഴ്‌സ് തുടക്കത്തില്‍ തന്നെ ആഞ്ഞടിക്കുന്നതാണ് കണ്ടത്. ഓപ്പണിങ് വിക്കറ്റില്‍ ട്രാവിസ് ഹെഡ് - അഭിഷേക് ശര്‍മ സഖ്യം പടുത്തുയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് കരുത്തായത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 74 പന്തില്‍ അടിച്ചുകൂട്ടിയത് 171 റണ്‍സാണ്.

വിജയത്തിന്റെ അരികെ 55 പന്തില്‍ 141 റണ്‍സുമായി അഭിഷേകിനെ അര്‍ഷ്ദീപ് സിങ് പുറത്താക്കിയെങ്കിലും, ഹെന്റിച് ക്ലാസന്‍ (14 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 21), ഇഷാന്‍ കിഷന്‍ (ആറു പന്തില്‍ ഒരു ഫോര്‍ സഹിതം 9) എന്നിവര്‍ ചേര്‍ന്ന് ഹൈദരാബാദിനെ വിജയത്തിലെത്തിച്ചു. മുന്‍നിര ബാറ്റര്‍മാര്‍ വമ്പനടികളുമായി കളം വാണതോടെയാണ് പഞ്ചാബ് കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ടോപ് സ്‌കോറര്‍.

ശ്രേയസ് ആറ് വീതം സിക്സും ഫോറും സഹിതം 36 പന്തില്‍ അടിച്ചെടുത്തത് 82 റണ്‍സ്. പ്രിയാംശ് ആര്യ വെറും 13 പന്തില്‍ അടിച്ചത് 36 റണ്‍സ്. 4 സിക്സും രണ്ട് ഫോറും സഹിതമായിരുന്നു വെടിക്കെട്ട്. സഹ ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിങ് 23 പന്തില്‍ 7 ഫോറും ഒരു സിക്സും സഹിതം 42 റണ്‍സ് കണ്ടെത്തി. വാലറ്റത്ത് മാര്‍ക്കസ് സ്റ്റോയിനിസിന്റെ കടന്നാക്രമണമാണ് സ്‌കോര്‍ ഈ നിലയിലേക്ക് ഉയര്‍ത്തിയത്. താരം 11 പന്തില്‍ 34 റണ്‍സ് അടിച്ചെടുത്തു. താരം 4 സിക്സും ഒരു ഫോറും തൂക്കി.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ധാരാളി ബൗളര്‍മാരുടെ പട്ടികയിലേക്ക് മുഹമ്മദ് ഷമി എത്തി. ജോഫ്ര ആര്‍ച്ചര്‍ 4 ഓവറില്‍ 76 റണ്‍സ് വഴങ്ങി ഒന്നാമത് നില്‍ക്കുന്ന പട്ടികയിലേക്ക് രണ്ടാമനായി ഷമി കയറി. താരം ഇന്ന് വഴങ്ങിയത് 4 ഓവറില്‍ 75 റണ്‍സ്. ഷമിയുടെ പന്തില്‍ പഞ്ചാബ് ബാറ്റര്‍മാര്‍ അടിച്ചത് 7 സിക്സുകള്‍. ഹര്‍ഷല്‍ പട്ടേല്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. സീസണില്‍ ആദ്യമായി കളിക്കാന്‍ അവസരം കിട്ട ഇഷന്‍ മലിംഗ രണ്ട് വിക്കറ്റ് സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com