Delhi beat Rajasthan in Super Over thriller
സ്റ്റബ്‌സ്, കെഎല്‍ രാഹുല്‍

സൂപ്പര്‍ ഓവര്‍ ത്രില്ലറില്‍ രാജസ്ഥാനെ കീഴടക്കി; ഡല്‍ഹിക്ക് ജയം

നാലാംപന്തില്‍ ട്രിസ്റ്റന്‍ സ്റ്റബ്സും സിക്സടിച്ചതോടെ ഡല്‍ഹി വിജയിച്ചു
Published on

ന്യൂഡല്‍ഹി: ഐപിഎല്‍ 18-ാം സീസണില്‍ സൂപ്പര്‍ ഓവറിലേക്ക് നീണ്ട ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ജയം. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 12 റണ്‍സ് വിജയലക്ഷ്യം വെറും നാലു പന്തുകള്‍ക്കുള്ളില്‍ ഡല്‍ഹി മറികടന്നു. സന്ദീപ് ശര്‍മ എറിഞ്ഞ സൂപ്പര്‍ ഓവറില്‍ ആദ്യ പന്ത് ഡബിളെടുത്ത കെഎല്‍ രാഹുല്‍ രണ്ടാം പന്തില്‍ സിക്സര്‍ പറത്തി സമ്മര്‍ദ്ദം ഒഴിവാക്കുകയായിരുന്നു. മൂന്നാം പന്തില്‍ സിംഗിള്‍ നേടുകയും ചെയ്തു. നാലാംപന്തില്‍ ട്രിസ്റ്റന്‍ സ്റ്റബ്സും സിക്സടിച്ചതോടെ ഡല്‍ഹി വിജയിച്ചു.

നേരത്തെ രാജസ്ഥാനായി ഇറങ്ങിയ ഷിംറോണ്‍ ഹെറ്റ്മയറിനും റിയാന്‍ പരാഗിനും യശസ്വി ജയ്സ്വാളിനും ചേര്‍ന്ന് 11 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു ഡല്‍ഹിക്കായി സൂപ്പര്‍ ഓവറില്‍ പന്തെറിഞ്ഞത്.

നേരത്തേ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സിലൊതുങ്ങി. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ ഒമ്പത് റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാന് എട്ടു റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മത്സരം ടൈ ആയതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തുകയായിരുന്നു.

28 പന്തില്‍ 51 റണ്‍സ് നേടിയ നിതീഷ് റാണയാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ യശസ്വി ജയ്സ്വാളും 51 റണ്‍സ് നേടിയിരുന്നു.ഓപ്പണര്‍മാരായ സഞ്ജു സാംസണും യശസ്വി ജയ്സ്വാളും രാജസ്ഥാന് മികച്ച തുടക്കമാണ് നല്‍കിയത്. വിപ്രാജ് നിഗം എറിഞ്ഞ ആറാം ഓവറില്‍ ഫോറും സിക്സുമടിച്ച് തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കവെ സഞ്ജുവിന് പേശിവലിവ് അനുഭവപ്പെട്ടത് തിരിച്ചടിയായി. തുടര്‍ന്ന് ഒരുപന്ത് നേരിട്ടെങ്കിലും ബാറ്റ് ചെയ്യാനാവാതെ റിട്ടയര്‍ ഹര്‍ട്ടായി തിരിച്ചുനടക്കുകയായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ റിയാന്‍ പരാഗ് (8) നിരാശപ്പെടുത്തി.എന്നാല്‍ പിന്നീട് ഒന്നിച്ച ജയ്സ്വാള്‍ - നിതീഷ് റാണ സഖ്യം രാജസ്ഥാനെ മുന്നോട്ടു നയിച്ചു. 14-ാം ഓവറില്‍ ജയ്സ്വാള്‍ മടങ്ങി. 37 പന്തില്‍ നിന്ന് നാല് സിക്സും മൂന്ന് ഫോറുമടക്കം 51 റണ്‍സായിരുന്നു ജയ്സ്വാളിന്റെ സമ്പാദ്യം.

പിന്നാലെ ധ്രുവ് ജുറെലിനെ കൂട്ടുപിടിച്ച് റാണ 49 റണ്‍സ് ചേര്‍ത്തതോടെ രാജസ്ഥാന്‍ വീണ്ടും മത്സരത്തില്‍ പിടിമുറുക്കി. 18-ാം ഓവറില്‍ റാണയെ വിക്കറ്റിനു മുന്നില്‍ കുരുക്കി മിച്ചല്‍ സ്റ്റാര്‍ക്ക് ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കി. 28 പന്തില്‍ നിന്ന് രണ്ട് സിക്സും ആറ് ഫോറുമടക്കം 51 റണ്‍സെടുത്താണ് റാണ പുറത്തായത്. തുടര്‍ന്ന് ജുറെലും ഷിംറോണ്‍ ഹെറ്റ്മയറും ചേര്‍ന്ന് ശ്രമിച്ചെങ്കിലും സ്‌കോര്‍ 188-ല്‍ എത്തിക്കാനേ സാധിച്ചുള്ളൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com