
ബര്‍മിങ്ഹാം: കന്നി ഡബിള്‍ സെഞ്ച്വറിയിലൂടെ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഗില്‍ സ്വന്തമാക്കി. വിരാട് കോഹ്‌ലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ 254 റണ്‍സാണ് ഗില്‍ 269 റണ്‍സെടുത്തു തിരുത്തിയത്. സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ (എസ്ഇഎന്‍എ) എതിരാളികള്‍ക്കെതിരെ അവരുടെ മണ്ണില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനും ഇനി ഗില്‍ തന്നെ.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ അവിസ്മരണീയ ബാറ്റിങുമായി കളം വാണ ക്യാപ്റ്റന്‍ ഗില്‍ കന്നി ഇരട്ട സെഞ്ച്വറി നേട്ടത്തോടെയാണ് ക്രീസ് വിട്ടത്. താരം 387 പന്തുകള്‍ നേരിട്ട് 30 ഫോറും 3 സിക്‌സും സഹിതം താരം 269 റണ്‍സെടുത്തു മടങ്ങി.
ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആറാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനായും ഗില്‍ മാറി. വിരാട് കോഹ്‌ലി, എംഎസ് ധോനി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഗാവസ്‌കര്‍, മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി എന്നീ ഇതിഹാസങ്ങള്‍ക്കൊപ്പമാണ് നേട്ടത്തില്‍ ഗിലും പേരെഴുതി ചേര്‍ത്തത്.
ഇംഗ്ലീഷ് മണ്ണില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍, ഇംഗ്ലീഷ് മണ്ണില്‍ ഇംഗ്ലണ്ടിനെതിരെ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍ നേട്ടങ്ങളും ഗില്‍ സ്വന്തമാക്കി. മുഹമ്മദ് അസ്ഹറുദ്ദീന്‍ നേടിയ 179 റണ്‍സാണ് ഗില്‍ മറികടന്നത്.
എഡ്ജ്ബാസ്റ്റന്‍ പിച്ചില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഗില്‍ 150 റണ്‍സിലെത്തിയപ്പോള്‍ സ്വന്തമാക്കിയിരുന്നു. 7 വര്‍ഷം മുന്‍പ് കോഹ്‌ലി എടുത്ത 149 റണ്‍സ് റെക്കോര്‍ഡാണ് ഗില്‍ മറികടന്നത്. കോഹ്‌ലി 2018ല്‍ തിരുത്തിയത് സച്ചിന്‍ 1996ല്‍ നേടിയ 122 റണ്‍സിന്റെ റെക്കോര്‍ഡാണ്.
Captain Shubman Gill broke Virat Kohli's record for the highest individual score by an Indian captain in Tests. Gill has broken multiple records en route to his 250 against England.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates