
ബര്‍മിംഗ്ഹാം: കന്നി ഡബിള്‍ സെഞ്ച്വറിയിലൂടെ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഗില്‍ സ്വന്തമാക്കി. വിരാട് കോഹ്ലി ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ 254 റണ്‍സാണ് ഗില്‍ 269 റണ്‍സെടുത്തു തിരുത്തിയത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ എന്നി എതിരാളികള്‍ക്കെതിരെ അവരുടെ മണ്ണില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനും ഇനി ഗില്‍ തന്നെ.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ അവിസ്മരണീയ ബാറ്റിങുമായി കളം വാണ ക്യാപ്റ്റന്‍ ഗില്‍ കന്നി ഇരട്ട സെഞ്ച്വറി നേട്ടത്തോടെയാണ് ക്രീസ് വിട്ടത്. താരം 387 പന്തുകള്‍ നേരിട്ട് 30 ഫോറും 3 സിക്സും സഹിതം താരം 269 റണ്‍സെടുത്തു മടങ്ങി. തന്റെ ചെറുപ്പക്കാലത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ഗില്‍ വെളിപ്പെടുത്തി. പരമ്പരയിലെ ആദ്യ മത്സരത്തിലും അദ്ദേഹം സെഞ്ച്വറി നേടിയിരുന്നു.
'ഐപിഎല്‍ കഴിഞ്ഞ് ഈ പരമ്പരയ്ക്ക് മുന്‍പ് വരെ ചെറുപ്പക്കാലത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ബാറ്റിങ്ങില്‍ താളം കണ്ടെത്താനാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതിന് മുന്‍പും എന്റെ ബാറ്റിങ് നന്നായി പോയിരുന്നുവെന്ന്് തന്നെയാണ് ഞാന്‍ കരുതുന്നത്. ടെസ്റ്റ് മത്സരങ്ങളില്‍ ഞാന്‍ സ്ഥിരമായി 30-35-40 റണ്‍സ് നേടിയിരുന്നു. എന്നാല്‍ ചില സമയങ്ങളില്‍, ഉയര്‍ന്ന സ്‌കോറിലേക്ക് പോകുന്നതില്‍ ഞാന്‍ പരാജയപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, ചിലപ്പോള്‍ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു എന്ന് വരാം എന്ന് പലരും പറയാറുണ്ട്. അതിനാല്‍, ഈ പരമ്പരയില്‍, ഞാന്‍ എന്റെ അടിസ്ഥാന കാര്യങ്ങളിലേക്ക് മടങ്ങാന്‍ ശ്രമിച്ചു. എന്റെ കുട്ടിക്കാലത്ത് ഞാന്‍ ചെയ്തതുപോലെ ബാറ്റ് ചെയ്യാന്‍ ശ്രമിച്ചു. 35-40 റണ്‍സ് നേടുന്നതിനെക്കുറിച്ചോ നീണ്ട ഇന്നിങ്‌സുകള്‍ കളിക്കുന്നതിനെക്കുറിച്ചോ ഞാന്‍ ചിന്തിച്ചിരുന്നില്ല. സ്വതസിദ്ധമായ ശൈലിയില്‍ കളിച്ച് എന്റെ ബാറ്റിങ്് ആസ്വദിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.'- ശുഭ്മാന്‍ ഗില്‍ പറഞ്ഞു.
1979-ല്‍ ഓവലില്‍ നടന്ന മത്സരത്തില്‍ ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍ നേടിയ 221 റണ്‍സ് മറികടന്ന് ഇംഗ്ലീഷ് മണ്ണില്‍ ഒരു ഇന്ത്യന്‍ ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോര്‍ഡ് ആണ് ഗില്‍ സ്വന്തമാക്കിയത്. ഈ വര്‍ഷം ആദ്യം ഓസ്ട്രേലിയയില്‍ നടന്ന ഒരു ടെസ്റ്റ് പര്യടനത്തിന് ശേഷമാണ് ഗില്‍ ഫോമിലേക്ക് തിരിച്ചെത്തിയത്.
'ചിലപ്പോള്‍, റണ്‍സ് കണ്ടെത്താന്‍ കഴിയാതെ വരുമ്പോള്‍, ബാറ്റിങ് ആസ്വദിക്കുന്നത് നിര്‍ത്തി, കൂടുതല്‍ റണ്‍സ് നേടേണ്ടതിന്റെ ആവശ്യകതയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. എന്റെ ബാറ്റിങ്ങിലും ഇത് സംഭവിച്ചതായി എനിക്ക് തോന്നി. റണ്‍സ് കണ്ടെത്തുന്നതില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ എന്റെ ബാറ്റിങ് എനിക്ക് അത്ര ആസ്വദിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ആസ്വദിച്ച് ബാറ്റ് ചെയ്യാനാണ് ശ്രമിച്ചത്'- ഗില്‍ കൂട്ടിച്ചേര്‍ത്തു.
'ഇംഗ്ലണ്ടിനെതിരായ ആദ്യ ദിവസം ഉച്ചഭക്ഷണത്തിന് മുമ്പാണ് ഞാന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. ചായയ്ക്ക് മുമ്പ് ഞാന്‍ ഏകദേശം 100 പന്തില്‍ നിന്ന് 35-40 റണ്‍സ് നേടിയിരുന്നു. തുടര്‍ന്ന് ഞാന്‍ കോച്ച് ഗൗതം ഗംഭീറിനോട് സംസാരിച്ചു. എനിക്ക് ധാരാളം ഷോട്ടുകള്‍ കളിക്കാന്‍ അറിയാമെങ്കിലും സ്വതന്ത്രമായി റണ്‍സ് കണ്ടെത്താന്‍ കഴിയുന്നില്ല. പന്ത് അല്‍പ്പം മൃദുവാണെന്ന് എനിക്ക് തോന്നി. കഴിഞ്ഞ മത്സരത്തില്‍, ഞാന്‍ കൂടുതല്‍ സുഗമമായി സ്‌കോര്‍ ചെയ്യുകയായിരുന്നു, പക്ഷേ ഇവിടെ അത് അത്ര എളുപ്പത്തില്‍ സാധിക്കുന്നില്ല. എത്രനേരം ബാറ്റ് ചെയ്താലും, ലോവര്‍ ഓര്‍ഡറില്‍ എപ്പോള്‍ വേണമെങ്കിലും തകര്‍ച്ച ഉണ്ടാകാമെന്ന് ഞാന്‍ മനസ്സിലാക്കി. അതിനാല്‍ കഴിയുന്നത്ര സമയം ക്രീസില്‍ പിടിച്ചുനില്‍ക്കാനാണ് ശ്രമിച്ചത്. ബൗളര്‍ എന്നെ ഒരു നല്ല പന്ത് ഉപയോഗിച്ച് പുറത്താക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അല്ലാതെ എന്റെ തെറ്റില്‍ നിന്ന് വിക്കറ്റ് കളഞ്ഞു കുളിക്കുന്ന സ്ഥിതി ഉണ്ടാവരുതെന്നാണ് ഞാന്‍ നിശ്ചയിച്ചത്.'- ഗില്‍ പറഞ്ഞു.
'ടി20യില്‍ നിന്ന് ടി20യിലേക്ക് മാറുന്നത് എളുപ്പമാണ്, പക്ഷേ ടി20യില്‍ നിന്ന് ടെസ്റ്റിലേക്ക് തിരിച്ചുവരുന്നത് അല്‍പ്പം ബുദ്ധിമുട്ടാണ്. കാരണം ടെസ്റ്റുമായി കൂടുതല്‍ പൊരുത്തപ്പെടേണ്ടതുണ്ട്. ടെസ്റ്റ് കളിക്കുന്നതിന് മനസിനെയും ശരീരത്തെയും നിയന്ത്രിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഐപിഎല്‍ സമയത്ത് തന്നെ ടെസ്റ്റിനായി പരിശീലനം ആരംഭിച്ചത്. അപ്പോഴാണ് ഞാന്‍ എന്റെ മനസ്സിനെയും ശരീരത്തെയും തയ്യാറാക്കാന്‍ തുടങ്ങിയത്.' - ഗില്‍ കൂട്ടിച്ചേര്‍ത്തു. അണ്ടര്‍ 16, അണ്ടര്‍ 19 കാലഘട്ടത്തില്‍ ചെയ്തതുപോലെ മകന്‍ ബാറ്റ് ചെയ്തതാണ് നേട്ടത്തിന് കാരണമെന്ന് ഗില്ലിന്റെ പിതാവ് ലഖ്വീന്ദര്‍ സിങ് പറഞ്ഞു.
Tried to bat like I used to in my childhood: Shubman Gill after masterful double ton
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates