
ബര്‍മിങ്ഹാം: രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനു മുന്നില്‍ 608 റണ്‍സെന്ന പടുകൂറ്റന്‍ ലക്ഷ്യം വച്ച് ഇന്ത്യ. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഒന്നാം ഇന്നിങ്‌സിലെ ഇരട്ട സെഞ്ച്വറിക്ക് പിന്നാലെ രണ്ടാം ഇന്നിങ്‌സില്‍ ഉജ്ജ്വല സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പുറത്തെടുത്ത കത്തും ബാറ്റിങാണ് ഹൈലൈറ്റ്. കരിയറിലെ എട്ടാം ടെസ്റ്റ് സെഞ്ച്വറിയാണ് ഗില്‍ എഡ്ജ്ബാസ്റ്റണില്‍ കുറിച്ചത്.
കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇംഗ്ലണ്ട് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെന്ന നിലയില്‍. ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റിനെ ആകാശ് ദീപും സാക് ക്രൗളിയെ റണ്ണെടുക്കാന്‍ അനുവദിക്കാതെ മുഹമ്മദ് സിറാജും പുറത്താക്കി. 15 റണ്‍സുമായി ഒലി പോപ്പും 6 റണ്‍സുമായി ജോ റൂട്ടമാണ് ക്രീസില്‍. 8 വിക്കറ്റുകള്‍ ശേഷിക്കേ ജയത്തിലേക്ക് ഇംഗ്ലണ്ടിനു 561 റണ്‍സ് കൂടി വേണം.
ഗില്‍ 162 പന്തുകള്‍ നേരിട്ട് 13 ഫോറും 8 കൂറ്റന്‍ സിക്‌സും സഹിതം 161 റണ്‍സ് അടിച്ചികൂട്ടിയാണ് ക്രീസ് വിട്ടത്. ജഡേജ 69 റണ്‍സുമായി പുറത്താകാതെ നിന്നു. ജഡേജ 5 ഫോറും ഒരു സിക്‌സും പറത്തി. വാഷിങ്ടന്‍ സുന്ദര്‍ 7 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 12 റണ്‍സെടുത്തും ക്രീസില്‍ തുടര്‍ന്നു.
ഒന്നാം ഇന്നിങ്‌സിലേതു പോലെ രണ്ടാം ഇന്നിങ്‌സിലും രവീന്ദ്ര ജഡേജ അര്‍ധ സെഞ്ച്വറി നേടി. താരം പുറത്താകാതെ നിന്നു. കെഎല്‍ രാഹുല്‍, ഋഷഭ് പന്ത്, എന്നിവരും അര്‍ധ സെഞ്ച്വറി കണ്ടെത്തി സ്‌കോറിലേക്ക് നിര്‍ണായക സംഭാവന നല്‍കി.
ഇംഗ്ലണ്ടിനായി ജോഷ് ടോംഗ്, ഷൊയ്ബ് ബഷീര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. ബ്രയ്ഡന്‍ കര്‍സ്. ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ഇംഗ്ലീഷ് ബൗളര്‍മാരെ കടന്നാക്രമിച്ച് ബാറ്റ് വീശിയ ഋഷഭ് പന്ത് നാലാം വിക്കറ്റായി മടങ്ങി. താരം 58 പന്തില്‍ 8 ഫോറും 3 സിക്സും സഹിതം പന്ത് 65 റണ്‍സെടുത്ത് ഇന്ത്യക്ക് നിര്‍ണായക സംഭാവന നല്‍കിയാണ് പുറത്തായത്. പിന്നാലെ എത്തിയ ജഡേജ രണ്ടാം ഇന്നിങ്‌സിലും കരുതലോടെ ബാറ്റ് വീശി.
ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, കരുണ്‍ നായര്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ഇന്നിങ്‌സില്‍ നഷ്ടമായത്. ഒന്നാം ഇന്നിങ്സില്‍ 587 റണ്‍സെടുത്ത ഇന്ത്യ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 407 റണ്‍സില്‍ അവസാനിപ്പിച്ചിരുന്നു. 180 റണ്‍സിന്റെ നിര്‍ണായക ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്.
കെഎല്‍ രാഹുല്‍ അര്‍ധ സെഞ്ച്വറിയിലെത്തിയതിനു പിന്നാലെ മടങ്ങുകയായിരുന്നു. 78 പന്തുകള്‍ നേരിട്ട് 9 ഫോറുകള്‍ സഹിതം രാഹുല്‍ 50ല്‍ എത്തി. പിന്നാലെ 55 റണ്‍സെടുത്തു പുറത്തായി. ജോഷ് ടോംഗ് രാഹുലിനെ ക്ലീന്‍ ബൗള്‍ഡാക്കി.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം തുടങ്ങിയത്. തുടക്കത്തില്‍ മികച്ച രീതിയിലാണ് കെഎല്‍ രാഹുല്‍- കരുണ്‍ നായര്‍ സഖ്യം മുന്നേറിയത്. അതിനിടെയാണ് കരുണ്‍ മടങ്ങിയത്. ഒന്നാം ഇന്നിങ്‌സിലേതിനു സമാനമായി നന്നായി തുടങ്ങിയെങ്കിലും ഇത്തവണയും കരുണ്‍ ഷോര്‍ട്ട് പന്തില്‍ ബാറ്റ് വച്ച് വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്തിനു പിടി നല്‍കി മടങ്ങി. താരം 46 പന്തില്‍ 5 ഫോറുകള്‍ സഹിതം 26 റണ്‍സൈടുത്തു. ബ്രയ്ഡന്‍ കര്‍സിനാണ് വിക്കറ്റ്.
മൂന്നാം ദിനത്തില്‍ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യക്ക് യശസ്വി ജയ്‌സ്വാളിനെയാണ് ആദ്യം നഷ്ടമായത്. താരം 22 പന്തില്‍ 28 റണ്‍സെടുത്തു മടങ്ങി. ജോഷ് ടോംഗിന്റെ പന്തില്‍ ജയ്‌സ്വാള്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. പിന്നീട് നഷ്ടങ്ങളില്ലാതെയാണ് മൂന്നാം ദിനം ഇന്ത്യ അവസാനിപ്പിച്ചത്.
ഒന്നാം ഇന്നിങ്‌സില്‍ 84 റണ്‍സ് ചേര്‍ക്കുന്നതിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങിയ ഇംഗ്ലണ്ടിനെ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഹാരി ബ്രൂക്ക്- ജാമി സ്മിത്ത് സഖ്യം അവിശ്വസനീയമാം വിധം കരകയറ്റുകയായിരുന്നു. ഇരുവരും സെഞ്ച്വറി നേടി ഇന്ത്യന്‍ ബൗളര്‍മാരെ ഏറെനേരം വശംകെടുത്തി. ഈ കൂട്ടുകെട്ട് പൊളിച്ചതിനു പിന്നാലെ ശേഷിച്ച നാല് വിക്കറ്റുകള്‍ ഇന്ത്യ അതിവേഗം വീഴ്ത്തിയാണ് ഇന്ത്യ ഭേദപ്പെട്ട ലീഡ് സ്വന്തമാക്കിയത്.
ജസ്പ്രിത് ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജാണ് പോരാട്ടം ഏറ്റെടുത്തത്. ഒപ്പം ബുംറയുടെ പകരം പ്ലെയിങ് ഇലവനില്‍ എത്തിയ ആകാശ് ദീപും ചേര്‍ന്നതോടെ ഇംഗ്ലണ്ടിന്റെ കൗണ്ടര്‍ അറ്റാക്ക് മൂന്നാം ദിനത്തില്‍ മൂന്നാം സെഷനില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്കായി. സിറാജ് 6 വിക്കറ്റുകളും ആകാശ് ദീപ് 4 വിക്കറ്റുകളും സ്വന്തമാക്കി.
184 റണ്‍സുമായി പുറത്താകാതെ നിന്നു പോരാട്ടം ഇന്ത്യന്‍ ക്യാംപിലേക്ക് നയിച്ച ജാമി സ്മിത്തിന് പിന്തുണയ്ക്കാന്‍ ആളില്ലാതെ കന്നി ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാകാത്ത സ്വപ്നമായി അവശേഷിപ്പിക്കേണ്ടി വന്നു. എങ്കിലും ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ഇന്നിങ്സാണ് താരം എഡ്ജ്ബാസ്റ്റണില്‍ കളിച്ചത്. കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയാണ് 24കാരന്‍ കുറിച്ചത്.
207 പന്തില്‍ 21 ഫോറും 4 സിക്സും സഹിതം സ്മിത്ത് 184 റണ്‍സെടുത്തു. ബ്രൂക്ക് 234 പന്തില്‍ 17 ഫോറും ഒരു സിക്സും സഹിതം 158 റണ്‍സും കണ്ടെത്തി. ഇരുവരും ചേര്‍ന്നു ആറാം വിക്കറ്റില്‍ 303 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. ഒടുവില്‍ ഹാരി ബ്രൂക്കിനെ ക്ലീന്‍ ബൗള്‍ഡാക്കി ആകാശ് ദീപാണ് ഇന്ത്യക്ക് ബ്രെയ്ക്ക് ത്രൂ നല്‍കിയത്. പിന്നാലെ താരം ക്രിസ് വോക്സിനേയും (5) മടക്കി. അവസാന മൂന്ന് ബാറ്റര്‍മാരായ ബ്രയ്ഡന്‍ കര്‍സ്, ജോഷ് ടോംഗ്, ഷൊയ്ബ് ബഷീര്‍ എന്നിവരെ സിറാജ് റണ്ണെടുക്കാന്‍ പോലും അനുവദിക്കാതെ കൂടാരം കയറ്റി ഇംഗ്ലീഷ് ഇന്നിങ്സിനു തിരശ്ശീലയിട്ടു.
രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയതിനു പിന്നാലെ തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ആകാശ് ദീപ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചെങ്കില്‍ മൂന്നാം ദിനത്തില്‍ മുഹമ്മദ് സിറാജായിരുന്നു തുടരെ രണ്ട് പേരെ മടക്കി അവരെ വന്‍ സമ്മര്‍ദ്ദത്തിലേക്ക് തള്ളിയിട്ടത്. 3 വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ ഇംഗ്ലണ്ടിന് തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീടാണ് ബ്രൂക്കും സ്മിത്തും ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്.
ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ഐതിഹാസിക ഇന്നിങ്സാണ് ഒന്നാം ഇന്നിങ്സിലെ ഇന്ത്യന്‍ ബാറ്റിങിന്റെ ഹൈലൈറ്റ്. അവിസ്മരണീയ ബാറ്റിങുമായി കളം വാണ ക്യാപ്റ്റന്‍ ഗില്‍ കന്നി ഇരട്ട സെഞ്ച്വറി നേട്ടത്തോടെയാണ് ക്രീസ് വിട്ടത്. താരം 387 പന്തുകള്‍ നേരിട്ട് 30 ഫോറും 3 സിക്സും സഹിതം 269 റണ്‍സെടുത്തു മടങ്ങി. ഒരുവേള ട്രിപ്പിള്‍ സെഞ്ച്വറി നേട്ടത്തിലേക്ക് ക്യാപ്റ്റന്‍ എത്തുമെന്നു തോന്നിച്ചു. എന്നാല്‍ ജോഷ് ടോംഗ് ഗില്ലിനെ ഒലി പോപ്പിന്റെ കൈകളില്‍ എത്തിച്ചു. ഒന്നാം ദിനം ക്രീസിലെത്തിയ ഗില്‍ രണ്ടാം ദിനത്തില്‍ ഒന്‍പതാമനായാണ് മടങ്ങിയത്. ക്യാപ്റ്റന്‍ പുറത്തായതിനു പിന്നാലെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സും അധികം നീണ്ടില്ല.
England vs India: Akash Deep has cleaned up Ben Duckett as India are on top at Edgbaston. Siraj dismissed Zak Crawley early and England are now on the ropes after losing both their openers in the mammoth run-chase.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates