
ബര്‍മിങ്ഹാം: ഒന്നാം ഇന്നിങ്സിലെ ഇരട്ട സെഞ്ച്വറിക്ക് പിന്നാലെ രണ്ടാം ഇന്നിങ്സിലും ഉജ്ജ്വല സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ് ആണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ പ്രധാന ഹൈലൈറ്റ്. കരിയറിലെ എട്ടാം ടെസ്റ്റ് സെഞ്ച്വറിയാണ് ഗില്‍ എഡ്ജ്ബാസ്റ്റണില്‍ കുറിച്ചത്. ഗില്‍ 162 പന്തുകള്‍ നേരിട്ട് 13 ഫോറും 8 കൂറ്റന്‍ സിക്സും സഹിതം 161 റണ്‍സ് അടിച്ചുകൂട്ടിയാണ് ക്രീസ് വിട്ടത്.
ഒന്നാം ഇന്നിങ്‌സില്‍ അവിസ്മരണീയ ബാറ്റിങുമായി കളം വാണ ഗില്‍ കന്നി ഇരട്ട സെഞ്ച്വറി നേട്ടത്തോടെയാണ് ക്രീസ് വിട്ടത്. താരം 387 പന്തുകള്‍ നേരിട്ട് 30 ഫോറും 3 സിക്‌സും സഹിതം 269 റണ്‍സെടുത്താണ് മടങ്ങിയത്. രണ്ടു ഇന്നിങ്‌സുകളില്‍ നിന്നായി 430 റണ്‍സ് ആണ് ഗില്‍ അടിച്ചുകൂട്ടിയത്. ഗില്ലിന്റെ കത്തുന്ന ഫോമിനിടെ, ഒരു റെക്കോര്‍ഡും താരം സ്വന്തമാക്കി. ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ആണ് ഗില്‍ സ്വന്തം പേരില്‍ ചേര്‍ത്തത്.
ഗാവസ്‌കറിന്റെ പേരിലുള്ള റെക്കോര്‍ഡ് ആണ് തകര്‍ത്തത്. 1971-ല്‍ പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റില്‍ ഗാവസ്‌കര്‍ നേടിയ 344 റണ്‍സ് എന്ന റെക്കോര്‍ഡ് ആണ് 54 വര്‍ഷത്തിന് ശേഷം ഗില്‍ മറികടന്നത്. അതിനിടെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 536 റണ്‍സ് ആണ്. മത്സരം ഒരു ദിനം മാത്രം ശേഷിക്കെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ ഇന്ത്യയ്ക്ക് ജയിക്കാം. നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഒലി പോപ്പും (44 പന്തില്‍ 24), ഹാരി ബ്രൂക്കുമാണു (15 പന്തില്‍ 15) ക്രീസില്‍.
രണ്ടാം ഇന്നിങ്സില്‍ 50 റണ്‍സെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ മൂന്നു വിക്കറ്റുകള്‍ പോയി. സാക് ക്രൗളി (പൂജ്യം), ബെന്‍ ഡക്കറ്റ് (15 പന്തില്‍ 25), ജോ റൂട്ട് (16 പന്തില്‍ ആറ്) എന്നിവരാണ് രണ്ടാം ഇന്നിങ്സില്‍ പുറത്തായ ഇംഗ്ലിഷ് ബാറ്റര്‍മാര്‍. ആകാശ്ദീപ് രണ്ടു വിക്കറ്റുകളും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 608 റണ്‍സെന്ന പടുകൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഒന്നാം ഇന്നിങ്‌സിലെ ലീഡ് ആണ് ഇംഗ്ലണ്ടിന് മുന്നില്‍ കൂറ്റന്‍ ലക്ഷ്യം വെയ്ക്കാന്‍ ഇന്ത്യയ്ക്ക് സഹായകമായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates