
ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ. 336 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എഡ്ജ്ബാസ്റ്റണ്‍ പിച്ചില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ഇവിടെ കളിച്ച എട്ടില്‍ ഏഴ് ടെസ്റ്റിലും ഇന്ത്യ തോറ്റു. ഒരു ടെസ്റ്റ് സമനിലയിലും അവസാനിച്ചു. അഞ്ചാം ദിനത്തില്‍ കനത്ത മഴ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കു മേല്‍ ആശങ്കയായി പെയ്തിരുന്നു. എന്നാല്‍ ഒന്നര മണിക്കൂറുകള്‍ക്കു ശേഷം മത്സരം പുനരാരംഭിച്ചതിനു പിന്നാലെ ഇന്ത്യ അതിവേഗം ഇംഗ്ലണ്ട് താരങ്ങളെ പുറത്താക്കി അവരുടെ സമനില സ്വപ്‌നങ്ങള്‍ തകര്‍ത്താണ് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്.
608 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 271 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 587 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സും കണ്ടെത്തി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ 407 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യ 180 റണ്‍സിന്റെ ലീഡ് പിടിച്ചത് നിര്‍ണായകമായി.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും 1-1 എന്ന നിലയില്‍. ബാറ്റിങിലും ബൗളിങിലും ഇന്ത്യന്‍ താരങ്ങള്‍ 5 ദിവസവും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിലുള്ള തന്റെ ആദ്യ വിജയം ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കി. ആദ്യ ടെസ്റ്റ് വിജയം വിദേശ മണ്ണിലായതും നേട്ടം.
ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സില്‍ ആകാശ് ദീപ് 6 വിക്കറ്റുകള്‍ വീഴ്ത്തി. ഒന്നാം ഇന്നിങ്‌സില്‍ താരം 4 വിക്കറ്റെടുത്തിരുന്നു. മൊത്തം 10 വിക്കറ്റുകള്‍ ആകാശ് സ്വന്തമാക്കി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. സിറാജ് ഒന്നാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റുകള്‍ നേടിയിരുന്നു. ഇതോടെ താരം മൊത്തം 7 വിക്കറ്റെടുത്തു.
മഴ മാറി അഞ്ചാം ദിനത്തിലെ കളി തുടങ്ങിയതിനു പിന്നാലെ ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ആകാശ് ദീപാണ് വിക്കറ്റു വേട്ട പുനരാരംഭിച്ചത്. ഒലി പോപ്പിനേയും പിന്നാലെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയെ വെള്ളം കുടിപ്പിച്ച അപകടകാരിയായ ഹാരി ബ്രൂക്കിനേയും അകാശ് അഞ്ചാം ദിനം തുടക്കം തന്നെ കൂടാരം കയറ്റി. പോപ്പ് 24 റണ്‍സും ബ്രൂക്ക് 23 റണ്‍സിലും പുറത്തായി.
പിന്നീട് ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്, ജാമി സ്മിത്ത് സഖ്യം പിടിമുറുക്കുമെന്നു തോന്നിപ്പിച്ച ഘട്ടത്തില്‍ ക്യാപ്റ്റന്‍ ഗില്‍ വരുത്തിയ ബൗളിങ് മാറ്റം ഫലം കണ്ടു. വാഷിങ്ടന്‍ സുന്ദര്‍ തന്റെ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ സ്റ്റോക്‌സിനെ വാഷിങ്ടന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി ഇന്ത്യയെ വീണ്ടും വിജയത്തിന്റെ ട്രാക്കിലാക്കി. ഇംഗ്ലീഷ് ക്യാപ്റ്റന്‍ 73 പന്തില്‍ 33 റണ്‍സെടുത്തു മികവിലേക്ക് ഉയരുന്ന ഘട്ടത്തിലാണ് വാഷിങ്ടന്‍ ബ്രേക്ക് ത്രൂ നല്‍കിയത്.
ഏഴാം വിക്കറ്റായി മടങ്ങിയത് ക്രിസ് വോക്‌സായിരുന്നു. താരം 32 പന്തില്‍ 7 റണ്‍സെടുത്തു. പ്രിസദ്ധ് കൃഷ്ണയ്ക്കാണ് വിക്കറ്റ്. പിന്നാലെ ആകാശ് ദീപിന്റെ പ്രഹരം. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറിയടിച്ച് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായ ജാമി സ്മിത്ത് ഒരറ്റത്ത് തകര്‍പ്പന്‍ അടികളുമായി കളം വാഴുകയായിരുന്നു. താരത്തെ പുറത്താക്കി ഇംഗ്ലണ്ടിന്റെ ആ പ്രതീക്ഷയും ആകാശ് അവസാനിപ്പിച്ചു. 99 പന്തില്‍ 9 ഫോറും 4 സിക്‌സും സഹിതം സ്മിത്ത് 88 റണ്‍സെടുത്തു. ചെറുത്തു നിന്ന ജോഷ് ടോംഗിനെ ജഡേജ പുറത്താക്കി. താരം 29 പന്തുകള്‍ ചെറുത്തു 2 റണ്‍സെടുത്തു മടങ്ങി.
ഒന്‍പതാമനായി എത്തിയ ബ്രയ്ഡന്‍ കര്‍സ് ഇന്ത്യയുടെ ജയം വൈകിപ്പിച്ചു. അവസാന ഘട്ടത്തില്‍ താരം കൂറ്റനടികളുമായി പ്രതിരോധിച്ചെങ്കിലും അതൊന്നും ജയത്തിലെത്താന്‍ ഉപകരിച്ചില്ല. താരം പുറത്താകാതെ 38 റണ്‍സെടുത്തു. താരത്തേയും പുറത്താക്കി ആകാശ് ദീപ് ഇന്ത്യയുടെ ജയം ഉറപ്പാക്കി. ഷൊയ്ബ് ബഷീര്‍ 12 റണ്‍സുമായി പുറത്താകാതെ നിന്നു.
നാലാം ദിനം അവസാനം വരെ പൊരുതി, അഞ്ചാം ദിനത്തില്‍ ബാറ്റിങ് തുടങ്ങിയ ഒലി പോപ്പിനെ ആകാശ് ദീപ് ആദ്യം ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ നാലാം ദിനം പോപ്പിനൊപ്പം പൊരുതിയ ബ്രൂക്കിനേയും താരം മടക്കുകയായിരുന്നു. ആകാശിന്റെ പന്തില്‍ നാലാം ദിനമായ ഇന്നലെ ബെന്‍ ഡക്കറ്റ്, ജോ റൂട്ട് എന്നിവരും ക്ലീന്‍ ബൗള്‍ഡായിരുന്നു.
അഞ്ചാം ദിനം മഴയെ തുടര്‍ന്നു ഒന്നര മണിക്കൂറോളം വൈകിയാണ് കളി പുനരാരംഭിച്ചത്. 3 വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് അവസാന ദിനം ബാറ്റിങ് ആരംഭിച്ചത്.
ബെന്‍ ഡക്കറ്റ് (25), സാക് ക്രൗളി (0), ജോ റൂട്ട് (6) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിനു നാലാം ദിനത്തില്‍ നഷ്ടമായത്. ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റിനെ ആകാശ് ദീപും സാക് ക്രൗളിയെ റണ്ണെടുക്കാന്‍ അനുവദിക്കാതെ മുഹമ്മദ് സിറാജും പുറത്താക്കി. പിന്നാലെ റൂട്ടിന്റെ വിക്കറ്റും വീഴ്ത്തി ആകാശ് വീണ്ടും ഇംഗ്ലണ്ടിനെ ഞെട്ടിക്കുകയായിരുന്നു.
നേരത്തെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഒന്നാം ഇന്നിങ്സിലെ ഡബിള്‍ സെഞ്ച്വറിക്കു പിന്നാലെ രണ്ടാം ഇന്നിങ്സില്‍ മിന്നും സെഞ്ച്വറിയുമായി ഇന്ത്യയെ വീണ്ടും മുന്നില്‍ നിന്നു നയിച്ചു. 162 പന്തുകള്‍ നേരിട്ട് 13 ഫോറും 8 കൂറ്റന്‍ സിക്‌സും സഹിതം 161 റണ്‍സ് അടിച്ചുകൂട്ടിയാണ് ഗില്‍ ക്രീസ് വിട്ടത്. ജഡേജ 69 റണ്‍സുമായി പുറത്താകാതെ നിന്നു. ജഡേജ 5 ഫോറും ഒരു സിക്‌സും പറത്തി. ഒന്നാം ഇന്നിങ്‌സിലും ജഡേജ അര്‍ധ ശതകം സ്വന്തമാക്കിയിരുന്നു. താരം 89 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സില്‍ കെഎല്‍ രാഹുല്‍ (55), ഋഷഭ് പന്ത് (65) എന്നിവരും അര്‍ധ സെഞ്ച്വറി നേടി.
Team India historic win the second cricket test against England by a huge margin. This is the first time in history that India has won a test match on the Edgbaston pitch.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates