383 മിനിറ്റുകള്‍, 207 പന്തുകള്‍, 136 റണ്‍സ്! ലോര്‍ഡ്‌സിലെ 'മാജിക്കല്‍ മാര്‍ക്രം'

ഐസിസി ഫൈനലില്‍ സെഞ്ച്വറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമെന്ന റെക്കോര്‍ഡ് കുറിച്ച് എയ്ഡന്‍ മാര്‍ക്രം
South Africa's Aiden Markram walks off the field
സെഞ്ച്വറി നേടിയ എയ്ഡൻ മാർക്രം (Aiden Markram)AP
Updated on
2 min read

ലണ്ടന്‍: 27 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദക്ഷിണാഫ്രിക്ക ഐസിസി ലോക കിരീടം ഉയര്‍ത്തുമ്പോള്‍ പ്രോട്ടീസ് ടീം ഒന്നടങ്കം കടപ്പെട്ടിരിക്കുന്നത് ഒരാളോടാണ്. എയ്ഡന്‍ മാര്‍ക്രം (Aiden Markram) എന്ന ഓപ്പണിങ് ബാറ്ററോട്. പടിക്കല്‍ കലമുടയ്ക്കുന്നവര്‍ എന്ന ചീത്തപ്പേര് മായ്ക്കാന്‍ ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇറങ്ങുമ്പോള്‍ ആദ്യ ദിനം മുതല്‍ കാര്യങ്ങള്‍ അവരുടെ വഴിക്കായിരുന്നില്ല. ഒന്നാം ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ശേഷമാണ് അവര്‍ ഐതിഹാസിക വിജയവും ലോക കിരീടമെന്ന സ്വപ്‌നവും സാക്ഷാത്കരിച്ചത്.

ഒന്നാം ഇന്നിങ്‌സില്‍ പൂജ്യത്തിനു പുറത്തായ മാര്‍ക്രം രണ്ടാം ഇന്നിങ്‌സില്‍ പക്ഷേ പ്രോട്ടീസ് വിജയത്തിന്റെ ആണിക്കല്ലായി നിന്ന കാഴ്ച സുന്ദരമായിരുന്നു. വേണ്ട സമയത്ത് വേണ്ട രീതിയില്‍ ബാറ്റ് ചെയ്യുക എന്ന ലളിത തത്വം അയാള്‍ ലോര്‍ഡ്‌സില്‍ നടപ്പാക്കി. ഒടുവില്‍ വിജയത്തിനു 6 റണ്‍സ് അകലെയാണ് ആ ഉജ്ജ്വല ബാറ്റിങ് അവസാനിച്ചത്. 383 മിനിറ്റുകള്‍ ക്രീസില്‍ നിന്നു 207 പന്തുകള്‍ നേരിട്ട് 14 ഫോറുകള്‍ സഹിതം 136 റണ്‍സാണ് മാര്‍ക്രം സ്വന്തമാക്കിയത്.

ഒന്നാം ഇന്നിങ്‌സിലെ 74 റണ്‍സ് ലീഡും രണ്ടാം ഇന്നിങ്‌സില്‍ 207 റണ്‍സ് ഉള്‍പ്പെടെ 282 റണ്‍സെന്ന താരതമ്യേന കൂറ്റന്‍ ലക്ഷ്യമാണ് ഓസീസ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വച്ചത്. കാര്യങ്ങളെല്ലാം ഓസീസിന് അനുകൂലമായിരുന്നു.

എന്നാല്‍ മാര്‍ക്രം ഉറപ്പിച്ചാണ് ക്രീസിലെത്തിയത്. അയാള്‍ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. തുടക്കത്തില്‍ അതിവേഗം റണ്‍സടിച്ച മാര്‍ക്രം പിന്നീട് അതീവ ശ്രദ്ധയോടെയാണ് പോരാട്ടം നയിച്ചത്. തുടക്കത്തില്‍ തന്നെ റയാന്‍ റിക്കല്‍ട്ടനേയും പിന്നീട് പിന്തുണ നല്‍കിയ വിയാന്‍ മള്‍ഡറുടേയും വിക്കറ്റ് വീഴ്ചയിലും മാര്‍ക്രം പതറിയില്ല.

പിന്നീട് കൂട്ടായി എത്തിയ ക്യാപ്റ്റന്‍ ടെംബ ബവുമയും നിലയുറപ്പിച്ചതോടെ മാര്‍ക്രം കരുതലോടെ മുന്നോട്ടു പോയി. ക്ഷമയുടെ പര്യായമായി മാര്‍ക്രവും ഒപ്പം ബവുമയും മാറിയതോടെ കാര്യങ്ങള്‍ മൈറ്റി ഓസീസിന്റെ കൈയില്‍ നിന്നു പോയി. ഇടയ്ക്ക് ബവുമയ്ക്ക് പേശി വലിവ് അനുഭവപ്പെട്ടപ്പോഴും പതറാതെ മാര്‍ക്രം ഒരറ്റത്ത് നിലയുറപ്പിച്ചു പൊരുതുകയായിരുന്നു. ഒരു റിസ്‌കി ഷോട്ട് പോലും അയാള്‍ നേടാന്‍ ശ്രമിച്ചില്ല. മോശം പന്തുകള്‍ മാത്രം തിരഞ്ഞു പിടിച്ച് ബൗണ്ടറി അടിച്ചാണ് മാര്‍ക്രം മുന്നോട്ടു പോയത്. ഓഫ് സ്റ്റംപിനു പുറത്തേക്ക് പോകുന്ന പന്തുകളില്‍ ബാറ്റ് വയ്ക്കാതെ കരുതലോടെയുള്ള ഡ്രൈവുകളാണ് മാര്‍ക്രം കളിച്ചത്. ബവുമയ്‌ക്കൊപ്പം മാര്‍ക്രം നേടിയ 147 റണ്‍സാണ് കളിയുടെ ഗതി മാറ്റിയത്.

നാലാം ദിനത്തില്‍ തുടക്കത്തില്‍ തന്നെ ബവുമയെ നഷ്ടമായെങ്കിലും മാര്‍ക്രം അപ്പോഴും അക്ഷോഭ്യനായി നിലയുറപ്പിച്ചു. മൂന്നാം ദിനത്തിന്റെ തുടര്‍ച്ചയായിരുന്നു നാലാം ദിനത്തിലേയും അയാളുടെ ബാറ്റിങ്. ഒരു ഐസിസി ടൂര്‍ണമെന്റ് ഫൈനലില്‍ സെഞ്ച്വറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമെന്ന അനുപമ നേട്ടവും സ്വന്തമാക്കിയാണ് മാര്‍ക്രം ക്രീസ് വിട്ടത്. ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചും മറ്റാരുമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com