
വിനീത് ഷായ്ക്ക് ക്രിക്കറ്റ് എന്നത് വെറും കളി മാത്രമല്ല. ജീവിതത്തിന്റെ ഭാഗമാണ്. മട്ടാഞ്ചേരിയിലെ തിരക്കേറിയ തെരുവുകളിൽ നിന്നു കളി തുടങ്ങി ഇപ്പോൾ എത്തി നിൽക്കുന്നത് ഇന്തോനേഷ്യയിലെ ജക്കാർത്തയിലെ പച്ചപ്പു നിറഞ്ഞ ക്രിക്കറ്റ് മൈതാനത്താണ്. 35ാം വയസിലും കെടാതെ തന്റെ ക്രിക്കറ്റ് പ്രണയം കാത്തു സൂക്ഷിക്കുന്ന വിനീത് ഷാ ഇന്ന് മറ്റൊരു ചരിത്ര നേട്ടത്തിനു കൂടി ഉടമയാണ്. ഇന്തോനേഷ്യ ദേശീയ ടീമിനായി ക്രിക്കറ്റ് കളിക്കാനിറങ്ങിയ ചരിത്രത്തിലെ ആദ്യ മലയാളിയെന്ന ഒരിക്കലും മായത്ത റെക്കോർഡ് അദ്ദേഹം സ്വന്തം പേരിൽ എഴുതി ചേർത്തു.
ദിവസങ്ങൾക്ക് മുൻപ്, കൃത്യം പറഞ്ഞാൽ ജൂൺ 12നു വിനീത്, മറ്റ് താരങ്ങൾ വിരമിക്കുന്ന പ്രായത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറി. കംബോഡിയക്കെതിരായ ടി20 പോരാട്ടത്തിൽ താരം ഇന്തോനേഷ്യയുടെ ജേഴ്സിയിലാണ് അന്താരാഷ്ട്ര പോരാട്ടത്തിൽ അരങ്ങേറ്റം കുറിച്ചത്.
18 പന്തിൽ 18 റൺസാണ് എനിക്ക് അരങ്ങേറ്റ മത്സരത്തിൽ നേടാൻ കഴിഞ്ഞത്. ആദ്യ മത്സരത്തിൽ ഞങ്ങൾ തോൽക്കുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത കളിയിൽ ഞങ്ങൾ കരുത്തോടെ തിരിച്ചെത്തി.
ഏഴ് മത്സരങ്ങളടങ്ങിയ പരമ്പരയിൽ വിനീത് നാല് മത്സരങ്ങളാണ് കളിച്ചത്. ഒരു കളിയിൽ 43 പന്തിൽ 39 റൺസും മറ്റൊരു മത്സരത്തിൽ 23 പന്തിൽ 20 റൺസെടുത്തും താരത്തിനു തിളങ്ങാൻ സാധിച്ചു. പരമ്പര ഇന്തോനേഷ്യ 5-2നു തോറ്റു. ഫലം അൽപ്പം നിരാശപ്പെടുത്തുന്നതാണെങ്കിലും താൻ കണ്ട സ്വപ്നം യാഥാർഥ്യമായതിന്റെ ത്രില്ലിലാണ് വിനീത്. കൊച്ചിയിൽ ജനിച്ചു വളർന്ന വിനീതിന് ക്രിക്കറ്റ് പ്രേമത്തിനു പിന്നിൽ ശക്തമായ വേരുകളുണ്ട്.
എന്റെ അച്ഛൻ ക്രിക്കറ്റ് ആരാധകനാണ്. അതിനാൽ കുട്ടിക്കാലത്തു തന്നെ എനിക്കും ക്രിക്കറ്റ് ഇഷ്ടമായിരുന്നു. അച്ഛനും ഞാനും ഒരുമിച്ചാണ് ക്രിക്കറ്റ് പോരാട്ടങ്ങൾ കണ്ടിരുന്നത്. മട്ടാഞ്ചേരിയിലും പരിസരങ്ങളിലുമെല്ലാം നിറയെ ക്രിക്കറ്റ് ആരാധകരുണ്ടായിരുന്നു. അതിനാൽ തന്നെ കളി ജീവിതത്തിന്റെ ഭാഗമായിരുന്നു.
മുണ്ടംവേലിയിലെ ചിന്മയ വിദ്യാലയത്തിലെ സ്‌കൂള്‍ ടീമിലും പിന്നീട് ചിന്മയ വിദ്യാപീഠ് കോളജ് ടീമിലും അദ്ദേഹം അംഗമായിരുന്നു. ഗുജറാത്തി കുടുംബത്തില്‍ നിന്നുള്ള വിനീത്, മട്ടാഞ്ചേരിയിലെ കൊച്ചിന്‍ ഗുജറാത്തി സ്‌പോര്‍ട്‌സ് ക്ലബിനു വേണ്ടി പ്രാദേശിക മത്സരങ്ങളും കളിച്ചിട്ടുണ്ട്.
ഹൈദരാബാദില്‍ ആമസോണിലും ദുബായില്‍ ഒരു ലോജിസ്റ്റിക്‌സ് സ്ഥാപനത്തിലും ജോലി ചെയ്തിരുന്ന സമയത്ത്, അദ്ദേഹം കോര്‍പറേറ്റ്, ക്ലബ് ടീമുകള്‍ക്കായി കളിച്ചു. പ്രത്യേകിച്ച് യുഎഇയിലെ മെറിൽബോണ്‍ ക്രിക്കറ്റ് ക്ലബിനായി. ഈ സമയത്ത് ക്രിക്കറ്റിനെ കൂടുതൽ ഗൗരവമായി താൻ സമീപിച്ചതായി വിനീത് പറയുന്നു. ശാരീരിക ക്ഷമത നിലനിർത്താൻ ശ്രമിച്ചു. ജീവിതത്തിൽ അച്ചടക്കം പാലിക്കാനുള്ള കരുത്തും ക്രിക്കറ്റ് സമ്മാനിച്ചു.
പിന്നീട്, അദ്ദേഹം ചെന്നൈയിലേക്ക് താമസം മാറി. ചാമ്പ്യന്‍സ് ക്രിക്കറ്റ് ക്ലബില്‍ കളിച്ച് ലോജിസ്റ്റിക്‌സ് കരിയര്‍ തുടര്‍ന്നു. ഈ സമയത്താണ് വിനീതിന് ഇന്തോനേഷ്യയില്‍ ജോലി ലഭിച്ചത്.
'2022-ല്‍ ഞാന്‍ ജോലിക്കായി ഇന്തോനേഷ്യയിലേക്ക് താമസം മാറിയപ്പോള്‍ ഇവിടെ ക്രിക്കറ്റ് കളിക്കാന്‍ ഒരു അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതിനാല്‍ ഞാൻ ക്രിക്കറ്റ് കിറ്റ് ഉപേക്ഷിച്ചാണ് ഇന്തോനേഷ്യയിലേക്ക് വന്നത്.' (അദ്ദേഹം ചിരിച്ചു കൊണ്ടു പറയുന്നു).
എന്നാല്‍ പിന്നീട്, വിനീത് ജക്കാര്‍ത്തയിലെ സജീവ ക്രിക്കറ്റ് ക്ലബുകളിലൊന്നായ മാവെറിക് ക്രിക്കറ്റ് ക്ലബിൽ ചേർന്നു. ആ സീസണിൽ 13 വര്‍ഷത്തിനിടെ ആദ്യമായി മാവെറിക് ജക്കാര്‍ത്ത ക്രിക്കറ്റ് ലീഗിൽ കിരീടം നേടി. ക്ലബിന്റെ ഭാഗമായതോടെ കളിക്കാനുള്ള ആഗ്രഹം തീവ്രമായെന്നു വിനീത് പറയുന്നു.
'മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും മൂന്ന് വര്‍ഷം ഇന്തോനേഷ്യയിൽ താമസം പൂർത്തിയാക്കുകയും ചെയ്താല്‍ ദേശീയ ടീമില്‍ കളിക്കാന്‍ യോഗ്യത നേടാനാകുമെന്ന് ഞാൻ മനസിലാക്കി. ക്ലബിൽ കളിക്കുന്നതിനിടെയാണ് ഇക്കാര്യം എനിക്കു ബോധ്യപ്പെട്ടത്. അതോടെ എന്റെ ആവേശം ഇരട്ടിയായി. ഞാൻ കളിയെ കൂടുതല്‍ ഗൗരവമായി എടുക്കാന്‍ തുടങ്ങി.'
സ്ഥിരതയുള്ള പ്രകടനങ്ങളും മൂന്ന് വർഷത്തെ താമസം പൂർത്തിയാക്കിയതിന്റെ യോഗ്യതയും കൃത്യമായി ഒത്തുചേര്‍ന്നതോടെ വിനീത് സ്വപ്നം കണ്ട ആ വിളി അദ്ദേഹത്തെ തേടി എത്തുക തന്നെ ചെയ്തു.
'എന്റെ ഡോക്യുമെന്റുകള്‍ ഐസിസിയുടെ അവലോകനത്തിനായി അയച്ചു. അത് അംഗീകരിച്ചു കഴിഞ്ഞാല്‍ എനിക്ക് ഇന്തോനേഷ്യയെ പ്രതിനിധീകരിക്കാന്‍ യോഗ്യത ലഭിക്കും. ആദ്യ കോള്‍- അപ്പ് ഉടന്‍ വന്നു. പിന്നാലെ ജൂണ്‍ 12ന് കംബോഡിയയ്ക്കെതിരെ ഞാന്‍ അരങ്ങേറ്റവും കുറിച്ചു.'
ജോലിയും കളിയും സന്തുലിതമായാണ് കൊണ്ടു പോകുന്നത്. അതത്ര എളുപ്പമല്ലെന്നും വിനീത് പറയുന്നു.
'ചില പ്രാദേശിക കളിക്കാരെപ്പോലെ ഞാന്‍ ദേശീയ ക്യാമ്പില്‍ സ്ഥിരമായി നിൽക്കുന്നില്ല. വിളി വന്നാൽ ജോലിയിൽ നിന്നു സമയം കണ്ടെത്തി കളിക്കുന്നതാണ് ഇപ്പോഴത്തെ രീതി. അച്ചടക്കത്തോടെയുള്ള ജീവിതമാണ് അതിനാൽ നയിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, നേരത്തെ ഉറങ്ങുക, ലോക്കല്‍ നെറ്റ്‌സില്‍ പതിവായി പരിശീലനം നടത്തുക തുടങ്ങിയവയെല്ലാം ദിവസവും ചെയ്യുന്നു. ക്രിക്കറ്റ് ഇപ്പോഴും എന്റെ അഭിനിവേശമാണ്.'
ജോലി ചെയ്യുന്ന സ്ഥാപനം വലിയ പിന്തുണയാണ് നൽകുന്നതെന്നു വിനീത് പറയുന്നു. പിടി മോണ്ടര്‍ ഗ്ലോബല്‍ ഇന്തോനേഷ്യയുടെ കണ്‍ട്രി ഹെഡാണ് വിനീത്. കടുംബവും വലിയ പിന്തുണയുമായി ഒപ്പമുണ്ട്. ഭാര്യ തന്നെയാണ് തന്റെ വലിയ ചിയർ ലീഡർ. കുടുംബത്തിലെ പുതിയ അംഗമായി വന്ന തന്റെ മകനാണ് ഭാഗ്യത്തിനു പിന്നിലെന്നും വിനീത് വിശ്വസിക്കുന്നു.
'എന്റെ ജേഴ്സി നമ്പർ 94 ആണ്. എന്റെ ഭാര്യ ജനിച്ച വർഷം. ഈ സംഖ്യകൾ കൂട്ടിയാൽ 13. എന്റെ മകന്റെ ജനനത്തീയതി കിട്ടും.'
അടുത്ത മാസം ദക്ഷിണ കൊറിയയ്ക്കെതിരെ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയും ഫിലിപ്പെയ്ൻസിനെതിരെ ബാലിയിൽ നടക്കാനിരിക്കുന്ന ത്രിരാഷ്ട്ര പരമ്പരയുമാണ് ഇന്തോനേഷ്യ ഇനി കളിക്കാനിരിക്കുന്ന പോരാട്ടങ്ങൾ. ഈ മത്സരങ്ങളിലേക്കുള്ള ടീമിലേക്ക് വിളി വരുമെന്ന പ്രതീക്ഷയിലാണ് വിനീത്.
'നമുക്ക് നോക്കാം. ടീമിനു ആവശ്യമുണ്ടോ ഞാൻ അവിടെയുണ്ടാകും'- വിനീത് പ്രത്യാശ പങ്കിട്ടു.
Vineet made his international debut on June 12 in a T20I match against Cambodia. Vineet scored 18 off 18 balls.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates