ഡക്കറ്റിനെ ക്ലീന്‍ ബൗള്‍ഡാക്കി വീണ്ടും ബുംറ; ഇംഗ്ലണ്ട് പൊരുതുന്നു

ഡക്കറ്റിനും പോപ്പിനും അര്‍ധ സെഞ്ച്വറി
Bumrah celebrates wicket with his teammates
സഹതാരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ബുംറ (England vs India)x
Updated on
2 min read

ലണ്ടന്‍: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തിരിച്ചടിക്കു കോപ്പുകൂട്ടിയ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് വീണ്ടും ജസ്പ്രിത് ബുംറ. ഇന്ത്യയെ ഒന്നാം ഇന്നിങ്‌സില്‍ 471 റണ്‍സില്‍ ഓള്‍ ഔട്ടാക്കി ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിനു രണ്ടാം വിക്കറ്റ് നഷ്ടം. സ്‌കോര്‍ 4 റണ്‍സിലെത്തിയപ്പോള്‍ ഓപ്പണര്‍ സാക് ക്രൗളിയെ പുറത്താക്കി ജസ്പ്രിത് ബുംറ മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഓപ്പണര്‍ സാക് ക്രൗളിയെ ജസ്പ്രിത് ബുംറ കരുണ്‍ നായരുടെ കൈകളിലെത്തിച്ചു.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ സഹ ഓപ്പണര്‍ ബെന്‍ ഡക്കറ്റും വണ്‍ ഡൗണായി എത്തിയ ഒലി പോപ്പും മികച്ച രീതിയില്‍ ബാറ്റ് വീശിയതോടെ ഇംഗ്ലണ്ട് ട്രാക്കിലായി. ഇരുവരും അര്‍ധ സെഞ്ച്വറി നേടി മുന്നോട്ടു പോകുന്നതിനിടെയാണ് ബുംറ വീണ്ടും കൊടുങ്കാറ്റായത്. 62 റണ്‍സെടുത്ത ഡക്കറ്റിനെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കി.

നിലവില്‍ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെന്ന നിലയില്‍. പോപ്പ് 67 റണ്‍സുമായും ജോ റൂട്ട് 10 റണ്‍സുമായും ക്രീസില്‍.

ഇന്ത്യയുടെ അവസാന ആറ് വിക്കറ്റുകള്‍ 41 റണ്‍സിനിടെ വീഴ്ത്താന്‍ ഇംഗ്ലണ്ടിനു സാധിച്ചു. ഇന്ത്യയുടെ ബാറ്റിങിനു പിന്നാലെ നേരിയ മഴ പെയ്‌തെങ്കിലും മഴ മാറി കളി വീണ്ടും പുനരാരംഭിച്ചു.

രണ്ടാം ദിനമായ ഇന്ന് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ മലയാളി താരം കരുണ്‍ നായര്‍ക്ക് അവസരം മുതലാക്കാനായില്ല. താരം 4 പന്തുകള്‍ നേരിട്ട് പൂജ്യത്തിനു മടങ്ങി. പിന്നാലെ ഋഷഭ് പന്തും എട്ടാമനായി എത്തിയ ശാര്‍ദുല്‍ ഠാക്കൂറും പുറത്തായി.

രവീന്ദ്ര ജഡേജ (11), ബുംറ (0), പ്രസിദ്ധ് കൃഷ്ണ (1) എന്നിവര്‍ ക്ഷണം മടങ്ങി. 3 റണ്‍സുമായി മുഹമ്മദ് സിറാജ് പുറത്താകാതെ നിന്നു.

സ്വന്തം സ്‌കോര്‍ 99ല്‍ നില്‍ക്കെ ഷൊയ്ബ് ബഷീറിന്റെ പന്തില്‍ സിക്‌സര്‍ തൂക്കിയാണ് പന്ത് 105 റണ്‍സിലെത്തിയത്. 146 പന്തുകള്‍ നേരിട്ട് 10 ഫോറുകളും 4 സിക്‌സുകളും പറത്തിയാണ് പന്ത് ശതകം തൊട്ടത്. പന്ത് സെഞ്ച്വറി കുറിച്ചതിനു പിന്നാലെ ക്യാപ്റ്റന്‍ ഗില്‍ പുറത്തായി. താരം 227 പന്തുകള്‍ നേരിട്ട് 19 ഫോറും ഒരു സിക്‌സും പറത്തി 147 റണ്‍സുമായി മടങ്ങി. ഷൊയ്ബ് ബഷീറിനാണ് വിക്കറ്റ്. പന്ത് 178 പന്തുകള്‍ നേരിട്ട് 12 ഫോറും 6 സിക്‌സുകളും സഹിതം 134 റണ്‍സുമായാണ് മടങ്ങിയത്. ശാര്‍ദുല്‍ ഠാക്കൂര്‍ 1 റണ്‍സുമായി ഔട്ടായി.

രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് മികച്ച രീതിയില്‍ പന്തെറിഞ്ഞു. താരം 4 വിക്കറ്റെടുത്തു. ജോഷ് ടോംഗും 4 വിക്കറ്റുകള്‍ സ്വന്തമാക്കി. ബ്രയ്ഡന്‍ കര്‍സന്‍, ഷൊയ്ബ് ബഷീര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ ഒന്നാം ദിനത്തില്‍ ക്യാപ്റ്റനായുള്ള വരവ് ഇംഗ്ലീഷ് മണ്ണില്‍ ശതകവുമായി ശുഭ്മാന്‍ ഗില്‍ കൊണ്ടാടിയിരുന്നു. യശസ്വി ജയ്സ്വാളിനു പിന്നാലെയാണ് ഗില്ലും ചരിത്രമെഴുതിയത്. 140 പന്തുകള്‍ നേരിട്ട് 14 ഫോറുകള്‍ സഹിതം ഗില്‍ 102 റണ്‍സ് കുറിച്ചു. ഫോറടിച്ചാണ് ക്യാപ്റ്റന്‍ ഗില്‍ ശതകം തൊട്ടത്. ഗില്ലിന്റെ ആറാം ടെസ്റ്റ് സെഞ്ച്വറിയാണിത്.

കിടിലന്‍ സെഞ്ച്വറിയുമായി യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ ധീരമായ ഇന്നിങ്സിനു പിന്നാലെയാണ് ഗില്ലും 100 കടന്നത്. ശതകം കടന്നതിനു പിന്നാലെ യശസ്വി മടങ്ങി. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സാണ് മടക്കിയത്. 144 പന്തുകള്‍ നേരിട്ട് 16 ഫോറും 2 സിക്സും സഹിതം യശസ്വി 100 റണ്‍സിലെത്തി. 101 റണ്‍സില്‍ ഔട്ടായി മടങ്ങുകയും ചെയ്തു. ഇംഗ്ലണ്ടിലെ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയാണ് യശസ്വി കുറിച്ചത്. ഇംഗ്ലീഷ് മണ്ണിലെ കന്നി പോരാട്ടത്തില്‍ തന്നെ സെഞ്ച്വറി നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബാറ്ററായും യശസ്വി മാറി.

തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി പതറിയ ഇന്ത്യയെ ക്യാപ്റ്റന്‍ ഗില്ലിനെ കൂട്ടുപിടിച്ച് യശസ്വിയാണ് ട്രാക്കിലാക്കിയത്. ഓപ്പണിങില്‍ കെഎല്‍ രാഹുലുമായും താരം മികച്ച കൂട്ടുകെട്ടുണ്ടാക്കി.

നാലാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ തുടക്കത്തില്‍ അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്തു. ഒപ്പം കരുത്തുറ്റ ബാറ്റിങുമായി ഓപ്പണര്‍ യശസ്വി ജയ്സ്വാളും ക്രീസില്‍ നിന്നു. ക്യാപ്റ്റനായുള്ള അരങ്ങേറ്റം ഗില്‍ അര്‍ധ സെഞ്ച്വറിയടിച്ചു തന്നെ ആഘോഷമാക്കി.

ഉച്ച ഭക്ഷണത്തിനു പിരിയുന്നതിനു തൊട്ടു മുന്‍പാണ് ഇന്ത്യയ്ക്ക് തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായത്. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയിലായിരുന്നു. പിന്നീടാണ് യശസ്വി- ഗില്‍ കൂട്ടുകെട്ട്.

ടോസ് നേടി ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. യശസ്വി ജയ്സ്വാളും കെഎല്‍ രാഹുലും ചേര്‍ന്ന സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. വിക്കറ്റ് നഷ്ടമില്ലാതെ 91 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. സ്‌കോര്‍ 91ല്‍ നില്‍ക്കെ കെഎല്‍ രാഹുലാണ് ആദ്യം പുറത്തായത്. ബ്രയ്ഡന്‍ കര്‍സാണ് രാഹുലിനെ മടക്കി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കിയത്. രാഹുല്‍ 78 പന്തില്‍ 8 ഫോറുകള്‍ സഹിതം 42 റണ്‍സെടുത്തു പുറത്തായി.

പിന്നാലെ ക്രീസിലെത്തിയത് അരങ്ങേറ്റക്കാരന്‍ ബി സായ് സുദര്‍ശനാണ്. എന്നാല്‍ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് പോരാട്ടം താരത്തിനു നിരാശയാണ് നല്‍കിയത്. 4 പന്തുകള്‍ നേരിട്ട് സായ് പൂജ്യത്തിനു പുറത്തായി. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്തിനു പിടി നല്‍കിയാണ് സായ് മടങ്ങിയത്.

England vs India- Jasprit Bumrah delivers a crucial breakthrough for India, removing the well-set Ben Duckett just as the partnership with Ollie Pope was beginning to pile on pressure. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com