ആരാകും ആ അത്ഭുതം; പോരാട്ടം എംബാപ്പെയും കെയ്‌നും തമ്മില്‍

ഓരോ ലോകകപ്പിലും ടീമുകളുടെ ഗതിവിഗതികള്‍ നിര്‍ണയിച്ച യുവ രക്തങ്ങളുടെ പട്ടിക അവസാനിക്കാത്ത പ്രതിഭാസമാണ്
ആരാകും ആ അത്ഭുതം; പോരാട്ടം എംബാപ്പെയും കെയ്‌നും തമ്മില്‍

ഓരോ ലോകകപ്പും ഓരോ യുവ താരത്തെ സമ്മാനിക്കാറുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ കൊളംബിയന്‍ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച് സുവര്‍ണ പാദുകം സ്വന്തമാക്കി ജെയിംസ് റോഡ്രിഗസ് ലോക വേദിയില്‍ നിന്ന് നേരെ പോയത് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിലേക്കായിരുന്നു. 1998ല്‍ ഇംഗ്ലണ്ടിന്റെ മൈക്കല്‍ ഓവന്‍, 2010ല്‍ ജര്‍മനിയുടെ മെസുറ്റ് ഓസില്‍, തോമസ് മുള്ളര്‍, 2006ല്‍ ജര്‍മനിയുടെ ലൂക്കാസ് പൊഡോള്‍സ്‌കി, 2014ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഷഹ്ര്‍ദാന്‍ ഷാഖിരി... ഓരോ ലോകകപ്പിലും ടീമുകളുടെ ഗതിവിഗതികള്‍ നിര്‍ണയിച്ച യുവ രക്തങ്ങളുടെ പട്ടിക അവസാനിക്കാത്ത പ്രതിഭാസമാണ്. റഷ്യയിലും സ്ഥിതി വ്യത്യസ്തമല്ല. 
ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍, ഫ്രാന്‍സിന്റെ കെയ്‌ലിയന്‍ എംബാപ്പെ, മെക്‌സിക്കോയുടെ ഹിര്‍വിങ്  ലോസനോ, കൊളംബിയയുടെ യരി മിന, ഇംഗ്ലണ്ടിന്റെ ജോണ്‍ സ്‌റ്റോണ്‍സ്. റഷ്യന്‍ മണ്ണില്‍ ഇതുവരെ നടന്ന മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച യുവ താരത്തിനുള്ള പുരസ്‌കാരത്തിലേക്ക് ഈ അഞ്ച് പേര്‍ക്കാണ് ഏറ്റവും കൂടുതല്‍ സാധ്യത നിലനില്‍ക്കുന്നത്. ടീമിന്റെ തലവര മാറ്റാന്‍ കെല്‍പ്പുള്ള തരത്തില്‍ അവര്‍ തങ്ങളുടെ പ്രതിഭയെ അടയാളപ്പെടുത്തി കഴിഞ്ഞു. ഈ ലോകകപ്പില്‍ മിന്നും ഫോമില്‍ കളിച്ച 25 വയസില്‍ താഴെയുള്ള അഞ്ച് താരങ്ങളാണിവര്‍.

ഹാരി കെയ്ന്‍- ഇംഗ്ലണ്ട് (24 വയസ്)
ക്ലബ് ഫുട്‌ബോളിലെ മിന്നും പ്രകടനത്തോടെയാണ് കെയ്ന്‍ റഷ്യയിലെത്തിയത്. ടോട്ടനം ഹോട്‌സ്പറിന്റെ സമീപ കാലത്തെ കുതിപ്പിന്റെ പിന്നില്‍ കെയ്‌നിന്റെ ഗോളടി മികവാണ് ബലമായി  നില്‍ക്കുന്നത്. ഈ  ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ നായകനായി കളിക്കുന്ന കെയ്ന്‍ ഇതുവരെ ആറ് ഗോളുകള്‍ നേടി ടോപ് സ്‌കോറര്‍  പദവിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. രണ്ട് കളികളില്‍ നിന്നാണ് കെയ്ന്‍ അഞ്ച് ഗോളുകള്‍ വലയിലാക്കിയത്. ഇക്കഴിഞ്ഞ പ്രീമിയര്‍ ലീഗ് സീസണിന്റെ തുടക്കം മുതല്‍ കെയ്‌നായിരുന്നു ടോപ്  സ്്‌കോറര്‍ പദവിയില്‍. എന്നാല്‍  പരുക്കേറ്റ് കുറച്ചുനാള്‍  പുറത്തിരിക്കേണ്ടി  വന്നതോടെ അത് നഷ്ടമാകുകയായിരുന്നു. റഷ്യയില്‍ ഗോള്‍ഡന്‍ ബൂട്ട് കെയ്ന്‍ സ്വന്തമാക്കുമോ എന്ന് കാത്തിരുന്നു കാണാം. 

കെയ്‌ലിയന്‍ എംബാപ്പെ- ഫ്രാന്‍സ് (19)
അര്‍ജന്റീനയ്‌ക്കെതിരായ ഒറ്റ മത്സരം കൊണ്ട് ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍  തന്നിലേക്ക്  വലിച്ചടുപ്പിച്ചു കെയ്‌ലിയന്‍ എംബാപ്പെ. എണ്ണം പറഞ്ഞ രണ്ട് ഗോളിലൂടെ ഫ്രാന്‍സിന് വിജയവും സാക്ഷാല്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയ്ക്ക് പുറത്തേക്കുള്ള വഴിയും കാണിച്ചുകൊടുത്തു ഈ 19കാരന്‍. ലോകകപ്പില്‍ രണ്ട് ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഇതിഹാസ താരം പെലെയുടെ റെക്കോര്‍ഡിനൊപ്പമെത്താനും എംബാപ്പെയ്ക്കായി. എംബാപ്പെയും ക്ലബ് ഫുട്‌ബോളില്‍ കഴിഞ്ഞ രണ്ട് സീസണുകളിലായി നക്ഷത്ര തിളക്കത്തില്‍ നില്‍ക്കുന്നുണ്ട്. കഴിഞ്ഞ സീസണില്‍ മൊണാക്കോയെ ഫ്രഞ്ച് ലീഗ് വണില്‍  രണ്ടാം സ്ഥാനത്തെത്തിക്കുന്നതില്‍ നിര്‍ണായക സാന്നിധ്യമായി നിന്ന എംബാപ്പെ ഇത്തവണ പാരിസ് സെന്റ് ജെര്‍മെയ്‌നില്‍ നെയ്മര്‍ക്കും എഡിന്‍സന്‍ കവാനിക്കുമൊപ്പം നിന്ന് ടീമിനെ കിരീടത്തിലേക്ക് നയിച്ചു. വേഗതയാര്‍ന്ന നീക്കങ്ങളാണ് എംബാപ്പെയുടെ കരുത്ത്. ലോകകപ്പ്  തുടങ്ങും മുന്‍പ്  തന്നെ എംബാപ്പെ ഈ ലോകകപ്പിന്റെ താരമാകുമെന്ന് മിക്ക ഫുട്‌ബോള്‍ പണ്ഡിതരും വിലയിരുത്തിയിരുന്നു. ഈ ലോകകപ്പില്‍ ഇതുവരെ നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകളാണ് എംബാപ്പെ വലയിലാക്കിയത്. 

ഹിര്‍വിങ് ലോസനോ- മെക്‌സിക്കോ (22)
ജര്‍മനിയുടെ ലോകകപ്പ് നിലനിര്‍ത്തുകയെന്ന  സ്വപ്‌നത്തിന്റെ കടയ്ക്കല്‍ തന്നെ കത്തിവച്ച താരം എന്ന് ഒറ്റ വാക്കില്‍ ലോസനോയെ വിശേഷിപ്പിക്കാം. മനോഹരമായ ടീം ഗെയിമിലൂടെ മെക്‌സിക്കോ നടത്തിയ കൗണ്ടര്‍ അറ്റാക്കിന്റെ അവസാനം പിഴവില്ലാതെ പന്ത് വലയിലാക്കി ലോസനോ മെക്‌സിക്കോയുടെ അട്ടിമറി വിജയത്തിന് നേതൃത്വം നല്‍കി. ജര്‍മന്‍ നായകനും ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പറുമായ മാനുവല്‍ നൂയറുടെ കണക്കുകൂട്ടല്‍ തെറ്റിച്ചായിരുന്നു ലോസനോയുടെ ആ ഗോളിന്റെ പിറവി. മെക്‌സിക്കോ പുറത്തായെങ്കിലും നാല് മത്സരങ്ങളില്‍ നിന്ന് ഒരു ഗോളും ഒരു അസിസ്റ്റും സഹിതം ലോസനോ തന്റെ മൂല്യം അടിവരയിട്ടു. ഡച്ച് ടീം പി.എസ്.വി ഐന്തോവന്റെ താരമാണ് ലോസനോ. അരങ്ങേറ്റ സീസണില്‍ ക്ലബിനായി താരം 19 ഗോളുകളാണ് വലയിലാക്കിയത്. ലോകകപ്പ് കഴിഞ്ഞാല്‍ മറ്റ് യൂറോപ്യന്‍  വമ്പന്‍മാര്‍ താരത്തെ സ്വന്തമാക്കിയാലും അത്ഭുതപ്പെടാനില്ല. 

യരി മിന- കൊളംബിയ (23 വയസ്)
ജനുവരിയില്‍ സ്പാനിഷ് കരുത്തരായ ബാഴ്‌സലോണ ടീമിലെത്തിച്ച താരമാണ് യരി മിന. ഈ ലോകകപ്പില്‍  കൊളംബിയന്‍ മുന്നേറ്റത്തിലെ നിര്‍ണായക സാന്നിധ്യമാണ് ഈ 23 കാരന്‍. നാല് കളികളില്‍ നിന്ന് മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റും നടത്തിയ മിനയെ ബാഴ്‌സലോണ സ്വന്തമാക്കിയതില്‍ അത്ഭുതമില്ലെന്ന് താരം കളിച്ച് തെളിയിക്കുന്നു. പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തില്‍ നിശ്ചിത സമയത്തെ ഇംഗ്ലീഷ് വിജയം നീട്ടിയത് മിന അവസാന നിമിഷത്തില്‍ നേടിയ ഹെഡ്ഡര്‍ ഗോളായിരുന്നു. കൊളംബിയ പുറത്തായെങ്കിലും മിനയുടെ മികവ് ആരാധകര്‍ക്ക് ബോധ്യമായി. 

ജോണ്‍ സ്‌റ്റോണ്‍സ്- ഇംഗ്ലണ്ട് (24 വയസ്)
ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ മുന്നേറ്റങ്ങള്‍ക്ക് ക്യാപ്റ്റന്‍ കെയ്‌നിനൊപ്പം നിര്‍ണായക  പങ്കാളിത്തമാണ് ജോണ്‍ സ്‌റ്റോണ്‍സിനുള്ളത്. മൂന്ന് കളികളില്‍ നിന്ന് രണ്ട് ഗോളുകളാണ് സ്‌റ്റോണ്‍സ് വലയിലാക്കിയത്. രണ്ടും ഹെഡ്ഡറിലൂടെയാണെന്നതും ശ്രദ്ധേയം. പാസിങിലെ കൃത്യതയാണ് ജോണ്‍ സ്‌റ്റോണ്‍സിന്റെ മറ്റൊരു  സവിശേഷത. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമാണ് സ്‌റ്റോണ്‍സ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com