പുതുയുഗപ്പിറവി കാത്ത് അര്‍ജന്റീന ആരാധകര്‍; വരുമോ ഗെര്‍ഡിയോള

ലോകകപ്പില്‍ നിന്ന് അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ തന്നെ പുറത്തായിക്കഴിഞ്ഞെങ്കിലും ടീമിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല
പുതുയുഗപ്പിറവി കാത്ത് അര്‍ജന്റീന ആരാധകര്‍; വരുമോ ഗെര്‍ഡിയോള

ബ്യൂണസ് അയേഴ്‌സ്: ലോകകപ്പില്‍ നിന്ന് അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ തന്നെ പുറത്തായിക്കഴിഞ്ഞെങ്കിലും ടീമിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. ലോകകപ്പില്‍ അര്‍ജന്റീനയുടെ മത്സരങ്ങള്‍ നടക്കുമ്പോള്‍ പോലും പരിശീലകന്‍ യോര്‍ഗെ സാംപോളിയും കളിക്കാരും തമ്മില്‍ നല്ല ബന്ധത്തിലല്ലെന്ന  വാര്‍ത്തകളുണ്ടായിരുന്നു. ടീം പുറത്തായതിന് പിന്നാലെ സെര്‍ജിയോ അഗ്യെറോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത നന്ദിയറിച്ചുള്ള കുറിപ്പില്‍  ടീമിലെ പാചകക്കാരനെ വരെ സംബോധന ചെയ്തപ്പോള്‍ അവിടെയും സംപോളിയെ പറ്റി ഒരു പരാമര്‍ശവും ഇല്ലായിരുന്നു. അര്‍ജന്റീനയെ സൗജന്യമായി പരിശീലിപ്പിക്കാമെന്ന വാഗ്ദാനവുമായി ഇതിഹാസ താരം മറഡോണ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സാംപോളി സ്ഥാനമൊഴിയാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകളും വരുന്നുണ്ട്.

എന്തായാലും പരിശീലക വിഷയത്തില്‍ പുതിയ റിപ്പോര്‍ട്ടുകളും ഇപ്പോള്‍ വന്നുതുടങ്ങി. ബാഴ്‌സലോണയെ വിസ്മയ നേട്ടങ്ങളിലേക്ക് നയിച്ച, മെസിയെ ഇന്നത്തെ ഇതിഹാസ സമാനനായി ഉയര്‍ത്തിയ സാക്ഷാല്‍ പെപ് ഗെര്‍ഡിയോള അര്‍ജന്റീനയുടെ പരിശീലക സ്ഥാനത്തേക്കെത്തിയേക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍. ഓരോ വര്‍ഷവും 83 കോടി രൂപയോളം വാഗ്ദാനം ചെയ്താണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഗെര്‍ഡിയോളക്കായി ചരടു വലിക്കുന്നത്. 2022ലെ ഖത്തര്‍ ലോകകപ്പ് മുന്നില്‍ കണ്ടാണ് ഈ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയിലും അര്‍ജന്റീനയിലും കളിക്കുന്ന സെര്‍ജിയോ അഗ്യെറോയാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും ഗെര്‍ഡിയോള വരുന്നത് മെസിയുടെ കൂടി സമ്മതത്തോടെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 

അതേസമയം നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്  ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനാണ് ഗെര്‍ഡിയോള. 2021 വരെ ഗാര്‍ഡിയോളക്ക് മാഞ്ചസ്റ്റര്‍ സിറ്റിയുമായി കരാറുമുണ്ട്. അതുകൊണ്ടു തന്നെ സിറ്റിയുമായുള്ള ബന്ധം ഉപേക്ഷിച്ചു വേണം ഗെര്‍ഡിയോളക്ക് അര്‍ജന്റീനയുടെ പരിശീലക കുപ്പായമണിയാന്‍. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. എന്തായാലും ഗെര്‍ഡിയോള വരികയാണെങ്കില്‍ അത് അര്‍ജന്റീന ഫുട്‌ബോളിന്റെ പുതുയുഗപ്പിറവിയായിരിക്കും എന്നുതന്നെ ആരാധകര്‍ വിശ്വസിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com