ഒടുവില്‍ മറഡോണയ്ക്ക്  മഞ്ഞക്കാര്‍ഡ്; അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുത്,റഫറിയുടെ തീരുമാനത്തില്‍ തെറ്റില്ലെന്നും ഫിഫ 

വിമര്‍ശനങ്ങള്‍ അതിരുകടക്കുന്നുവെന്നും ഫുട്‌ബോളിന്റെ ചരിത്രം തന്നെ എഴുതിയ കളിക്കാരനില്‍ നിന്നും ഇത് പ്രതീക്ഷിക്കുന്നില്ലെന്നുമാണ് ഫിഫ
ഒടുവില്‍ മറഡോണയ്ക്ക്  മഞ്ഞക്കാര്‍ഡ്; അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുത്,റഫറിയുടെ തീരുമാനത്തില്‍ തെറ്റില്ലെന്നും ഫിഫ 

മോസ്‌കോ:  മറഡോണയോട് ക്ഷമിച്ച് അവസാനം ഫിഫയ്ക്കും പിടിവിട്ടു. വിമര്‍ശനങ്ങള്‍ അതിരുകടക്കുന്നുവെന്നും ഫുട്‌ബോളിന്റെ ചരിത്രം തന്നെ എഴുതിയ കളിക്കാരനില്‍ നിന്നും ഇത് പ്രതീക്ഷിക്കുന്നില്ലെന്നുമാണ് ഫിഫ തുറന്നടിച്ചത്. ഇംഗ്ലണ്ട്- കൊളംബിയ മത്സരത്തില്‍ റഫറി ജീജര്‍മാര്‍ക്ക് ഇംഗ്ലണ്ടിന് വിജയം കവര്‍ന്ന് നല്‍കി എന്നായിരുന്നു മറഡോണയുടെ ആരോപണം. ഇംഗ്ലണ്ട് പെനാല്‍റ്റി അര്‍ഹിച്ചിരുന്നില്ലെന്നും  മറഡോണ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

 ലോകകപ്പില്‍ ഫിഫയുടെ വിഐപി അംബാസഡറായാണ് മറഡോണ പങ്കെടുക്കുന്നത്. ഈ ലോകകപ്പില്‍ മറഡോണ സൃഷ്ടിച്ച വിവാദങ്ങളിലൊന്നും ഫിഫ ഇതുവരെ ഇടപെട്ടിരുന്നില്ല. അര്‍ജന്റീന- ഐസ്ലന്‍ഡ് കളിക്കിടെ ദക്ഷിണകൊറിയന്‍ കാണിയെ മോശം ആംഗ്യം കാണിച്ചതിന്  മറഡോണ പിന്നീട് മാപ്പു പറഞ്ഞിരുന്നു.നൈജീരിയയ്‌ക്കെതിരായ മത്സരത്തില്‍ അര്‍ജന്റീന വൈകി ഗോളടിച്ചപ്പോഴും മറഡോണ അശ്ലീല ആംഗ്യം കാണിച്ചതും  വിവാദമായിരുന്നു. വിവാദങ്ങളില്‍ കാര്യമില്ലെന്നും മാധ്യമങ്ങള്‍ വാര്‍ത്തയ്ക്ക് വേണ്ടി മെനയുന്ന കഥകളാണ് അതെന്നുമാണ് മറഡോണ ഇതിനോട് പ്രതികരിച്ചത്.

കളിക്കാരനായിരുന്നപ്പോഴും കോച്ചായിരുന്നപ്പോഴും ഫിഫയുമായി അത്ര നല്ല ബന്ധമായിരുന്നില്ല മറഡോണയ്ക്ക് ഉണ്ടായിരുന്നത്. നിരോധിച്ച ലഹരിവസ്തുക്കളുടെ ഉപയോഗത്തെ തുടര്‍ന്ന് 1994 ലെ ലോകകപ്പില്‍ നിന്നും മറഡോണയെ തിരിച്ചയച്ചിരുന്നു. ഫിഫ മുന്‍ പ്രസിഡന്റായ സെപ് ബ്ലാറ്ററുടെ കടുത്ത വിമര്‍ശകനായിരുന്ന മറഡോണ 2016 ല്‍ ഗിയാനി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയതോടെയാണ് ഫിഫയുമായി വീണ്ടും സഹകരിക്കാന്‍ തുടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com