ഗെരത് സൗത്ത്‌ഗേറ്റ് ഹിറ്റായി; അദ്ദേഹത്തിന്റെ വെയ്‌സ്റ്റ്‌കോട്ട് സൂപ്പര്‍ ഹിറ്റും 

ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം കോച്ച് ഗെരത് സൗത്ത്‌ഗേറ്റാണ് ഇംഗ്ലീഷുകാര്‍ക്കിടയില്‍ ഇപ്പോള്‍ ഹീറോ
ഗെരത് സൗത്ത്‌ഗേറ്റ് ഹിറ്റായി; അദ്ദേഹത്തിന്റെ വെയ്‌സ്റ്റ്‌കോട്ട് സൂപ്പര്‍ ഹിറ്റും 

ലണ്ടന്‍: ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം കോച്ച് ഗെരത് സൗത്ത്‌ഗേറ്റാണ് ഇംഗ്ലീഷുകാര്‍ക്കിടയില്‍ ഇപ്പോള്‍ ഹീറോ. ചരിത്രത്തിലാദ്യമായി നോക്കൗട്ടിലെ പെനാല്‍റ്റി കടമ്പ മറികടക്കാന്‍ വഴിയൊരുക്കിയ തന്ത്രജ്ഞനായ കോച്ചാണ് അവര്‍ക്ക് സൗത്ത്‌ഗേറ്റ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പ്രമുഖ ടീമുകള്‍ക്കായി അണിനിരക്കുന്ന യുവ താരങ്ങളെ വച്ച് അദ്ദേഹം റഷ്യന്‍ മണ്ണില്‍ സുന്ദരന്‍ ഫുട്‌ബോളുമായി ആരാധകരെ ആനന്ദിപ്പിക്കുകയാണ്. അദ്ദേഹത്തിനൊപ്പം ഇംഗ്ലണ്ടില്‍ ഇപ്പോള്‍ വമ്പന്‍ ഹിറ്റായി മുന്നേറുകയാണ് സൗത്ത്‌ഗേറ്റ് ധരിക്കുന്ന വെയ്സ്റ്റ്‌കോട്ടും. 

ഇംഗ്ലണ്ട് കൊളംബിയയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍ കടന്നതിനു പിന്നാലെയാണ് സൗത്ത്‌ഗേറ്റ് സ്ഥിരം ധരിക്കുന്ന വെയ്സ്റ്റ്‌കോട്ട് ബ്രിട്ടീഷുകാര്‍ക്കിടയില്‍ ഹിറ്റില്‍ നിന്ന് സൂപ്പര്‍ ഹിറ്റിലേക്ക് കടന്നത്. റഷ്യന്‍ ലോകകപ്പ് തുടങ്ങിയപ്പോള്‍ മുതല്‍ സൗത്ത്‌ഗേറ്റ് ധരിക്കുന്നതു പോലുള്ള വെയ്സ്റ്റ്‌കോട്ട് അന്വേഷിച്ച് ആളുകളെത്തിയിരുന്നു എന്ന് കച്ചവടക്കാര്‍ പറയുന്നു. കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആധികാരികമായി തന്നെ മറികടന്നതോടെ കോട്ടിന്റെ വില്‍പ്പനയും കൂടി. ഇംഗ്ലണ്ട് ലോകകപ്പ് കിരീട സാധ്യത സജീവമാക്കിയതോടെ കോട്ട് വില്‍പ്പനയില്‍ 35 ശതമാനം വരെയാണ് വര്‍ധനവുണ്ടായിരിക്കുന്നതെന്നും കച്ചവടക്കാര്‍ സാക്ഷ്യം പറയുന്നു. 

വമ്പന്‍ താരങ്ങളുമായി എത്തി നിരാശരായി മടങ്ങുന്ന ഇംഗ്ലണ്ട് ടീമിനെയാണ് കഴിഞ്ഞ കുറച്ച് ലോകകപ്പുകളിലായി ആരാധകര്‍ കാണാറുള്ളത്. പതിവ് ആലസ്യം വിട്ടൊഴിഞ്ഞ ചുറുചുറുക്കുള്ള ഒരു സംഘം കളിക്കാരുമായി റഷ്യയിലെത്തി സൗത്ത്‌ഗേറ്റ് നിശബ്ദം വിപ്ലവം തീര്‍ക്കുന്നുണ്ട് സത്യത്തില്‍. ആ വെയ്‌സ്റ്റ്‌കോട്ട് പോലെ കിരീട വിജയവുമായി മുന്‍ പ്രതിരോധ താരം വോള്‍ഗയുടെ തീരത്ത് ഹിറ്റാകുമോ എന്നാണ് ഇനി അറിയാനുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com