യുറഗ്വായ് പോസ്റ്റില്‍ നിറയൊഴിച്ച് ഫ്രാന്‍സ്; ഒരു ഗോളിന് മുന്‍പില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th July 2018 08:17 PM |
Last Updated: 06th July 2018 08:17 PM | A+A A- |

നിഷ്‌നി: ലോകകപ്പ് ആവേശം വാനോളം ഉയര്‍ത്തി തുടക്കമിട്ട ക്വാര്‍ട്ടര്‍ പോരാട്ടത്തിലെ ആദ്യമത്സരത്തില്‍ യുറഗ്വായ്‌ക്കെതിരെ ഫ്രാന്‍സ് ഒരു ഗോളിന് മുന്‍പില്‍. 40 ആം മിനിറ്റില്‍ റാഫേല്‍ വരാനെയാണ് ഫ്രാന്‍സിന് വേണ്ടി ഗോള്‍ നേടിയത്.
കളിയുടെ ആദ്യപകുതി പൂര്‍ത്തിയാവാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കേ ഫ്രാന്‍സ് ആധിപത്യം തുടരുന്നതാണ് ദൃശ്യമാകുന്നത്. ആക്രമണത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് പ്രതിരോധക്കരുത്തില്‍ ഫ്രാന്‍സിനെ ഒപ്പം പിടിക്കുന്ന യുറഗ്വായെയാണ് കളിക്കളത്തില്‍ കാണുന്നത്.
ഫ്രാന്‍സിനെ നേരിടാന്‍ ഇറങ്ങുന്ന ഉറുഗ്വേ നിരയില്‍ സ്റ്റാര്‍ സ്‌്രൈടക്കര്‍ കവാനി ഇല്ല എന്നതാണ് ഏറ്റവും സുപ്രധാന കാര്യം. കഴിഞ്ഞ മത്സരത്തില്‍ ഏറ്റ പരിക്കാണ് കവാനിയെ ഇന്ന് പുറത്തിരുത്തുന്നത്. കവാനിക്ക് പകരം ക്രിസ്റ്റ്യന്‍ സ്റ്റുവാനി ആണ് ഉറുഗ്വേ ആദ്യ ഇലവനില്‍ എത്തിയത്. പോര്‍ച്ചുഗലിനെതിരെ കവാനിക്ക് പരിക്കേറ്റപ്പോള്‍ പകരക്കാരനായി എത്തിയതും സ്റ്റുവാനി ആയിരുന്നു. ഫ്രഞ്ച് നിരയില്‍ മറ്റിയുഡിക്ക് പകരക്കാരനായി ടൊലീസോയും എത്തി.
ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്കെതിരെ ലോകകപ്പില്‍ അവസാനം കളിച്ച ഒന്‍പതു മല്‍സരങ്ങളിലും ഫ്രാന്‍സ് തോറ്റിട്ടില്ല. അഞ്ചെണ്ണം അവര്‍ ജയിച്ചപ്പോള്‍ നാലെണ്ണം സമനിലയില്‍ അവസാനിച്ചു. ലോകകപ്പില്‍ അവസാനം കളിച്ച നാലു കളികളും യുറഗ്വായ് ജയിച്ചിട്ടുണ്ട്. അതേസമയം, ഏറ്റവും ഒടുവില്‍ തുടര്‍ച്ചയായി അവര്‍ ലോകകപ്പില്‍ അഞ്ചു മല്‍സരം ജയിച്ചത് 195054 കാലഘട്ടത്തിലാണ്. മാത്രമല്ല, ഒരു ലോകകപ്പില്‍ തുടര്‍ച്ചയായി അഞ്ചു മല്‍സരം ജയിച്ച ചരിത്രം യുറഗ്വായ്ക്കില്ല താനും.