കാത്തിരിക്കൂ, കാല്‍പന്തിന്റെ വിസ്‌ഫോടനങ്ങള്‍ക്കായ്; കാണാം എട്ടിന്റെ കളി

ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഇന്നും നാളെയുമായി അരങ്ങേറും. 32ല്‍ നിന്ന് എട്ടിലേക്കെത്തുമ്പോള്‍ രണ്ട് ലാറ്റിനമേരിക്കക്കാരും ആറ് യൂറോപ്യന്‍കാരുമാണ് രംഗത്തുള്ളത്
കാത്തിരിക്കൂ, കാല്‍പന്തിന്റെ വിസ്‌ഫോടനങ്ങള്‍ക്കായ്; കാണാം എട്ടിന്റെ കളി


മോസ്‌ക്കോ: ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഇന്നും നാളെയുമായി അരങ്ങേറും. 32ല്‍ നിന്ന് എട്ടിലേക്കെത്തുമ്പോള്‍ രണ്ട് ലാറ്റിനമേരിക്കക്കാരും ആറ് യൂറോപ്യന്‍കാരുമാണ് രംഗത്തുള്ളത്. ഫൈനലില്‍ ഒരു യൂറോപ്യന്‍ ടീം എത്തുമെന്ന് ഉറപ്പ്. 

ഇന്ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ ഉറുഗ്വെ- ഫ്രാന്‍സുമായും ബ്രസീല്‍- ബെല്‍ജിയവുമായും ഏറ്റുമുട്ടും. രാത്രി 7.30നാണ് ഉറുഗ്വെ- ഫ്രാന്‍സ് മത്സരം. രാത്രി 11.30നാണ് ബ്രസീല്‍- ബെല്‍ജിയം ക്ലാസിക്ക്. 

നാളെ ആതിഥേയരായ റഷ്യ- ക്രൊയേഷ്യയുമായി രാത്രി 7.30നും സ്വീഡന്‍- ഇംഗ്ലണ്ടുമായി 11.30നും നേര്‍ക്കുനേര്‍ എത്തും. നാല് മുന്‍ ചാംപ്യന്‍മാരും കന്നി ലോകകപ്പിനായി കൊതിക്കുന്ന നാല് ടീമുകളും എന്നതാണ് ക്വാര്‍ട്ടറിന്റെ സവിശേഷത. 

സെവന്‍ അപ്പ് ദുരന്തം പഴങ്കഥയാക്കി ബ്രസീല്‍. പഴയതെല്ലാം മറക്കാന്‍ ഓര്‍മ്മിപ്പിച്ച് ഹാരി കെയ്‌നിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട്. എതിരാളികള്‍ക്ക് ചങ്കിടിപ്പ് സമ്മാനിച്ച് ബെല്‍ജിയം. അട്ടിമറി ഭീഷണിയുമായി റഷ്യ. ആക്രമണവും പ്രതിരോധവും സമ്മേളിപ്പിച്ച് ഉറുഗ്വെ. യുവ രക്തങ്ങളുടെ കരുത്തില്‍ ഫ്രാന്‍സ്. സംഘ ബലത്തിന്റെ ശക്തിയില്‍ സ്വീഡന്‍. മധ്യനിരയുടെ ഭാവനാ സമ്പത്തില്‍ ലയിച്ച് ക്രൊയേഷ്യ.  

ഇനി ക്ലാസിക്ക് പോരാട്ടങ്ങളാണ് വരാനിരിക്കുന്നത്. ക്വാര്‍ട്ടറിലും സെമിയിലും ലൂസേഴ്‌സ് ഫൈനലിലും ഫൈനലിലും അത് കണ്‍കുളിര്‍ക്കെ കാണാം. അവസാന നിമിഷം വരെ പൊരുതിയവരാണ് എട്ട് പടകളും. 

സെമിയില്‍ ഫ്രാന്‍സ്- ബ്രസീല്‍, ഫ്രാന്‍സ്- ബെല്‍ജിയം, ബ്രസീല്‍- ഉറുഗ്വെ, ബെല്‍ജിയം- ഉറുഗ്വെ ഇതില്‍ ഒന്ന് സംഭവിക്കും. 
രണ്ടാം സെമിയില്‍ റഷ്യ- സ്വീഡന്‍, റഷ്യ- ഇംഗ്ലണ്ട്, ക്രൊയേഷ്യ- ഇംഗ്ലണ്ട്, ക്രൊയേഷ്യ- സ്വീഡന്‍ പോരാട്ടങ്ങളിലൊന്ന് വരും. 

ഉറുഗ്വെ- ഫ്രാന്‍സ് 

കവാനിയുടെ അസാന്നിധ്യം ഏതാണ്ട് ഉറപ്പായ മട്ടാണ്. പ്രീ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെതിരേ രണ്ട് എണ്ണം പറഞ്ഞ ഗോളുകള്‍ വലയിലാക്കിയതിന്റെ പിന്നാലെ പരുക്കേറ്റ് മടങ്ങിയ താരത്തിന്റെ അഭാവത്തില്‍ ലൂയീസ് സുവാരസിന് അധ്വാനം കൂടും. ഗ്രൂപ്പ് റൗണ്ടിലും പ്രീ ക്വാര്‍ട്ടറിലും സ്ഥിരതയുള്ള പ്രകടനമായിരുന്നു ഉറുഗ്വെയുടേത്. ലോകകപ്പിന്റെ തുടക്കക്കാലത്ത് സൃഷ്ടിച്ച ഇരട്ട കിരീട നേട്ടം കാലങ്ങള്‍ക്കിപ്പുറം ആവര്‍ത്തിക്കാനുള്ള സുവര്‍ണാവസരമാണ് ഉറുഗ്വെയ്ക്കുള്ളത്. അവര്‍ക്കതിന് സാധിക്കുമോ എന്നാണ് അറിയേണ്ടത്. അതിന് ഇന്ന് ജയിച്ച് തന്നെ മുന്നേറണം. 

യുവതയുടെ അതിവേഗ കരുത്തിലാണ് മറുഭാഗത്ത് ഫ്രാന്‍സ് നില്‍ക്കുന്നത്. ഫ്രാന്‍സിന്റെ വേഗതയെ നായകന്‍ ഡീഗോ ഗോഡിന്റെ നേതൃത്വത്തിലുള്ള ഉറുഗ്വെ പ്രതിരോധം എങ്ങനെ തടയും എന്നതിലാണ് ഈ മത്സരത്തിന്റെ ഭാഗധേയം നിര്‍ണയിക്കപ്പെടുക. കെയ്‌ലിയന്‍ എംബാപ്പെയുടെ വേഗമാനങ്ങളെ അളക്കാന്‍ വന്ദ്യവയോധികനായ ഉറുഗ്വെ കോച്ച് ഓസ്‌കാര്‍ ടബാരസ് എന്ത് തന്ത്രമായിരിക്കും കരുതിയിരിക്കുന്നത്. പക്ഷേ എംബാപ്പെയെ പൂട്ടിയാലും സൂത്രശാലിയായ ഗ്രിസ്മാനും ഗോള്‍ മുഖം വിറപ്പിക്കുന്ന ജിറൂദിനും എന്ത് ഉത്തരം നല്‍കും ലാറ്റിനമേരിക്കന്‍ കരുത്തര്‍. മധ്യനിര നിയന്ത്രിക്കുന്ന എന്‍ഗാളോ കാണ്ടെയുടെ വിസ്മയ സാന്നിധ്യവും ഫ്രഞ്ച് നിരയ്ക്ക് അധിക ബലം നല്‍കുന്നു. പക്ഷേ തികഞ്ഞ ഫോമിലേക്ക് എത്താത്ത ഫ്രാന്‍സിന്റെ കൂട്ടംതെറ്റലിലാണ് പ്രഥമ ചാംപ്യന്‍മാര്‍ കണ്ണുവച്ചിരിക്കുന്നത്.

ബ്രസീല്‍- ബെല്‍ജിയം

ഈ പോരാട്ടം ലോകം പ്രതീക്ഷിച്ചത് ഫൈനലിലായിരുന്നു. പക്ഷേ ക്വാര്‍ട്ടറില്‍ തന്നെ സംഭവിച്ചിരിക്കുന്നു. ഉത്തരം ലളിതമാണ്. ഒരു പക്ഷേ രണ്ടില്‍ ഒരാള്‍ക്ക്‌ലോകകപ്പില്‍ മുത്തമിടാം. 

പയറ്റിത്തെളിഞ്ഞാണ് ബ്രസീല്‍ മാറ്ററിയിച്ചത്. കഴിഞ്ഞ ലോകകപ്പിലെ ദുരന്തത്തില്‍ നിന്ന് എത്രമാത്രം മുന്നേറിയെന്ന് കളത്തില്‍ അവര്‍ ബോധ്യപ്പെടുത്തി കഴിഞ്ഞു. യുവത്വത്തിന്റെ വീറും വാശിയും ആവോളം നിറച്ചാണ് ഹെഡ്ഡ് മാസ്റ്റര്‍ ടിറ്റെ ടീമിനെ നിര്‍ത്തിയിക്കുന്നത്. വീഴ്ചകളും അഭിനയ മുഹൂര്‍ത്തങ്ങളുമായി സൂപ്പര്‍ താരം നെയ്മര്‍ ഒരു ഭാഗത്ത് പരിഹാസം ഏറ്റുവാങ്ങുന്നുണ്ടെങ്കിലും അതൊന്നും അയാളുടെ കളിയെ ബാധിച്ചിട്ടില്ലെന്ന് പ്രീ ക്വാര്‍ട്ടറില്‍ കണ്ടു. ജര്‍മനിയെ വിറപ്പിച്ച മെക്‌സിക്കന്‍ തിരമാലകളെ കക്ഷി പുല്ലുപോലെയാണ് വലിച്ചെറിഞ്ഞത്. തീര്‍ന്നിട്ടില്ല വില്ല്യനും കുട്ടീഞ്ഞോയും പൗലീഞ്ഞോയും എല്ലാവരും മിന്നും ഫോമിലാണ്. ഓരോ മത്സരം കഴിയും തോറും എതിര്‍ പാളയത്തിന് ഭീതി സമ്മാനിച്ചാണ് സെലക്കാവോകള്‍ വരുന്നത്. രണ്ട് മഞ്ഞക്കാര്‍ഡ് കണ്ടതിനാല്‍ കാസമിറോ ഇന്ന് കളിക്കില്ല. പക്ഷേ മാഴ്‌സലോ, ഡഗ്ലസ് കോസ്റ്റ എന്നിവര്‍ പരുക്ക് മാറി തിരിച്ചെത്തും. 

ജപ്പാന്റെ രണ്ട് തുടരന്‍ ഗോളില്‍ പിന്നിലായിപ്പോയിട്ടും മൂന്ന് ഗോള്‍ നേടി പൊരുതി കയറിയ ബെല്‍ജിയത്തിന്റെ കരളുറപ്പിലുണ്ട് അവരുടെ ശക്തിയുടെ ആഴം. ആ ആഴത്തെയാണ് ഇന്ന് കാനറികള്‍ ചിറകടിച്ച് കാറ്റില്‍ പറത്തേണ്ടത്. മാരക ഫോമില്‍ ലുകാകു മുന്നില്‍ നില്‍ക്കുന്നു. ഒത്തൊരുമിപ്പിക്കാന്‍ ക്യാപ്റ്റന്‍ ഈദന്‍ ഹസാദ്, ഏകോപനവുമായി ഡി ബ്രുയ്ന്‍, പ്രതിരോധത്തില്‍ വിശ്വസ്ത സാന്നിധ്യമായി വിന്‍സന്റ് കോംപനി. പകരക്കാരനായാലും ഇറങ്ങിയാല്‍ കരുത്തറിയിക്കുന്ന ജനുസജ്. അണിയറയില്‍ തന്ത്രങ്ങളുടെ സമ്പത്തുമായി സ്പാനിഷ് കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com