നെയ്മര്‍ കളത്തില്‍ ചെലവഴിച്ചത് 360 മിനുട്ടുകള്‍; ഉരുളാന്‍ എടുത്തത് 14 മിനുട്ട്

നെയ്മര്‍ ഉരുളാനെടുക്കുന്ന സമയമാണ് ഇപ്പോള്‍ ചിലരുടെ ഗവേഷണ വിഷയം. നാല് മത്സരങ്ങളാണ് ഇതുവരെ റഷ്യയില്‍ ബ്രസീല്‍ കളിച്ചത്. നാലിലും നെയ്മര്‍ ആവോളം ഉരുളുകയും ചെയ്തു
നെയ്മര്‍ കളത്തില്‍ ചെലവഴിച്ചത് 360 മിനുട്ടുകള്‍; ഉരുളാന്‍ എടുത്തത് 14 മിനുട്ട്

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തതും ട്രോളി ശരിപ്പെടുത്തിയതും ഒരേയൊരു കാര്യമാണ്. ഫൗളിന് വിധേയനായി വീഴുമ്പോള്‍ നെയ്മര്‍ പുറത്തെടുക്കുന്ന അഭിനയ മികവ്. മുന്‍ ഇതിഹാസങ്ങള്‍ വരെ ഉപദേശവുമായി രംഗത്തെത്തിയിട്ടും നെയ്മര്‍ അതിനെയൊന്നും വകവെച്ച മട്ടില്ല. അതവിടെ നില്‍ക്കട്ടെ. 

ഫുട്‌ബോള്‍ മൈതാനത്ത് ഒരു താരം പന്തുമായി കുതിക്കാനെടുക്കുന്ന സമയവും ഗോളിന്റെ വേഗതയും പാസുകളുടെ എണ്ണവും തുടങ്ങി അനേകം വിഷയങ്ങള്‍ ചില ഗണിത പണ്ഡിതര്‍ കൂലങ്കുഷമായി ചന്തിച്ച് ആരാധകര്‍ക്കായി പുറത്തുവിടാറുണ്ട്. അത്തരം കണക്കുകളും അവിടെ നില്‍ക്കട്ടെ. ഇത് പുതിയൊരു കണക്കാണ്. നെയ്മര്‍ ഉരുളാനെടുക്കുന്ന സമയമാണ് ഇപ്പോള്‍ ചിലരുടെ ഗവേഷണ വിഷയം. നാല് മത്സരങ്ങളാണ് ഇതുവരെ റഷ്യയില്‍ ബ്രസീല്‍ കളിച്ചത്. നാലിലും നെയ്മര്‍ ആവോളം ഉരുളുകയും ചെയ്തു. അതിന്റെ കണക്കാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ആകെ ഉരുണ്ടു കളിക്കാന്‍ നെയ്മര്‍ ചെലവിട്ടതു 14 മിനുട്ട്. ശരാശരി 840 സെക്കന്‍ഡാണ് നെയ്മര്‍ ഓരോ കളിയിലും ഉരുളാന്‍ മാത്രം എടുത്തത്. പ്രീ ക്വാര്‍ട്ടര്‍ വരെ നാല് മത്സരങ്ങളിലായി 360 മിനിട്ടുകള്‍ നെയ്മര്‍ കളത്തില്‍ ചെലവഴിച്ചു. 

മുന്‍ താരങ്ങളെല്ലാം ഇതിനെ വിമര്‍ശിച്ചപ്പോള്‍ നെയ്മറിനെ പിന്തുണച്ച് രംഗത്തെത്തിയത് ബ്രസീലിന്റെ പഴയ സൂപ്പര്‍ സ്റ്റാര്‍ റൊണാള്‍ഡോയാണ്. ഇതൊന്നും അഭിനയമല്ലെന്നും റഫറിമാര്‍ അദ്ദേഹത്തെ അവഗണിക്കുന്നതു കൊണ്ട് തോന്നുന്നതാണെന്നുമാണ് ബ്രസീലിന്റെ ഇതിഹാസ താരമായിരുന്ന റൊണാള്‍ഡോയുടെ പക്ഷം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com