ആക്രമണം- പ്രതിരോധം; കാണാം യൂറോപ്യന്‍ ക്വാര്‍ട്ടര്‍

രാത്രി 7.30ന് സ്വീഡന്‍- ഇംഗ്ലണ്ട് പോരാട്ടവും രാത്രി 11.30ന് റഷ്യ- ക്രൊയേഷ്യ മത്സരവും അരങ്ങേറും
ആക്രമണം- പ്രതിരോധം; കാണാം യൂറോപ്യന്‍ ക്വാര്‍ട്ടര്‍

മോസ്‌കോ: ലോകകപ്പിലെ ശേഷിക്കുന്ന രണ്ട് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇന്ന്. രാത്രി 7.30ന് സ്വീഡന്‍- ഇംഗ്ലണ്ട് പോരാട്ടവും രാത്രി 11.30ന് റഷ്യ- ക്രൊയേഷ്യ മത്സരവും അരങ്ങേറും. 

സ്വീഡന്‍- ഇംഗ്ലണ്ട്
കാലങ്ങളായി ലോക വേദിക്കന്യമായ ഒരു ഇംഗ്ലണ്ടിനേയും സ്വീഡനേയുമാണ് ഇത്തവണ റഷ്യയില്‍ കണ്ടത് എന്നതിനാല്‍ ഇന്നത്തെ ആദ്യ ക്വാര്‍ട്ടറിന് വീറും വാശിയും ഏറും. സുവര്‍ണ പാദുകം സ്വന്തമാക്കാനായി ആറ് ഗോളുകളുമായി കുതിക്കുന്ന നായകന്‍ ഹാരി കെയ്‌നിന്റെ നേതൃത്വത്തിലുള്ള ആക്രമണ ഫുട്‌ബോളാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. ഈ മുന്നേറ്റത്തെ പ്രതിരോധ പൂട്ടിട്ട് നിര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് സ്വീഡന്‍. 

ഇംഗ്ലണ്ടും സ്വീഡനും തമ്മില്‍ ഇതുവരെ 23 തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. ഇരു ടീമുകളും ഏഴു ജയം വീതം സ്വന്തമാക്കി. ഒന്‍പത് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. 1994ലെ യു.എസ് ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാരായതാണ് സ്വീഡന്റെ ഏറ്റവും മികച്ച ലോകകപ്പ് മുന്നേറ്റം. ഒരുവട്ടം ചാമ്പ്യന്‍മാരായിട്ടുള്ള ഇംഗ്ലണ്ടിന് 1990ന് ശേഷം ആദ്യമായി സെമി കളിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. എമില്‍ ഫോഴ്‌സ്ബര്‍ഗിന്റെ ഒറ്റ ഗോളില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ തോല്‍പ്പിച്ചാണ് സ്വീഡന്‍ ക്വാര്‍ട്ടറില്‍ കടന്നത്. കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടറുപ്പിച്ചത്. 

റഷ്യ- ക്രൊയേഷ്യ
സ്വന്തം നാട്ടുകാരുടെ മുന്നില്‍ കളിക്കുന്നതിന്റെ അധിക ആനുകൂല്യം മുതലാക്കാനൊരുങ്ങിയാണ് റഷ്യ ക്വാര്‍ട്ടറിനൊരുങ്ങുന്നത്. മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയിനിനെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസം ഇന്ന് ക്രൊയേഷ്യക്കെതിരേ തുണയാകുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ക്രൊയേഷ്യയുടെ ഹൈലൈറ്റ്  ലോകത്തിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളായ നായകന്‍ ലൂക്ക മോഡ്രിച്ചും ഇവാന്‍ റാക്കിറ്റിചുമാണ്. 

ഇരു ടീമുകളും തമ്മില്‍ നേര്‍ക്കുനേര്‍ മൂന്നുവട്ടം ഏറ്റുമുട്ടി. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ ഒരു തവണ ക്രൊയേഷ്യ വിജയിച്ചു. ഇരു പക്ഷത്തേയും ഗോള്‍ കീപ്പര്‍മാരുടെ മികവാണ് അവരുടെ ക്വാര്‍ട്ടര്‍ ബര്‍ത്തിന്റെ അടിസ്ഥാനം. ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ സുബാസിചും റഷ്യന്‍ നായകനും കാവല്‍ക്കാരനുമായ അക്കിന്‍ഫീവും മികച്ച ഫോമില്‍ നില്‍ക്കുന്നു. ക്രൊയേഷ്യയുടെ ഭാവനാ സമ്പന്നമായ കളിയെ റഷ്യന്‍ പ്രതിരോധം എങ്ങനെ നിയന്ത്രിക്കുമെന്ന ചോദ്യത്തിന്റെ ഉത്തരമാണ് മത്സരത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com