ഇറ്റാലിയന്‍ ഗോള്‍ കീപ്പിങ് ഇതിഹാസം ബുഫണ്‍ ഇനി പാരിസ് സെന്റ് ജെര്‍മെയ്ന്‍ വല കാക്കും

ഇറ്റാലിയന്‍ ഗോള്‍ കീപ്പിങ് ഇതിഹാസം ജിയാന്‍ലൂയി ബുഫണ്‍ ഫ്രഞ്ച് ലീഗ് വണ്‍ ടീം പാരിസ് സെന്റ് ജെര്‍മെയ്‌നിലേക്ക് ചേക്കേറി
ഇറ്റാലിയന്‍ ഗോള്‍ കീപ്പിങ് ഇതിഹാസം ബുഫണ്‍ ഇനി പാരിസ് സെന്റ് ജെര്‍മെയ്ന്‍ വല കാക്കും

പാരിസ്: ഇറ്റാലിയന്‍ ഗോള്‍ കീപ്പിങ് ഇതിഹാസം ജിയാന്‍ലൂയി ബുഫണ്‍ ഫ്രഞ്ച് ലീഗ് വണ്‍ ടീം പാരിസ് സെന്റ് ജെര്‍മെയ്‌നിലേക്ക് ചേക്കേറി. 40കാരനായ വെറ്ററന്‍ താരത്തെ ടീമിലെത്തിച്ചതായി പി.എസ്.ജി ഔദ്യോഗികമായി സ്ഥിരീകരിച്ചു. 

ഇക്കഴിഞ്ഞ സീസണ്‍ അവസാനത്തിലാണ് ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസിനൊപ്പമുള്ള 17 വര്‍ഷം നീണ്ട കരിയറിന് ബുഫണ്‍ തിരശ്ശീലയിട്ടത്. കഴിഞ്ഞ ദിവസം മെഡിക്കലിനായി ബുഫണ്‍ ഫ്രാന്‍സില്‍ എത്തിയിരുന്നു. ഫ്രീ ട്രാന്‍സ്ഫറിലാണ് ബുഫണ്‍ പി എസ് ജിയില്‍ എത്തുന്നത്.

മഹത്തായ പി.എസ്.ജി കുടുംബത്തിലേക്ക് ബുഫണിനെ സ്വാഗതം ചെയ്യുന്നതായി ക്ലബിന്റെ ഖത്തര്‍കാരനായ പ്രസിഡന്റ് നാസര്‍ അല്‍ ഖെലയ്ഫി കുറിപ്പിലൂടെ വ്യക്തമാക്കി. കരിയറില്‍ ആദ്യമായാണ് താന്‍ ഇറ്റലിക്ക് പുറത്തൊരു ക്ലബില്‍ കളിക്കാനൊരുങ്ങുന്നതെന്ന് പി.എസ്.ജി പ്രവേശത്തെ ബുഫണ്‍ വിശേഷിപ്പിച്ചു. പുതിയ ക്ലബിനെ നേട്ടങ്ങളിലേക്ക് നയിക്കാന്‍ തന്റെ പരിചയസമ്പത്ത് മുഴുവന്‍ വിനിയോഗിക്കുമെന്നും ബുഫണ്‍ പ്രതികരിച്ചു. 

2001ല്‍ പാര്‍മയില്‍ നിന്ന് യുവന്റസില്‍ എത്തിയ ബുഫണ്‍ ടീമിനൊപ്പം 21 കിരീട നേട്ടങ്ങളില്‍ പങ്കാളിയായി. ഇറ്റാലിയന്‍ സീരി എയിലെ നിരവധി റെക്കോര്‍ഡുകളും യുവന്റസിനൊപ്പം സ്വന്തമാക്കാന്‍ ഇതിഹാസ താരത്തിന് സാധിച്ചിട്ടുണ്ട്. 176 അന്താരാഷ്ട്ര  മത്സരങ്ങളില്‍ ഇറ്റലിക്കായി ഗോള്‍ വല കാത്ത ബുഫണ്‍ ദേശീയ ടീമിന് ഇത്തവണ ലോകകപ്പ് യോഗ്യത നേടാന്‍ സാധിക്കാതെ വന്നതോടെ അന്താരാഷ്ട്ര കരിയറിന് നിരാശയോടെയാണ് വിരാമമിട്ടത്. 2006ല്‍ ഇറ്റലിക്കൊപ്പം ബുഫണ്‍ ലോകകപ്പ് സ്വന്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com