ബ്രസീലും വീണു; വീരോചിതം ബെല്‍ജിയം

ലോകം ശ്വാസമടക്കി പിടിച്ച് കണ്ട ഉജ്ജ്വല പോരാട്ടത്തില്‍ ബ്രസീലിനെ 2-1ന് വീഴ്ത്തി ബെല്‍ജിയം ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറി
ബ്രസീലും വീണു; വീരോചിതം ബെല്‍ജിയം

കസാന്‍:  ബ്രസീലിന്റെ സ്വപ്‌നങ്ങളെ ചവിട്ടിയരച്ച് യൂറോപ്യന്‍ പവര്‍ഹൗസുകളായ ബെല്‍ജിയം. ലോകം ശ്വാസമടക്കി പിടിച്ച് കണ്ട ഉജ്ജ്വല പോരാട്ടത്തില്‍ ബ്രസീലിനെ 2-1ന് വീഴ്ത്തി ബെല്‍ജിയം ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറി. യുറഗ്വായ്ക്ക് പിന്നാലെ ബ്രസീലും ലോകകപ്പിനോട് വിട പറഞ്ഞതോടെ ലാറ്റിനമേരിക്കന്‍ മുന്നേറ്റത്തിനും റഷ്യയില്‍ ഇതോടെ അവസാനമായി. ഇത്തവണയും കിരീടം യൂറോപ്യന്‍ ടീമുകള്‍ തന്നെ സ്വന്തമാക്കുമെന്നും വ്യക്തമായി. സെമിയില്‍ ഫ്രാന്‍സാണ് ബെല്‍ജിയത്തിന്റെ എതിരാളികള്‍. അവസാന നിമിഷം വരെ പൊരുതിയാണ് ബ്രസീല്‍ പോരാട്ടത്തിന് വിരാമമിട്ടത്.

13ാം മിനുട്ടില്‍ ബ്രസീല്‍ താരം ഫെര്‍ണാണ്ടീഞ്ഞോയുടെ സെല്‍ഫ് ഗോളിലൂടെ ബെല്‍ജിയമാണ് മുന്നിലെത്തിയത്. 31ാം മിനുട്ടില്‍ കെവിന്‍ ഡി ബ്രുയ്ന്‍ നേടിയ സുന്ദരന്‍ ലോങ് റെയ്ഞ്ച് ഷോട്ടിലൂടെ ബെല്‍ജിയം രണ്ടാം ഗോളും സ്വന്തമാക്കി. പകരക്കാരനായി ഇറങ്ങിയ റെനാറ്റോ അഗുസ്‌റ്റോയിലൂടെയാണ് ബ്രസീല്‍ ഗോള്‍ മടക്കി ലീഡ് കുറച്ചത്. 76ാം മിനുട്ടിലാണ് കുട്ടീഞ്ഞോയുടെ പാസില്‍ നിന്ന് ഹെഡ്ഡറിലൂടെ അഗുസ്റ്റോ ബ്രസീലിന് തിരിച്ചുവരാനുള്ള അവസരമൊരുക്കിയത്. എന്നാല്‍ അവസാന ഘട്ടത്തില്‍ തന്ത്രപരമായി കളിച്ച് ബെല്‍ജിയം വിജയം വിടാതെ കാത്തതോടെ കാനറികളുടെ ചിറകടിയും റഷ്യയില്‍ അവസാനിക്കുകയായിരുന്നു. 

ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബോട്ട് കുര്‍ട്ടോയിസിന്റെ മാരക ഫോമും ബ്രസീലിന്റെ വഴി മുടക്കിയതില്‍ നിര്‍ണായകമായി. ഗോളെന്നുറച്ച നിരവധി ശ്രമങ്ങളാണ് ചെല്‍സി ഗോള്‍ കീപ്പര്‍ തട്ടിയകറ്റിയത്. 

കളിയുടെ തുടക്കത്തില്‍ തന്നെ ബ്രസീല്‍ ഗോളിന് തൊട്ടടുത്തെത്തിയിരുന്നു. പ്രതിരോധ താരം തിയാഗോ സില്‍വയുടെ ഗോള്‍ ശ്രമം അവിശ്വസനീയമാം വിധം പോസ്റ്റില്‍ തട്ടി മടങ്ങി. പിന്നാലെ തുടരന്‍ ആക്രമണങ്ങളാണ് ബ്രസീല്‍ നടത്തിയത്. കിക്കോഫ് മുതലുള്ള ബ്രസീല്‍ ആക്രമണം തുടക്കത്തില്‍ ബെല്‍ജിയം നിരയില്‍ അങ്കലാപ്പുണ്ടാക്കിയെങ്കിലും ക്രമേണ കളിയുടെ താളത്തിലേക്ക് അവരും എത്തിയതോടെ മത്സരം ആവേശം താഴാതെ നിലനിന്നു. ബ്രസീലിന്റെ വേഗതയാര്‍ന്ന മുന്നേറ്റങ്ങള്‍ക്ക് റൊമേലു ലുകാകു, കെവിന്‍ ഡി ബ്രുയ്ന്‍, ചാഡ്‌ലി എന്നിവരിലൂടെ കൗണ്ടര്‍ അറ്റാക്കുകളുമായി ബെല്‍ജിയവും കട്ടക്ക് നിന്നു. മറുഭാഗത്ത് ബ്രസീല്‍ കുതിപ്പുകള്‍ക്ക് നെയ്മറും പൗലിഞ്ഞോയും മാഴ്‌സലോയും കുട്ടീഞ്ഞോയും നേതൃത്വം നല്‍കി. ബ്രസീലിയന്‍ താരങ്ങളുടെ ഗോള്‍ ശ്രമങ്ങളെല്ലാം ബെല്‍ജിയം പ്രതിരോധം സമര്‍ഥമായി തന്നെ ഇല്ലാതാക്കി. 

ആദ്യ പകുതി അവസാന ഘട്ടത്തിലേക്ക് കടന്ന ഘട്ടത്തില്‍ ഒരു ഫ്രീ കിക്കിലൂടെ വല ചലിപ്പിക്കാനുള്ള ഡി ബ്രുയ്‌ന്റെ ശ്രമം ബ്രസീല്‍ ഗോള്‍ കീപ്പര്‍ അലിസന്‍ തട്ടിയകറ്റി. തൊട്ടുപിന്നാലെ കോര്‍ണറില്‍ നിന്നെത്തിയ പാസിനെ മനോഹരമായ നീക്കത്തിലൂടെ ഒരു  വണ്ടര്‍  ഗോളാക്കി മാറ്റാനുള്ള ബെല്‍ജിയം പ്രതിരോധ താരം വിന്‍സന്റ് കോംപനിയുടെ ശ്രമവും അലിസന്‍ വിഫലമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com