ഇംഗ്ലീഷ് ആരാധകരെ... ഇറ്റ്‌സ് കമിങ് ഹോം എന്ന് ഉറക്കെ ഉറക്കെ തന്നെ ചൊല്ലിക്കോളു നിങ്ങള്‍ 

ഇത്തവണ സൗത്ത്‌ഗേറ്റും ഇംഗ്ലീഷ് യുവനിരയും ചേര്‍ന്ന് സ്വന്തം നാട്ടുകാരെയും ഒപ്പം ലോകത്തെയും അമ്പരപ്പിച്ച് ലോകകപ്പിന്റെ സെമിയിലേക്ക് കടന്നിരിക്കുന്നു 
ഇംഗ്ലീഷ് ആരാധകരെ... ഇറ്റ്‌സ് കമിങ് ഹോം എന്ന് ഉറക്കെ ഉറക്കെ തന്നെ ചൊല്ലിക്കോളു നിങ്ങള്‍ 

1996ല്‍ സ്വന്തം നാട്ടില്‍ അരങ്ങേറിയ യൂറോ കപ്പില്‍ ഇംഗ്ലണ്ട് കപ്പ് സ്വന്തമാക്കുമെന്ന് അന്നാട്ടുകാര്‍ കടുപ്പത്തില്‍ തന്നെ വിശ്വസിച്ചിരുന്നു. ടീമിന്റെ കുതിപ്പ് അതിന് ആക്കം കൂട്ടി. മുന്നേറി മുന്നേറി അവര്‍ സെമി വരെ എത്തുകയും ചെയ്തു. എന്നാല്‍ രണ്ട് വിജയങ്ങള്‍ക്കിപ്പുറം ടീമിന്റെ പോരാട്ടം അവസാനിച്ചു. സെമിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരില്‍ ഇംഗ്ലണ്ട് ജര്‍മനിയോട് 6-5ന് പരാജയപ്പെട്ടു. അന്ന് ഒരൊറ്റ  ഇംഗ്ലീഷ് താരത്തിന് പിഴച്ചത് ടീമിന്റെ വിധിയെഴുതി. പെനാല്‍റ്റി നഷ്ടപ്പെടുത്തിയ ആ മനുഷ്യന്റെ പേര് ഗെരത് സൗത്ത്‌ഗേറ്റ് എന്നായിരുന്നു. 

അന്ന് യൂറോ കപ്പിനിറങ്ങിയ  ഇംഗ്ലണ്ട് ടീമിനെ പ്രചോദിപ്പിക്കാനായി ലിവര്‍പൂളിലുള്ള ദ ലൈറ്റ്‌നിങ് സീഡ്‌സ്് എന്ന സംഗീത സംഘം ഒരു ആല്‍ബം പുറത്തിറക്കി. ത്രീ ലയണ്‍സ് എന്ന് പേരിട്ട ആല്‍ബത്തിലെ ഒരു ഗാനം ഇംഗ്ലണ്ടില്‍ വന്‍ ഹിറ്റായി മാറി. ഇറ്റ്‌സ് കമിങ് ഹോം എന്ന് തുടങ്ങുന്ന വരികളുള്ള പാട്ട് ഇംഗ്ലണ്ട് കിരീടം നേടുമെന്ന പ്രതീക്ഷയില്‍ സൃഷ്ടിക്കപ്പെട്ടതായിരുന്നു. എന്നാല്‍ ഗെരത് സൗത്ത്‌ഗേറ്റിന്റെ പെനാല്‍റ്റി നഷ്ടപ്പെടുത്തല്‍ പില്‍ക്കാലത്ത് ആ ഗാനത്തിന് മറ്റൊരു ഭാവം പകരുകയാണുണ്ടായത്. പിന്നീട് എപ്പോഴും ഇറ്റ്‌സ് കമിങ് ഹോം കേള്‍ക്കുമ്പോള്‍ ഗെരത് സൗത്ത്‌ഗേറ്റിന്റെ തല താണിരിക്കാം. 

റഷ്യന്‍ ലോകകപ്പിനെത്തിയ ഇംഗ്ലീഷ് ആരാധകര്‍  ഒരു രസത്തിന് സ്വയം പരിഹസിക്കാന്‍ ഇറ്റ്‌സ് കമിങ് ഹോം എന്നും പറഞ്ഞാണ് സ്‌റ്റേഡിയത്തിലേക്ക് വന്നത്. ഫുട്‌ബോളിന്റെ ജന്മനാട്ടിലേക്ക് ലോകകപ്പ് വരുമെന്ന പരിഹാസമായിരുന്നു അതിന്റെ ധ്വനി. ഈ പാട്ട്  ഇപ്പോള്‍ കുത്തിപ്പൊക്കാന്‍ നിമിത്തമായതാകട്ടെ അന്ന് പെനാല്‍റ്റി നഷ്ടപ്പെടുത്തിയ സൗത്ത്‌ഗേറ്റ് തന്നെയാണ്. കാരണം കക്ഷിയിപ്പോള്‍ ഇംഗ്ലണ്ടിന്റെ കോച്ചാണ്. ഗെരത് സൗത്ത്‌ഗേറ്റിന് കൊള്ളട്ടേയെന്ന് തന്നെ കരുതിയായിരിക്കണം റഷ്യയിലെത്തിയ ഇംഗ്ലീഷ് ആരാധകര്‍ പരിഹാസ രൂപേണ ആ ഗാനം ആലപിച്ച് കൊണ്ടിരുന്നത്. പക്ഷേ അവരുടെ നെഗറ്റീവ് ചിന്തകളെ ഷര്‍ട്ടിന് മുകളില്‍ ലോ വെയ്‌സ്റ്റ് കോട്ട് ധരിച്ച് ഡഗൗഡിലേക്ക് കടന്നുവന്ന സൗത്ത്‌ഗേറ്റ് അട്ടിമറിച്ചുകളഞ്ഞു.

1966ലാണ് ഇംഗ്ലണ്ട് ആദ്യമായും അവസാനമായും ലോക  കിരീടത്തില്‍  മുത്തമിട്ടത്. പിന്നീട് 1990ല്‍ നാലാം സ്ഥാനം സ്വന്തമാക്കി. തീര്‍ന്നു. പിന്നെയൊരിക്കലും അവര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറിനപ്പുറം കണ്ടില്ല. അതിന് ശേഷം നടന്ന എല്ലാ ലോകകപ്പിലും മികച്ച താരനിരയുമായി എത്തി നാണക്കേടുമായി മടങ്ങുക ആയിരുന്നു ഇംഗ്ലണ്ടിന്റെ പതിവ്. ഡേവിഡ് ബെക്കാമും, സ്‌കോള്‍സും, ജെറാര്‍ഡും, ലംപാര്‍ഡും, ജോണ്‍ ടെറിയും ഓവനും, റൂണിയും ഒക്കെ പെനാല്‍റ്റി ഷൂട്ടൗട്ട് കടമ്പയില്‍ തട്ടി കരഞ്ഞ് മടങ്ങി. 

ഇത്തവണ സൗത്ത്‌ഗേറ്റും ഇംഗ്ലീഷ് യുവനിരയും ചേര്‍ന്ന് സ്വന്തം നാട്ടുകാരെയും ഒപ്പം ലോകത്തെയും അമ്പരപ്പിച്ച് ലോകകപ്പിന്റെ സെമിയിലേക്ക് കടന്നിരിക്കുന്നു. പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയക്കെതിരേ പെനാല്‍റ്റിയെന്ന കടമ്പ അവര്‍ എടുത്തുമാറ്റി. അട്ടിമറി ഭീഷണിയുമായി ഇതുവരെ കീഴടങ്ങാതെ നിന്ന സ്വീഡനെ ക്വാര്‍ട്ടറില്‍ ആധികാരികമായി തന്നെ മറികടന്നിരിക്കുന്നു. ഇനി രണ്ടാം ലോക കരീടത്തിലേക്ക് രണ്ട് ജയങ്ങള്‍ മാത്രമേ ആവശ്യമുള്ളു ഇംഗ്ലണ്ട് ടീമിന്. 

ഈഗോയില്ലാത്ത അച്ചടക്കമുള്ള യുവ താരങ്ങളാല്‍ സമ്പന്നമായ ഒരു ഇംഗ്ലീഷ് ടീമിനെ വാര്‍ത്തെടുത്ത് സൗത്ത്‌ഗേറ്റ് പണ്ടത്തെ പെനാല്‍റ്റി നഷ്ടത്തിന് പ്രായശ്ചിത്തം ചെയ്തുകഴിഞ്ഞു. പെനാല്‍റ്റി ദുരന്തത്തെ മറികടക്കാന്‍ ടീമിനെ പ്രാപ്തമാക്കിയ മുന്‍ പ്രതിരോധ  താരം ഇംഗ്ലണ്ട് ടീമിന് സംഘ ബലത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയപ്പോള്‍ ലോകം കണ്ടത് സുന്ദരമായി കളിക്കുന്ന ഒരുകൂട്ടത്തെയാണ്. 

പ്രിയപ്പെട്ട ഇംഗ്ലീഷ് ആരാധകരെ നിങ്ങള്‍ ഇനി റഷ്യയിലെ സ്റ്റേഡിയങ്ങളില്‍ വന്ന് പരിഹാസച്ചുവയില്ലാതെ ആത്മാര്‍ഥമായി തന്നെ ഇറ്റ്‌സ് കമിങ് ഹോം എന്ന് ഉറക്കെ ഉറക്കെ പാടിക്കോളു. ഇംഗ്ലണ്ട് ടീം നോട്ട് കമിങ് ഹോം. കാരണം അവര്‍ക്ക് ക്രൊയേഷ്യയുമായി സെമി കളിക്കാനുണ്ട്. അതും കഴിഞ്ഞ്  ഫൈനല്‍.  പിന്നെ കിരീടം. അത് ചിലപ്പോള്‍ സംഭവിച്ചേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com