പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ക്രൊയേഷ്യ; റഷ്യന്‍ കുതിപ്പിന് വീര ചരമം

സ്വന്തം മണ്ണില്‍ പൊരുതി കയറിയിട്ടും റഷ്യക്ക് വിപ്ലവം തീര്‍ക്കാന്‍ കഴിയാതെ പോയി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആതിഥേയര്‍ക്ക് വീര ചരമം
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ക്രൊയേഷ്യ; റഷ്യന്‍ കുതിപ്പിന് വീര ചരമം

മോസ്‌ക്കോ: സ്വന്തം മണ്ണില്‍ പൊരുതി കയറിയിട്ടും റഷ്യക്ക് വിപ്ലവം തീര്‍ക്കാന്‍ കഴിയാതെ പോയി. കരുത്തരായ ക്രൊയേഷ്യയെ നിശ്ചിത സമയത്തും അധിക സമയത്തും ഒപ്പത്തിനൊപ്പം പിടിച്ച് മുന്നേറിയിട്ടും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്വന്തം മൈതാനത്ത് ആതിഥേയര്‍ക്ക് വീര ചരമം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ റഷ്യയെ 4-3ന് വീഴ്ത്തി ക്രൊയേഷ്യ ലോകകപ്പ് പോരാട്ടത്തിന്റെ സെമിയിലേക്ക് മുന്നേറി. മത്സരം നിശ്ചിത സമയത്ത് 1-1നും അധിക സമയത്ത് 2-2നും സമനിലയില്‍ പിരിഞ്ഞതോടെയാണ് പോരാട്ടം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഈ മാസം 11ന് നടക്കുന്ന സെമിയില്‍ ഇംഗ്ലണ്ടാണ് ക്രൊയേഷ്യയുടെ എതിരാളികള്‍. 

ക്രൊയേഷ്യയുടെ രണ്ടാം ലോകകപ്പ്  സെമി പ്രവേശമാണ് റഷ്യയിലേത്. നേരത്തെ 1998ലാണ് അവര്‍ ആദ്യമായി സെമി കണ്ടത്. അന്ന് മൂന്നാം സ്ഥാനവുമായി മടങ്ങിയ അവര്‍ ഇത്തവണ മികച്ച മുന്നേറ്റം നടത്തിയാണ് അവസാന നാലിലേക്ക് കടക്കുന്നത്. 

ആതിഥേയരായ റഷ്യ നേരത്തെ സോവിയറ്റ് യൂനിയന്‍ ആയിരുന്നപ്പോഴാണ് അവസാനമായി സെമിയില്‍ പ്രവേശിച്ചത്. ഇത്തവണ സ്വന്തം നാട്ടിലെത്തിയ ലോക പോരാട്ടത്തില്‍ അവര്‍ക്ക് ആരും ഗ്രൂപ്പ് റൗണ്ടിനപ്പുറം സാധ്യതയും നല്‍കിയിരുന്നില്ല. പ്രതീക്ഷകളുടെ ഭാരമില്ലാതെ മുന്നേറിയ അവര്‍ ഓരോ മത്സരത്തിലും കരുത്തുറ്റ പോരാട്ടം പുറത്തെടുത്ത് തലയുയര്‍ത്തി തന്നെയാണ് മടങ്ങുന്നത്.

കളി തുടങ്ങി കിക്കോഫ് മുതല്‍ ഇരു പക്ഷവും കടുത്ത ആക്രമണങ്ങളുമായി കളം നിറഞ്ഞു. ലോകകപ്പില്‍ റഷ്യന്‍ മുന്നേറ്റങ്ങള്‍ക്ക് നിര്‍ണായക പങ്കുവഹിച്ച ഡെനിസ് ചെറിഷേവിന്റെ ഒരു വിസ്മയ ഗോളിലൂടെ റഷ്യയാണ് ക്രൊയേഷ്യയെ ഞെട്ടിച്ച് ആദ്യം വല ചലിപ്പിച്ചത്. സ്യൂബയുടെ പാസില്‍ നിന്ന് കളിയുടെ 31ാം മിനുട്ടിലാണ് ചെറിഷേവിന്റെ ലോങ് റെയ്ഞ്ച് ഗോളിന്റെ പിറവി. ലോകകപ്പില്‍ താരം നേടുന്ന നാലാം ഗോളാണിത്. എന്നാല്‍ അതൊന്നും ക്രായേഷ്യന്‍ മുന്നേറ്റത്തെ ബാധിച്ചില്ല. പതറാതെ പൊരുതിയ ക്രൊയേഷ്യ ആക്രമണം കടുപ്പിച്ചതോടെ ഫലവും പിന്നാലെയെത്തി. 39ാം മിനുട്ടില്‍ ബോക്‌സില്‍ വച്ച് മരിയോ മാന്‍ഡ്‌സുകിച് കൈമാറിയ പാസില്‍ നിന്ന് ആന്ദ്രെ ക്രമാറിചാണ് ക്രൊയേഷ്യക്ക് സമനില സമ്മാനിച്ചത്. ഹെഡ്ഡറിലൂടെയാണ് താരം പന്ത് വലയിലിട്ടത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഇരു പക്ഷവും ഗോളുകള്‍ വലയിലാക്കിയപ്പോള്‍ രണ്ടാം പകുതിയില്‍ ഗോളുകളൊന്നും പിറന്നില്ല. ഇതോടെയാണ് മത്സരം അര മണിക്കൂറിലേക്ക് വീണ്ടും നീണ്ടത്.

അധിക സമയത്തിന്റെ 100ാം മിനുട്ടില്‍ വിദയിലൂടെ ലീഡെടുത്ത് ക്രൊയേഷ്യ കരുത്ത് കാട്ടി. കോര്‍ണറില്‍ നിന്ന് ലഭിച്ച പന്ത് പ്രതിരോധ താരം ഡൊമഗോജ് വിദ ഹെഡ്ഡറിലൂടെ ഗോളാക്കി ടീമിന് മുന്‍തൂക്കം സമ്മാനിക്കുകയായിരുന്നു. എന്നാല്‍ പതറാതെ മുന്നേറിയ ആതിഥേയര്‍ക്ക് 115ാം മിനുട്ടില്‍ ഒരു ഫ്രീ കിക്ക് വീണുകിട്ടുന്നു. സഗോയേവ് എടുത്ത കിക്ക് ക്ലിനിക്കല്‍ ഹെഡ്ഡറിലൂടെ മരിയോ ഫെര്‍ണാണ്ടസ് ഹെഡ്ഡറിലൂടെ തന്നെ വലയിലേക്കിട്ട് ടീമിന്റെ ശ്വാസം നിലനിര്‍ത്തിയതോടെയാണ് വിജയികളെ തീരുമാനിക്കല്‍ ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യം കിക്കെടുത്തത് റഷ്യയായിരുന്നു. സ്‌മോളോവ് എടുത്ത  ഷോട്ട് ക്രൊയേഷ്യന്‍ ഗോള്‍  കീപ്പര്‍ സുബാസിച് ബുദ്ധിപരമായി കൈകൊണ്ട് അനായാസം തട്ടിയകറ്റി. ക്രൊയേഷ്യക്കായി കിക്കെടുത്ത ബ്രോസോവിച് പന്ത് വലയിലാക്കിയതോടെ അവര്‍  മുന്നില്‍. റഷ്യക്കായി സഗോയേവും ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ 1-1. ക്രൊയേഷ്യയുടെ കൊവാസിചെടുത്ത ഷോട്ട് റഷ്യന്‍ നായകനും ഗോള്‍ കീപ്പറുമായ  അക്കിന്‍ഫീവ് തട്ടിയകറ്റിയതോടെ അവര്‍ക്ക് വീണ്ടും പ്രതീക്ഷ. എന്നാല്‍ അധിക സമയത്ത് ടീമിന്റെ തിരിച്ചുവരവിന് ഇന്ധനം പകര്‍ന്ന ഗോളിലൂടെ വീര നായകനായി മാറിയ ഫെര്‍ണാണ്ടസ് പന്ത് പുറത്തേക്ക് അടിച്ചുകളഞ്ഞ് ദുരന്ത കഥാപാത്രമായതോടെ റഷ്യ വീണ്ടും പിന്നില്‍. ക്രൊയേഷ്യക്കായി നായകന്‍ ലൂക്ക മോഡ്രിച്ചെടുത്ത കിക്ക് ഭാഗ്യത്തിന്റെ അകമ്പടിയോടെ വലയില്‍. സ്‌കോര്‍  2-1. റഷ്യയുടെ ഇഗ്നാഷേവിചിന്റെ ഷോട്ടും ലക്ഷ്യത്തിലെത്തിയതോടെ സ്‌കോര്‍ 2-2. ക്രൊയേഷ്യന്‍ താരം വിദയുടെ ശ്രമം അക്കിന്‍ഫീവിന് ഒരു പഴുതും നല്‍കാതെ വലയിലെത്തിയതോടെ മുന്‍തൂക്കം വീണ്ടും ക്രൊയേഷ്യക്ക്. റഷ്യക്കായി കുസിയേവും പന്ത് സുരക്ഷിതമായി വലയില്‍ കയറ്റിയതോടെ ക്രൊയേഷ്യയുടെ അവസാന കിക്ക് നിര്‍ണായകം. വിശ്വസ്തനായ ഇവാന്‍ റാക്കിറ്റിച് അനായാസം സ്‌കോര്‍ ചെയ്തതോടെ ക്രൊയേഷ്യ സെമിയിലേക്ക് കുതിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com