ലോക കിരീടം സ്വന്തമാക്കിയേ മതിയാകു; ക്രൊയേഷ്യന്‍ ജനത ലോകത്തോട് പറയുന്നു

അഴിമതിയില്‍ മുങ്ങി രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പിടിയിലാണ്. തിരിച്ചുവരവ് മുന്നില്‍ കണ്ട് ഭാവി ഇരുളടഞ്ഞ ഒരു ജനത പ്രതീക്ഷയോടെ നില്‍ക്കുന്നു
ലോക കിരീടം സ്വന്തമാക്കിയേ മതിയാകു; ക്രൊയേഷ്യന്‍ ജനത ലോകത്തോട് പറയുന്നു

ണ്ട് പതിറ്റാണ്ട് മുന്‍പ് യൂഗോസ്ലാവിയയില്‍ നിന്ന് വേര്‍പ്പെട്ട ക്രൊയേഷ്യയ്ക്ക് അഭിമാനിക്കാനുള്ള ഏക കാര്യം കാല്‍പന്ത് കളി മാത്രമായിരുന്നു. 1998ന് ശേഷം ആദ്യമായി ആതിഥേയരായ റഷ്യയെ കീഴടക്കി അവര്‍ ലോകകപ്പ് സെമിയിലേക്ക് മുന്നേറിയിരിക്കുകയാണിപ്പോള്‍. ഒരേ സമയം എതിര്‍ ടീമിനോടും തങ്ങള്‍ അകപ്പെട്ട അവസ്ഥകളോടുമാണ് അവരുടെ പോരാട്ടം. അഴിമതിയില്‍ മുങ്ങി രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പിടിയിലാണ്. തിരിച്ചുവരവ് മുന്നില്‍ കണ്ട് ഭാവി ഇരുളടഞ്ഞ ഒരു ജനത പ്രതീക്ഷയോടെ നില്‍ക്കുന്നു. കടുത്ത രാഷ്ട്രീയ അരക്ഷിതാവസ്ഥയും സാമ്പത്തിക അസന്തുലിതാവസ്ഥയും അനുഭവിച്ചവര്‍ക്ക് കച്ചിത്തുരുമ്പായി നില്‍ക്കുന്ന ഏക കാര്യം ഫുട്ബോളായിരുന്നു. എന്നാല്‍ 1998ലെ മൂന്നാം സ്ഥാനത്തിന് ശേഷം അവിടെയും അവര്‍ക്ക് തിരിച്ചടി നേരിടേണ്ടി വന്നു. പിന്നീടുള്ള ലോക പോരാട്ടങ്ങളില്‍ കാര്യമായ നേട്ടങ്ങളൊന്നുമില്ല. 2014ന് ശേഷം ക്രൊയേഷ്യന്‍ ഭരണ സംവിധാനം അഴിമതിയിലേക്ക് കൂപ്പുകുത്തിയപ്പോള്‍ സ്വാഭാവികമായും അത് ഫുട്‌ബോളിലേയ്ക്കും പടര്‍ന്നു. അതോടെ ജനങ്ങളുടെ ദുരിതങ്ങളുടെ ആഘാതം ഇരട്ടിയായി. 

കള്ളസാക്ഷി പറഞ്ഞതിന് ക്രൊയേഷ്യ ടീം ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ചും പ്രതിരോധ താരം ദേയാന്‍ ലൊവ്‌റാനും വിചാരണ നേരിട്ടാണ് റഷ്യയില്‍ ലോകകപ്പ് പോരാട്ടത്തിനെത്തിയത്. സാമ്പത്തിക ക്രമക്കേട് കേസിലായിരുന്നു ഇരുവരേയും വിചാരണ ചെയ്തത്. ക്രൊയേഷ്യന്‍ ക്ലബായ ഡയനാമോ സഗ്രെബിലെ കളിക്കാരുടെ ട്രാന്‍സ്ഫറിന്റെ പേരില്‍ പതിനഞ്ച് ദശലക്ഷം യൂറോ വെട്ടിച്ച കേസിലായിരുന്നു താരങ്ങള്‍ക്കെതിരേ  വിചാരണ. ഒരു മാസം മുന്‍പ് ഇതേ കേസുമായി ബന്ധപ്പെട്ട് ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ വൈസ് പ്രസിഡന്റായിരുന്ന ഡ്രാവ്‌കോ മാമിച്ച് അറസ്റ്റിലായി ജയില്‍ ശിക്ഷ അനുഭവിക്കുകയാണിപ്പോള്‍. ക്ലബ് മേധാവിയായിരിക്കെയാണ് മാമിച് കോടികളുടെ വെട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയാണ് ആറര വര്‍ഷത്തെ തടവ് കോടതി വിധിച്ചത്. കേസ് ഇതുവരെ അവസാനിച്ചിട്ടില്ല. കുറ്റം തെളിഞ്ഞാല്‍ മോഡ്രിച്ചിനും മാമിച്ചിന്റെ അവസ്ഥ തന്നെ വരും. ക്രൊയേഷ്യന്‍ ഫുട്‌ബോളിനെ ഗ്രസിച്ച അഴിമതിയുടെ സമീപ ചിത്രമാണിത്. 

അവരെ സംബന്ധിച്ചിടത്തോളം റഷ്യയിലെ സെമി പ്രവേശം മറ്റൊരു പ്രതീക്ഷയാണ് നല്‍കുന്നത്. ക്രൊയേഷ്യന്‍ ഫുട്‌ബോളിന് മാത്രമല്ല ആ പ്രത്യാശ. രാജ്യത്തെ അരക്ഷിതാവസ്ഥയ്ക്കും സാമ്പത്തിക രംഗത്തിനും വലിയൊരു ഉത്തേജനമാണ് സെമി പ്രവേശം നല്‍കിയിരിക്കുന്നത്. ലോകകപ്പ് ക്രൊയേഷ്യയുടെ ടൂറിസം രംഗത്തിന് വലിയ ഉണര്‍വായിക്കഴിഞ്ഞു. റഷ്യയില്‍ കിരീടം നേടാന്‍ സാധിച്ചാല്‍ രാജ്യത്തിന്റെ മുഖഛായയെ വരെ അത് മാറ്റിയേക്കും. അതിലേക്ക് രണ്ട് വിജയങ്ങളെ ഇനി അവര്‍ക്ക് ആവശ്യമുള്ളു. അത് സാധ്യമാകും എന്നുതന്നെ ക്രൊയേഷ്യക്കാര്‍ വിശ്വസിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com