അഞ്ചാം കാര്യം ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയമാണ്; ബ്രിട്ടീഷ് ആരാധകര്‍ക്ക് സംശയമില്ല; അത് നടന്നിരിക്കും

ഇത്തവണ കാര്യങ്ങള്‍ അനുകൂലമാണെന്ന് ആരാധകര്‍ വിശ്വസിക്കുന്നു. അതിനൊരു കാരണമായി അവരിപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് ചരിത്രത്തിലെ ചില ആവര്‍ത്തനങ്ങളാണ്
അഞ്ചാം കാര്യം ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയമാണ്; ബ്രിട്ടീഷ് ആരാധകര്‍ക്ക് സംശയമില്ല; അത് നടന്നിരിക്കും

ഴിഞ്ഞ 52 വര്‍ഷമായി ഇംഗ്ലീഷ് ജനത സ്വപ്‌നം കാണുന്നതാണ് ഒരു ലോക കിരീടം. 1966ല്‍ കന്നി ലോകകപ്പ് സ്വന്തമാക്കിയ ശേഷം ഒരു ഇംഗ്ലണ്ട് ടീമും ലോകകപ്പിന്റെ ഫൈനല്‍ പോലും കണ്ടിട്ടില്ല. അതിനിടെ 1990ല്‍ നാലാം സ്ഥാനം സ്വന്തമാക്കിയതൊഴിച്ചാല്‍ ക്വാര്‍ട്ടറിനപ്പുറം അവര്‍ക്ക് മുന്നേറാനും കഴിഞ്ഞിട്ടില്ല. കടുത്ത ഇംഗ്ലണ്ട് ആരാധകനെ പോലും അമ്പരപ്പിച്ചാണ് ഇത്തവണ ഗെരത് സൗത്ത്‌ഗേറ്റിന്റെ പരിശീലക കരുത്തില്‍ യുവത്വമടങ്ങിയ ടീമുമായി ഇംഗ്ലണ്ട് ക്രൊയേഷ്യക്കെതിരായ സെമി പോരാട്ടത്തിനൊരുങ്ങുന്നത്. ഇടവേളയ്ക്ക് ശേഷമുള്ള അവരുടെ സെമി പ്രവേശം ഇംഗ്ലീഷ് ആരാധകര്‍ ശരിക്കും ആഘോഷിക്കുന്നു. 

ഓരോ ലോകകപ്പ് കാലത്തും വന്‍ പ്രതീക്ഷകളോടെയാണ് ഇംഗ്ലണ്ട് ടീം എത്താറുള്ളത്. ആരാധകര്‍ ടീമില്‍ വലിയ പ്രതീക്ഷകളും വയ്ക്കും. എന്നാല്‍ പെനാല്‍റ്റി ഷൂട്ടൗട്ട് അടക്കമുള്ള പരീക്ഷണങ്ങള്‍ വിജയിക്കാന്‍ കഴിയാതെ തലയും താഴ്ത്തി മടങ്ങുന്ന തങ്ങളുടെ ടീമിനെയാണ് 1966ന് ശേഷമുള്ള തലമുറയ്ക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളത്. ഇതിഹാസ താരങ്ങളായ ഡേവിഡ് ബെക്കാമും വെയ്ന്‍ റൂണിയും മൈക്കല്‍ ഓവനും ഫ്രാങ്ക് ലംപാര്‍ഡും ജോണ്‍ ടെറിയും സ്റ്റീവന്‍ ജെറാര്‍ഡും അടക്കമുള്ള വമ്പന്‍ താരങ്ങളൊക്കെ നിരാശരായി മടങ്ങിയ ചരിത്രങ്ങളുടെ ഭാഗമാകാന്‍ വിധിക്കപ്പെട്ടവരായിരുന്നു. 

ഇത്തവണ കാര്യങ്ങള്‍ അനുകൂലമാണെന്ന് ആരാധകര്‍ വിശ്വസിക്കുന്നു. അതിനൊരു കാരണമായി അവരിപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് ചരിത്രത്തിലെ ചില ആവര്‍ത്തനങ്ങളാണ്. 1966ല്‍ ഇംഗ്ലണ്ട് ആദ്യമായും അവസാനമായും ലോകകപ്പ് സ്വന്തമാക്കിയ വര്‍ഷം ലോക ഫുട്‌ബോളില്‍ സംഭവിച്ച ചില കാര്യങ്ങള്‍ 2018ല്‍ ആവര്‍ത്തിക്കുന്നു. അവിശ്വസനീയമായ ഈ സാമ്യതയാണ് ഇംഗ്ലീഷ് ജനതയ്ക്ക് പ്രതീക്ഷ നല്‍കുന്നത്. അന്ന് സംഭവിച്ച നാല് കാര്യങ്ങള്‍ ഇത്തവണ ആവര്‍ത്തിക്കപ്പെട്ടു. 
ഇത്തവണ ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ റയല്‍ മാഡ്രിഡിന്റെ നേട്ടം, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം, ബേണ്‍ലിയുടെ യൂറോപ്യന്‍ പോരാട്ടങ്ങളിലേക്കുള്ള തിരിച്ചുവരവ്, ചെല്‍സിയുടെ പ്രീമിയര്‍ ലീഗിലെ അഞ്ചാം സ്ഥാനം. ഇനി അവശേഷിക്കുന്നത് ഇംഗ്ലണ്ടിന്റെ ലോകകപ്പ് കിരീട നേട്ടമാണ്. 

1966ല്‍ റയല്‍ മാഡ്രിഡ് യുഗോസ്ലാവിയന്‍ ക്ലബ് പാര്‍ടിസനെ പരാജയപ്പെടുത്തി യൂറോപ്യന്‍ കപ്പ് (ഇപ്പോഴത്തെ പേരാണ് ചാംപ്യന്‍സ് ലീഗ്) സ്വന്തമാക്കി. ഫൈനലില്‍ 2-1നാണ് റയല്‍ വിജയം സ്വന്തമാക്കിയത്. ഇത്തവണ റയല്‍ ഇംഗ്ലീഷ് കരുത്തരായ ലിവര്‍പൂളിനെ 3-1ന് പരാജയപ്പെടുത്തിയാണ് കിരീടത്തില്‍ മുത്തമിട്ടത്. 

1966ല്‍ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം ഡിവിഷനില്‍ കിരീടം സ്വന്തമാക്കി. മാഞ്ചസ്റ്റര്‍ സിറ്റി ടീമിന്റെ സുവര്‍ണ യുഗത്തിന്റെ തുടക്കമായിട്ടാണ് ആ വര്‍ഷത്തെ രണ്ടാം ഡിവിഷനിലെ കിരീട നേട്ടത്തെ മാഞ്ചസ്റ്ററുകാര്‍ കണ്ടത്. പരിശീലകനായുള്ള പെപ് ഗെര്‍ഡിയോളയുടെ വരവ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മറ്റൊരു സുവര്‍ണകാലത്തിന്റെ നാന്ദിയായാണ് ആരാധകര്‍ ഇപ്പോള്‍ കാണുന്നത്. ഈ സീസണില്‍ കൂടുതല്‍ പോയിന്റുകള്‍, ഗോളുകള്‍, വിജയങ്ങള്‍ എന്നിവയില്‍ പ്രീമിയര്‍ ലീഗ് റെക്കോര്‍ഡുകള്‍ തിരുത്തിയാണ് ടീം കിരീടം സ്വന്തമാക്കിയത്. 

1966ല്‍ പ്രീമിയര്‍ ലീഗ് ടീം ബേണ്‍ലി യൂറോപ്യന്‍ പോരാട്ടത്തിന് യോഗ്യത നേടി. അന്ന് ഇന്റര്‍ സിറ്റീസ് ഫയേഴ്‌സ് കപ്പ് (പിന്നീട് യുവേഫ കപ്പും ഇപ്പോള്‍ യൂറോപ്പ ലീഗുമായി) ക്വാര്‍ട്ടര്‍ വരെയെത്തി. ആ ഒരു സീസണിന് ശേഷം ആദ്യമായി ഇത്തവണ ടീം യൂറോപ്യന്‍ പോരാട്ട ഭൂമിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ടീം 52 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യൂറോപ്പ ലീഗിനെത്തുന്നത്. 

1966ല്‍ ചെല്‍സി പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇത്തവണയും അവര്‍ അഞ്ചാം സ്ഥാനത്താണ് പോയിന്റ് ടേബിളില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com