പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയ ബ്രസീല്‍ ടീമിന് മുട്ടയേറ്; ടീം ബസ് ആക്രമിച്ച് ആരാധകര്‍

സുരക്ഷ ഉദ്യോഗസ്ഥരെത്തി ആരാധകരെ മാറ്റിയതിന് ശേഷമാണ് നാട്ടിലെത്തിയ ബ്രസീല്‍ സംഘത്തിന് യാത്ര തുടരാനായത്
പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയ ബ്രസീല്‍ ടീമിന് മുട്ടയേറ്; ടീം ബസ് ആക്രമിച്ച് ആരാധകര്‍

രാജ്യത്തെ കുലുക്കിയ സാമ്പത്തിക മാന്ദ്യത്തിനും രാഷ്ട്രീയ പ്രതിസന്ധികള്‍ക്കും ഇടയില്‍ ബ്രസീലിയന്‍ ജനതയുടെ സ്വപ്‌നമായിരുന്നു നെയ്മറും സംഘവും കിരീടം ഉയര്‍ത്തുന്നത്. പക്ഷേ കാറ്റാലടന്‍ പടയ്ക്ക് കാലിടറി. എന്നാല്‍ ഒരിക്കല്‍ കൂടി കിരീടം ഇല്ലാതെ മടങ്ങുന്ന ടീമിനോട് ക്ഷമിക്കാന്‍ ബ്രസീലിയന്‍ ജനത തയ്യാറല്ല.

ബ്രസീല്‍ സംഘം സഞ്ചരിച്ച ബസിന് നേര്‍ക്ക് മുട്ടയെറിഞ്ഞാണ് ആരാധകര്‍ പ്രതിഷേധിച്ചത്. റഷ്യയിലേക്ക് എത്തുമ്പോള്‍ കിരീടം തന്നെയായിരുന്നു കാറ്റാലന്‍ പടയുടേയും ലക്ഷ്യം. ജര്‍മനിയില്‍ നിന്നേറ്റ നാണക്കേട് എന്ന ഓര്‍മയെ മറന്നുകളയാന്‍ സഹായിക്കുന്ന കളി കൂടി ബ്രസീലില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിച്ചു. പക്ഷേ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന് മുന്നില്‍ ജയിച്ചു കയറാനായില്ല. 

ഒരു കൂട്ടം ആരാധകര്‍ കല്ലും,  മുട്ടയും ബ്രസീല്‍ സംഘം സഞ്ചരിച്ച ബസിന് നേര്‍ക്കെറിഞ്ഞു. സുരക്ഷ ഉദ്യോഗസ്ഥരെത്തി ആരാധകരെ മാറ്റിയതിന് ശേഷമാണ് നാട്ടിലെത്തിയ ബ്രസീല്‍ സംഘത്തിന് യാത്ര തുടരാനായത്. 

കരിയറിനെ ഏറ്റവും നിരാശാജനകമായ നിമിഷമെന്നായിരുന്നു ബെല്‍ജിയത്തോട് തോറ്റ് പുറത്തായതിനെ നെയ്മര്‍ വിശേഷിപ്പിച്ചത്. ജയിക്കാന്‍ തങ്ങളാല്‍ കഴിയും വിധം എല്ലാം ചെയ്‌തെന്നായിരുന്നു മാഴ്‌സെലോയുടെ വാക്കുകള്‍. 

എന്നാല്‍ ക്വാര്‍ട്ടറില്‍ പുറത്തായതിന് പിന്നാലെ ബ്രസീലിയന്‍ മാധ്യമങ്ങളും ടീമിനെതിരെ തിരിഞ്ഞിരുന്നു. 2014ല്‍ ജര്‍മനിയില്‍ നിന്നേറ്റ തോല്‍വിയില്‍ നിന്നും ഇതുവരെ ബ്രസീല്‍ പാഠം പഠിച്ചിട്ടില്ലെന്നായിരുന്നു ബ്രസീല്‍ മാധ്യമങ്ങളുടെ വിമര്‍ശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com