ഏഴ് വയസുകാരനായ റോമന് ഒരാഗ്രഹമുണ്ട്; ഡോക്ടര്‍ക്കൊപ്പമിരുന്ന് ലോകകപ്പ് നേരില്‍ കാണണം

ഞാന്‍ താങ്കള്‍ക്ക് ടിക്കറ്റുകള്‍ തരാം. നമുക്കൊരുമിച്ച് ലോകകപ്പ് ഫുട്‌ബോള്‍ നേരില്‍ കാണാം
ഏഴ് വയസുകാരനായ റോമന് ഒരാഗ്രഹമുണ്ട്; ഡോക്ടര്‍ക്കൊപ്പമിരുന്ന് ലോകകപ്പ് നേരില്‍ കാണണം

ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടം നേരിട്ട് കാണുക എന്നത് ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ബാലകൃഷ്ണന്റെ ചിന്തയില്‍ പോലുമില്ലായിരുന്നു. പക്ഷേ അദ്ദേഹം പരിശോധിച്ച ഏഴ് വയസുകാരനായ രോഗി ഡോക്ടര്‍ക്ക് മുന്നില്‍ ഒരു ഓഫര്‍ വച്ചു. ഞാന്‍ താങ്കള്‍ക്ക് ടിക്കറ്റുകള്‍ തരാം. നമുക്കൊരുമിച്ച് ലോകകപ്പ് ഫുട്‌ബോള്‍ നേരില്‍ കാണാം. റഷ്യയില്‍ നിന്ന് ഹൃദയമാറ്റ ശസ്ത്രക്രിയക്കായി ഇന്ത്യയിലെത്തിയ കുഞ്ഞായിരുന്നു അവന്‍. പേര് റോമന്‍.

2017 നവംബറിലാണ് റോമന്‍ ഡോ. ബാലകൃഷ്ണനെ കാണാനെത്തുന്നത്. ഒപ്പം അമ്മയുമുണ്ടായിരുന്നു. പേര് ഏക്തറീന. സ്വന്തമായി വരുമാനം മാര്‍ഗം പോലുമില്ലാത്ത ആ സ്ത്രീയുടെ ഏക മകനാണ് റോമന്‍. 

ഹൃദയത്തിന് തകരാറുകളുമായാണ് റോമന്‍ ജനിച്ചത്. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്ന കാര്‍ഡിയോമിയോപ്പതി എന്ന അസുഖമായിരുന്നു അവന്. ഹൃദയത്തിന്റെ രക്ത ശുദ്ധീകരണ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കിയ അവസ്ഥയിലാണ് റോമന്‍ ബാലകൃഷ്ണന് മുന്നിലെത്തുന്നത്. കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ഒറ്റ വഴിയേ ആ ഡോക്ടര്‍ക്ക് മുന്നിലുണ്ടായിരുന്നുള്ളു. ഹൃദയം മാറ്റി വയ്ക്കുക. 

ആ തീരുമാനം നടപ്പിലാക്കുക എന്നത് ഏറെ ശ്രമകരമായിരുന്നു എന്ന് ബാലകൃഷ്ണന്‍ പറയുന്നു. ഇന്ത്യയില്‍ ചികിത്സിക്കാനെത്തുന്ന വിദേശ രോഗികള്‍ക്ക് ഇന്ത്യന്റെ പൗരന്റെ അവയവങ്ങള്‍ സ്വീകരിക്കണമെങ്കില്‍ ഇവിടെ അതിന് ആവശ്യക്കാരില്ലെന്ന് ഉറപ്പാക്കണം. കുട്ടിയുടെ രക്തം ഒ പോസിറ്റീവായിരുന്നു. എല്ലാ രക്തങ്ങളും സ്വീകരിക്കാന്‍ കഴിയുന്ന ഗ്രൂപ്പായതിനാല്‍ ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ കാത്ത് നില്‍ക്കുന്ന രോഗികളെല്ലാം അവന് വേണ്ടി മാറിക്കൊടുക്കണമായിരുന്നു. അതോടെ കാത്തിരിപ്പ് നീണ്ടു. ജനുവരി നാലിന് റോമന് ഹൃദയാഘാതം സംഭവിക്കുന്നു. ഡോക്ടര്‍മാര്‍ 45 മിനുട്ടോളം മസാജ് ചെയ്ത് കുട്ടിയുടെ ഹൃദയം സാധാരണ നിലയിലേക്കെത്തിച്ചു. പിന്നീട് രണ്ടാഴ്ച കൂടി കടന്നു പോയി. 

അങ്ങനെയിരിക്കേയണ് തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്പ്ലാന്റ് അഥോറിറ്റി, ഡോക്ടര്‍ക്ക് ഒരു വിവരം കൈമാറുന്നത്. മസ്തിഷ്‌ക മരണം സംഭവിച്ച ഒരാളുടെ ഹൃദയം കുട്ടിക്ക് യോജിച്ചതാണെന്ന സന്ദേശമായിരുന്നു അത്. 

അങ്ങനെ ആ ഹൃദയം റോമന്റെ ശരീരത്തില്‍ ഘടിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുന്നു. എന്നാല്‍ അവിടെയും സങ്കീര്‍ണതകളായിരുന്നു. സ്വീകരിക്കാന്‍ പോകുന്ന ഹൃദയത്തിന് പ്രവര്‍ത്തന സാധ്യതകള്‍ കുറവായിരുന്നു. കേവലം 35 ശതമാനം മാത്രമായിരുന്നു സാധ്യതകള്‍. അതുകൊണ്ട് തന്നെ അവയവമാറ്റ ശസ്ത്രക്രിയ ചെയ്യുന്ന പല ഡോക്ടര്‍മാരും നിരസിച്ചു കളഞ്ഞതാണ് റോമനില്‍ മാറ്റി വയ്‌ക്കേണ്ട ഹൃദയം. പക്ഷേ തങ്ങളുടെ മുന്നില്‍ മറ്റ് വഴികളില്ലായിരുന്നു എന്ന് ഡോക്ടര്‍. പ്രത്യേകിച്ച് റോമന്‍ ഒരു ഹൃദയ സ്തംഭനം അതിജീവിച്ച ആ ഘട്ടത്തില്‍. പൂര്‍ണ പ്രവര്‍ത്തനം ഉറപ്പില്ലാത്ത ഒരു അവയവം മാറ്റി വയ്ക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായിരുന്നു. മാറ്റിവയ്ക്കാന്‍ തീരുമാനിച്ച ഹൃദയം ഒരു മുതിര്‍ന്ന വ്യക്തിയുടേതായണ്. ഏഴ് വയസുള്ള കുട്ടിയെ സംബന്ധിച്ച് അത് വളരെ വലുതാണ്. മാത്രമല്ല അത് കുട്ടിയുടെ ശരീരത്തിന് യോജിക്കുന്നതുമായിരുന്നില്ലെന്ന് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റ് തലവന്‍ ഡോ. സുരേഷ് റാവു വ്യക്തമാക്കി. 

പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച് കുട്ടിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. പിന്നീട് ആന്‍ജിയോപ്ലാസ്റ്റിയും കൃത്രിമ പമ്പ് ഘടിപ്പിച്ചും അതിന്റെ പ്രവര്‍ത്തന ശക്തി കൂട്ടിയതോടെ റോമന്‍ പതിയെ ജീവിതത്തിലേക്ക് തിരിച്ചെത്തി. 

തന്നേക്കാള്‍ മുതിര്‍ന്ന ഒരു ഇന്ത്യക്കാരന്റെ ഹൃദയം ആ ഏഴ് വയസുകാരന്‍ ശരീരത്തില്‍ പേറി ജീവിതത്തിലേക്ക് പതിയെ പതിയെ മടങ്ങിയെത്തി. ഒടുവില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അവന്‍ റഷ്യയിലേക്ക് തന്നെ തിരിച്ചുപോയി. തന്റെ രാജ്യത്ത് ഇപ്പോള്‍ ലോകകപ്പ് ഫുട്‌ബോള്‍ അരങ്ങേറുകയാണ്. അതുകൊണ്ടുതന്നെ അവന്‍ ആഗ്രഹിക്കുന്നത് ഡോക്ടര്‍ക്കൊപ്പം ഇരുന്ന് ഫുട്‌ബോള്‍ നേരിട്ട് കാണണം എന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com