ഇത്തവണ ഇറ്റലി കളിക്കുന്നില്ലെങ്കിലും ഇറ്റലിക്കാരന്റെ കൈ സ്പര്‍ശം ഈ ലോകകപ്പിലുണ്ടാകും

എന്നാല്‍ ലോകകപ്പ് കിരീടം ആര് സ്വന്തമാക്കിയാലും അതില്‍ ഒരു ഇറ്റലിക്കാരന്റെ കൈ സ്പര്‍ശം ഉണ്ടാകും
ഇത്തവണ ഇറ്റലി കളിക്കുന്നില്ലെങ്കിലും ഇറ്റലിക്കാരന്റെ കൈ സ്പര്‍ശം ഈ ലോകകപ്പിലുണ്ടാകും

റഷ്യന്‍ ലോകകപ്പിലെ ഇറ്റലിയുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. നാല് തവണ ചാംപ്യന്‍മാരായ അസൂറികളുടെ അസാന്നിധ്യം ആരാധകരില്‍ നിരാശയുണ്ടാക്കി. എന്നാല്‍ ലോകകപ്പ് കിരീടം ആര് സ്വന്തമാക്കിയാലും അതില്‍ ഒരു ഇറ്റലിക്കാരന്റെ കൈ സ്പര്‍ശം ഉണ്ടാകും. മറ്റാരുമല്ല ജി.ഡി.ഇ ബെര്‍റ്റോണിയെന്ന ഇറ്റലിക്കാരന്റെ കൈ അടയാളമായിരിക്കും അതില്‍. 

ലോക ജേതാക്കള്‍ക്ക് സമ്മാനിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച ട്രോഫിയുടെ പുതുക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തയാളാണ് ബെര്‍റ്റോണി. അദ്ദേഹത്തിന്റെ കമ്പനിയായ ബെര്‍റ്റോണി മിലാനോയാണ് 1995 മുതല്‍ ഈ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് ചെയ്യുന്നത്. 

ഓരോ നാല് വര്‍ഷം കൂടുമ്പോഴുമാണ് സ്വര്‍ണ ട്രോഫിയുടെ കേടുപാടുകള്‍ തീര്‍ക്കുന്നത്. ഒപ്പം ടീമിന് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പിച്ചള പൊതിഞ്ഞ ട്രോഫിയുടെ നിര്‍മാണവും ഈ കമ്പനിക്ക് തന്നെയാണ്. 
18 കാരറ്റ് സ്വര്‍ണത്തിലുള്ള ട്രോഫിക്ക് 36.8 സെന്റി മീറ്റര്‍ ഉയരവും 6.1 കിലോ തൂക്കവുമാണുള്ളത്. 1974ലെ ലോകകപ്പ് മുതലാണ് ഈ ട്രോഫി നല്‍കുന്നത്. ജര്‍മനിയാണ് പുതിയ ട്രോഫി ഏറ്റുവാങ്ങിയ ആദ്യ സംഘം. 1971ല്‍ ഇറ്റലിക്കാരന്‍ തന്നെയായ ശില്‍പ്പി സില്‍വിയോ ഗസ്സാനിയയാണ് ഇന്ന് കാണുന്ന ഫിഫ ലോകകപ്പ് ട്രോഫിയുടെ രൂപകല്‍പ്പന നിര്‍വഹിച്ചത്. 

ഫൈനലില്‍ വിജയിക്കുന്ന ടീമിന് വേദിയില്‍ വച്ച് സ്വര്‍ണ ട്രോഫി സമ്മാനിക്കുന്നു. ഓരോ തവണയും ലോകകപ്പ് നേടുന്ന ടീമിന്റെ പേര് ട്രോഫിയില്‍ മുദ്രണം ചെയ്ത ശേഷമാണ് കപ്പ് സമ്മാനിക്കുന്നത്. പിന്നീട് ലോകകപ്പ് നേടിയ ടീമിന് പിച്ചള പൊതിഞ്ഞ ലോകകപ്പ് മാതൃക സമ്മാനിക്കുകയും യഥാര്‍ഥ ട്രോഫി സൂറിച്ചിലെ ഫിഫ ആസ്ഥാനത്തുള്ള മ്യൂസിയത്തിലേക്ക് മാറ്റുകയും ചെയ്യും. 

ഓരോ ലോകകപ്പ് സമയത്തും പലരിലൂടെ കൈമാറുമ്പോള്‍ സ്വര്‍ണ കപ്പില്‍ സംഭവിക്കുന്ന ചെറിയ ചെറിയ കേടുപാടുകള്‍ തീര്‍ക്കുന്നതിന്റെ ഉത്തരവാദിത്വമാണ് കമ്പനി ഏറ്റെടുക്കുന്നത്. ഒപ്പം മാതൃകാ ട്രോഫിയുടെ നിര്‍മാണവും. ലോകകപ്പ് മാത്രമല്ല യുവേഫയുടെ ട്രോഫികള്‍, യുവേഫയുടെ സൂപ്പര്‍ കപ്പ് ട്രോഫികള്‍, ഒളിംപിക്‌സിന് നല്‍കുന്ന മെഡലുകള്‍ എന്നിവയുടെ നിര്‍മാണവും കമ്പനി ഏറ്റെടുക്കാറുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com