സുന്ദരികള്‍ നിറഞ്ഞു, പക്ഷേ; റഷ്യന്‍ ലോകകപ്പിലെ ചില പെണ്‍കഥകള്‍

സ്ത്രീകള്‍ ലോകകപ്പ് സംഘാടനത്തില്‍ ആദ്യമായി സാന്നിധ്യം അറിയിച്ച ലോകകപ്പെന്ന വിശേഷണം റഷ്യ സ്വന്തമാക്കി. അതേസമയം സ്ത്രീ സുരക്ഷക്ക് അപവാദമായി നിരവധി സംഭവങ്ങളും അരങ്ങേറിയിട്ടുണ്
സുന്ദരികള്‍ നിറഞ്ഞു, പക്ഷേ; റഷ്യന്‍ ലോകകപ്പിലെ ചില പെണ്‍കഥകള്‍

ഷ്യന്‍ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നു. ഇനി രണ്ട് മത്സരങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. റഷ്യ ഏറെ വെല്ലുവിളികള്‍ നേരിട്ട ഒരു ഘട്ടത്തിലാണ് ലോകകപ്പിന്റെ വരവ്. അതിനെ അവര്‍ ഏത് വിധത്തില്‍ കൈകാര്യം ചെയ്യുമെന്ന് ലോകം ആകാംക്ഷയോടെ നോക്കിയിരുന്നു. ഏറെക്കുറേ കുറ്റമറ്റ സംഘാടനത്തിലൂടെ തങ്ങളുടെ മികവ് റഷ്യ ലോകത്തെ ബോധ്യപ്പെടുത്തി. 

സ്ത്രീകളുടെ സാന്നിധ്യമായിരുന്നു ഇത്തവണത്തെ സവിശേഷത. റഷ്യയില്‍ പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് പ്രധാന്യം എന്നാണ് പൊതുവേയുള്ള വിലയിരുത്തലുകള്‍. പുരുഷന്‍മാരേക്കാള്‍ അംഗ സംഖ്യ റഷ്യയില്‍ സ്ത്രീകള്‍ക്കാണ്. ആ മുന്‍തൂക്കം ലോകകപ്പ് സംഘാടനത്തിലും പ്രകടമായിരുന്നു. സ്ത്രീകള്‍ ലോകകപ്പ് സംഘാടനത്തിന്റെ വിവിധ മേഖലകളില്‍ ആദ്യമായി സാന്നിധ്യം അറിയിച്ച ലോകകപ്പെന്ന വിശേഷണം റഷ്യ സ്വന്തമാക്കി. അതേസമയം സ്ത്രീ സുരക്ഷക്ക് അപവാദമായി നിരവധി സംഭവങ്ങളും റഷ്യയില്‍ അരങ്ങേറിയിട്ടുണ്ട്. 

ചരിത്രമെഴുതി വിക്കിയും ക്ലൗഡിയയും

ബ്രിട്ടീഷ് സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് വിക്കി സ്പാര്‍ക്‌സും ജര്‍മന്‍ ഫുട്‌ബോള്‍ കമന്റേറ്റര്‍ ക്ലൗഡിയ ന്യൂമനും ഇനി ചരിത്രത്തിന്റെ ഭാഗമണ്. ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ ടെലിവിഷന്‍ കമന്ററി നിര്‍വഹിച്ച ആദ്യ വനിതകള്‍ എന്ന വിശേഷണമാണ് ഇരുവരും സ്വന്തമാക്കിയത്. ഇരുവരും മാത്രമല്ല വിവിധ രാജ്യങ്ങളില്‍ നിന്നായി ധാരാളം സ്ത്രീ മാധ്യമ പ്രവര്‍ത്തകര്‍ ഇത്തവണ റഷ്യയിലെത്തി.

ലോകകപ്പ് മത്സരങ്ങളുടെ അവലോകനം നടത്താന്‍ സ്ത്രീകളെ ആദ്യമായി ഉപയോഗപ്പെടുത്തി അമേരിക്ക കൈയടിയും വിമര്‍ശനങ്ങളും ഒരുപോലെ നേരിട്ടു. സാമൂഹിക പ്രവര്‍ത്തകരും ജനാധിപത്യ വാദികളും ഇത്തരമൊരു നീക്കത്തെ കൈയടികളോടെ സ്വീകരിച്ചു. എന്നാല്‍ അവരുടെ ശബ്ദം ശരിയല്ലെന്നും പുരുഷന്മാര്‍ കളിക്കുന്ന ഫുട്‌ബോള്‍ എന്തിനാണ് സ്ത്രീകള്‍ അവലോകനം ചെയ്യുന്നതെന്നും ചോദിച്ച് ചിലര്‍ രംഗത്തു വന്നിരുന്നു. 

ഇറാനില്‍ സ്ത്രീകള്‍ക്ക് അനുവദിക്കപ്പെട്ട സ്വാതന്ത്ര്യവും ചേര്‍ത്ത് വായിക്കാം. 1979നു ശേഷം ഇറാനില്‍ ആദ്യമായി സ്ത്രീകള്‍ക്ക് ഫുട്‌ബോള്‍ കാണാനായി സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം നല്‍കിയിരുന്നു. തങ്ങളുടെ രാജ്യം ലോകകപ്പില്‍ കളിക്കുന്നത് അവിടെയുള്ള സ്ത്രീകള്‍ പുറത്തിറങ്ങി വലിയ സ്‌ക്രീനില്‍ തന്നെ കണ്ടു. തലസ്ഥാനമായ ടെഹ്‌റാനിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കിയ കൂറ്റന്‍ സ്‌ക്രീനില്‍ ഇറാന്റെ സ്‌പെയിനിനെതിരായ പോരാട്ടം കാണാന്‍ ആയിരക്കണക്കിന് സ്ത്രീകളാണ് എത്തിയത്. 

സ്വാതന്ത്ര്യമുണ്ട് പക്ഷേ സമീപനത്തില്‍ മാറ്റങ്ങളില്ല

സ്ത്രീ സ്വാതന്ത്ര്യത്തിന് മുന്‍തൂക്കമുള്ള രാജ്യം, സ്ത്രീകളുടെ പങ്കാളിത്തം ലോകകപ്പ് സംഘാടനത്തില്‍ ഉറപ്പാക്കി ശ്രദ്ധ നേടിയെങ്കിലും ഇവിടെയും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. അവര്‍ക്ക് നേരെ കൈയേറ്റങ്ങളും ലൈംഗിക ചൂഷണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 

വനിതാ റിപ്പോര്‍ട്ടര്‍മാര്‍ പീഡിപ്പിക്കപ്പെടുന്നു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തു വന്നത്. ലൈവ് റിപ്പോട്ടിങ്ങിനിടയില്‍ പുരുഷന്മാര്‍ വന്ന് പരസ്യമായി ചുംബിച്ചതും അപമര്യാദയായി പെരുമാറിയതും വിവാദമുണ്ടാക്കി. ഇതിന്റെ വീഡിയോകളും ഫോട്ടോകളും അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വലിയ ചര്‍ച്ചയായി. മോസ്‌കോയില്‍ നിന്ന് ലൈവ്് റിപ്പോര്‍ട്ടിങ്ങിലേര്‍പ്പെട്ട കൊളംബിയന്‍ മാധ്യമ പ്രവര്‍ത്തക ജൂലിയറ്റ് ഗോണ്‍സാലസ് തെരന്‍, ബ്രസീലിയന്‍ റിപ്പോര്‍ട്ടര്‍ ജൂലിയ ഗ്യുമാറസ് എന്നിവര്‍ക്കാണ് ദുരനുഭവുണ്ടായത്. മര്യദയില്ലാത്ത പെരുമാറ്റം. ഇത് ശരിയല്ല. ഒരു സ്ത്രീയോടും ഇങ്ങനെ പെരുമാറാന്‍ പാടില്ല. അവരെ ബഹുമാനിക്കാന്‍ പഠിക്കണം. തന്റെ അനുഭവം വിവരിച്ച് അവര്‍ പ്രതികരിച്ചു. ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ നിരവധി വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പങ്കുവച്ചു. 

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ നടന്നെങ്കില്‍ സാധാരണ വനിതാ ഫുട്‌ബോള്‍ ആരാധകരുടെ കാര്യം പറയാനില്ലാല്ലോ. അവര്‍ക്ക് നേരെയുമുണ്ടായി ലൈംഗിക ചൂഷണങ്ങളും ക്രൂരതകളും. സ്ത്രീകളെ പുരുഷന്മാര്‍ സംഘം ചേര്‍ന്ന് ബലമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്ത വാര്‍ത്തകളും പുറത്തു വന്നിരുന്നു. സ്‌റ്റേഡിയത്തില്‍ എത്തുന്ന സ്ത്രീകള്‍ക്കു നേരെ അശ്ലീല ആംഗ്യങ്ങളും സംസാരവും തെറി വിളികളുമുണ്ടായി. വിവിധ ഭാഷകളിലുള്ള വൃത്തിക്കെട്ട കമന്റുകളും സ്ത്രീകള്‍ക്ക് കേള്‍ക്കേണ്ടി വന്നു. തങ്ങളുടെ ടീമിനെ പ്രോത്സാഹിപ്പിക്കാനായി സ്‌റ്റേഡിയത്തിലെത്തുന്ന സ്ത്രീകളുടെ ഫോട്ടോകള്‍ അശ്ലീല ഫോട്ടോകളായും ചില വാര്‍ത്താ ഏജന്‍സികള്‍ പ്രചരിപ്പിച്ചു. 

ഫോട്ടോ ന്യൂസ് ഏജന്‍സിയായ ഗെറ്റി ഇമേജസ് ദ ഹോട്ടസ്റ്റ് ഫാന്‍സ് എന്ന പേരില്‍ റഷ്യന്‍ ലോകകപ്പ് കാണാനെത്തിയ സ്ത്രീകളുടെ പ്രത്യേക ഫോട്ടോ ഗാലറി തന്നെ ഉണ്ടാക്കി. എന്നാല്‍ പിന്നീട് അവര്‍ ഈ ഗാലറി നീക്കം ചെയ്തു. സോഷ്യല്‍ മീഡിയ വഴി അവരുടെ പ്രവര്‍ത്തി വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതോടെയാണ് ഇത് നീക്കം ചെയ്തത്. 

ലോകകപ്പ് തുടങ്ങുന്നതിന് ഒരു മാസം മുന്‍പ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്തിറക്കിയ റഷ്യന്‍ ലോകകപ്പുമായി ബന്ധപ്പെട്ട ഗൈഡില്‍ റഷ്യയിലെ സ്ത്രീകളെ എങ്ങനെ വശീകരിക്കാം എന്ന ടിപ്‌സ് ഉള്‍പ്പെടുത്തി. ഈ ഗൈഡ് കളിക്കാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിശീലകര്‍ക്കുമെല്ലാം അവര്‍ വിതരണം ചെയ്തു. അര്‍ജന്റീനയില്‍ നിന്ന് റഷ്യയിലെത്തുന്ന പുരുഷന്‍മാര്‍ റഷ്യന്‍ സ്ത്രീകളെ വശീകരിക്കാന്‍ നന്നായി വസ്ത്രം ധരിച്ച് സുമുഖനായി മനോഹരമായി പുഞ്ചിരിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ സംഭവം വിവാദമായതോടെ അസോസിയേഷന്‍ ഇത് നീക്കം ചെയ്യുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. തെറ്റായി അച്ചടിച്ചതാണെന്ന വാദമുന്നയിച്ച് അവര്‍ തടിയൂരി. 

ഫുട്‌ബോള്‍ പുരുഷ കേന്ദ്രീകൃതം തന്നെ

ലോകത്തിന്റെ ഭൂരിഭാഗം രാജ്യങ്ങളിലും ഫുട്‌ബോള്‍ എന്നത് പുരുഷ കേന്ദ്രീകൃതമാണെന്ന് ആന്റി ഡിസ്‌ക്രിമിനേറ്ററി ബോഡി ഫെയര്‍ നെറ്റ്‌വര്‍ക്ക് സംഘടന ചൂണ്ടിക്കാട്ടുന്നു. ലോകകപ്പിനായി ഒരുക്കിയ സ്‌റ്റേഡിയങ്ങളിലും മറ്റുമുള്ള വനിതകള്‍ക്കുള്ള ടോയ്‌ലറ്റുകളുടെ എണ്ണം പരിശോധിച്ചാല്‍ ഈ വിവേചനം വ്യക്തമാകും. ടി.വി പരസ്യങ്ങളിലൂടെ മറ്റുള്ളവരെ ആകര്‍ഷിക്കാനും മറ്റുമാണ് ലോകകപ്പ് പോലുള്ള വേദികളില്‍ സാധാരാണയായി സ്ത്രീകളെ ഉപയോഗിക്കുന്നത്. അര്‍ജന്റീനയുടെ വനിതാ ഫുട്‌ബോള്‍ ടീം പുരുഷ ടീമിനെപ്പോലെ തന്നെ പരിഗണനയും തുല്ല്യതയും കിട്ടാനായി ശ്രദ്ധേയ പോരാട്ടം ഈയിടെ നടത്തിയിരുന്നു.

Neste domingo, o #Fantástico falou sobre os casos de assédio que tem acontecido na Copa do Mundo. Abaixo, a gente mostra um deles, que ocorreu com a repórter Júlia Guimarães. A bronca dada por ela ao engraçadinho, fica como recado: "Não faça isso!" https://t.co/XYlBMSCVEm pic.twitter.com/tERPgTzkZy

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com