റൊമാന്റിക്ക് ഫ്രാന്‍സ്, പൊരുതി വീണ് ക്രൊയേഷ്യ; 20 വര്‍ഷത്തിന് ശേഷം ലോക കിരീടത്തില്‍ ഫ്രഞ്ച് മുത്തം

ഫൈനലിന്റെ സമസ്ത സുന്ദര നിമിഷങ്ങളും കണ്ട മത്സരത്തില്‍ ക്രൊയേഷ്യയുടെ പോരാട്ട വീര്യത്തെ ഉജ്ജ്വലമായ തന്ത്രങ്ങള്‍ കൊണ്ടും പ്രതിഭാ മികവ് കൊണ്ടും മറികടന്ന് ലോക കിരീടത്തില്‍ ഫ്രാന്‍സിന്റെ രണ്ടാം മുത്തം
റൊമാന്റിക്ക് ഫ്രാന്‍സ്, പൊരുതി വീണ് ക്രൊയേഷ്യ; 20 വര്‍ഷത്തിന് ശേഷം ലോക കിരീടത്തില്‍ ഫ്രഞ്ച് മുത്തം

മോസ്‌കോ: ഫൈനലിന്റെ സമസ്ത സുന്ദര നിമിഷങ്ങളും കണ്ട മത്സരത്തില്‍ ക്രൊയേഷ്യയുടെ പോരാട്ട വീര്യത്തെ ഉജ്ജ്വലമായ തന്ത്രങ്ങള്‍ കൊണ്ടും പ്രതിഭാ മികവ് കൊണ്ടും മറികടന്ന് ലോക കിരീടത്തില്‍ ഫ്രാന്‍സിന്റെ രണ്ടാം മുത്തം. രണ്ടിനെതിരേ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് വിജയിച്ചത്. ആദ്യ പകുതിയില്‍ ക്രൊയേഷ്യയുടെ ആധിപത്യമായിരുന്നെങ്കില്‍ രണ്ടാം പകുതി ഫ്രഞ്ച് ടീമിന് അവകാശപ്പെട്ടതാണ്. മരിയോ മാന്‍സുകിചിന്റെ സെല്‍ഫ് ഗോളും അന്റോയിന്‍ ഗ്രിസ്മാന്റെ പെനാല്‍റ്റി ഗോള്‍, പോള്‍ പോഗ്ബ, കെയ്‌ലിയന്‍ എംബാപ്പെ എന്നിവരുടെ ഗോളുകളുമാണ് ഫ്രാന്‍സിന് രണ്ടാം ലോകകപ്പ് കിരീടം നേടിക്കൊടുത്തത്. ക്രൊയേഷ്യയുടെ ആശ്വാസ ഗോളുകള്‍ ഇവാന്‍ പെരിസിച്, മരിയോ മാന്‍സുകിച് എന്നിവര്‍ വലയിലാക്കി. 1998ല്‍ ക്യാപ്റ്റനെന്ന നിലയില്‍ ലോകകപ്പ് സ്വന്തമാക്കിയ ദിദിയര്‍ ദെഷാംപ്‌സ് കോച്ചെന്ന നിലയിലും നേട്ടം ആവര്‍ത്തിച്ച് ജര്‍മനിയുടെ ഫ്രാന്‍സ് ബെക്കന്‍ ബോവറുടേയും ബ്രസീലിന്റെ മരിയോ സഗാലോയുടേയും നേട്ടത്തിനൊപ്പമെത്തി. 

ഗ്രീസ്മാന്‍ എടുത്ത ഫ്രീകിക്ക് മരിയോ മാന്‍സുകിച്ചിന്റെ തലയില്‍ തട്ടി ക്രൊയേഷ്യന്‍ വലയില്‍ കയറിയാണ് കളിയുടെ 18ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ പിറന്നത്.29ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ച് ക്രൊയേഷ്യയുടെ സമനില ഗോള്‍ നേടി. ക്രൊയേഷ്യയുടെ ഒത്തിണക്കത്തോടെയുളള പ്രകടനമാണ് ഗോളിലേക്ക് വഴി തുറന്നത്. 37ാംമിനിറ്റില്‍ പെനാല്‍റ്റി കിക്കിലുടെ അന്റോയിന്‍ ഗ്രീസ്മാനാണ് ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ നേടിയത്. കോര്‍ണര്‍ കിക്കിനിടെ പെരിസിചിന്റെ കൈയില്‍ പന്ത് തൊട്ടതിനെ തുടര്‍ന്നാണ്  ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ ഫ്രാന്‍സ് 2-1ന് മുന്നില്‍.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തുടര്‍ച്ചയായി രണ്ടു ഗോളുകള്‍ നേടി കളിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഫ്രാന്‍സിന് സാധിച്ചത് നിര്‍ണായകമായി. 59ാം മിനിറ്റില്‍ മധ്യനിര താരമായ പോഗ്ബായാണ് ഫ്രാന്‍സിന്റെ ഗോള്‍ നില ഉയര്‍ത്തിയത്. തൊട്ടുപിന്നാലെ 67ാം മിനിറ്റില്‍ മുന്നേറ്റ താരം എംബാപ്പെ ക്രൊയേഷ്യന്‍ വല ചലിപ്പിച്ച് ഫ്രാന്‍സിന്റെ നില ഭദ്രമാക്കി.  

ക്രൊയേഷ്യക്ക് ഒരു ഗോള്‍ കൂടി മടക്കാന്‍ കഴിഞ്ഞെങ്കിലും അപ്പോഴേക്കും ഫ്രാന്‍സ് ജയം ഉറപ്പിച്ച മട്ടിലാണ് കളിച്ചത്. ഫ്രാന്‍സിന്റെ ക്യാപ്റ്റനും ഗോളിയുമായ ഹ്യൂഗോ ലോറിസിന്റെ അബദ്ധമാണ് ക്രൊയേഷ്യയ്ക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചത്. 69ാം മിനിറ്റിലായിരുന്നു ക്രൊയേഷ്യയുടെ രണ്ടാം ഗോള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com