അവരവനെ ആകാശം തൊടിയിച്ചു, ഹൃദയം നുറങ്ങിയിട്ടും അവരത് ചെയ്തു; ടൂര്‍ണമെന്റിനപ്പുറം കടന്ന ലോക കപ്പ്‌

കളിക്കളത്തിന് പുറത്ത് ഗ്യാലറിയിലും നിറഞ്ഞിരുന്നു കണ്ണ് നനയിപ്പിക്കുന്നതും ആവേശം ഉച്ഛിയിലെത്തിക്കുന്നതുമായ നിമിഷങ്ങള്‍
അവരവനെ ആകാശം തൊടിയിച്ചു, ഹൃദയം നുറങ്ങിയിട്ടും അവരത് ചെയ്തു; ടൂര്‍ണമെന്റിനപ്പുറം കടന്ന ലോക കപ്പ്‌

അട്ടിമറികളും, ആധികാരിക ജയങ്ങളും വിസ്മയിപ്പിക്കുന്ന കളികളുമായി താരങ്ങളും ടീമുകളും നാല് ആഴ്ച ലോകം വാഴുകയായിരുന്നു. എന്നാല്‍ കളിക്കളത്തിന് പുറത്ത് ഗ്യാലറിയിലും നിറഞ്ഞിരുന്നു കണ്ണ് നനയിപ്പിക്കുന്നതും ആവേശം ഉച്ഛിയിലെത്തിക്കുന്നതുമായ നിമിഷങ്ങള്‍...ലോക കപ്പ് എന്നത് ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് അപ്പുറം മറ്റ് പലതുമാണെന്ന് തെളിയിച്ച നിമിഷങ്ങള്‍...

അവരവനെ ആകാശം തൊടിയിച്ചു

ലോക കപ്പിന്റെ സ്പിരിറ്റ് ലോകത്തിന് മുന്നിലേക്ക് വെച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു അത്. വീല്‍ച്ചെയറില്‍ ഇരുന്ന് ഫുട്‌ബോള്‍ ആവേശത്തിനൊപ്പം ചേരാന്‍ എത്തിയ യുവാവിനെ ആരാധകര്‍ എടുത്ത് ഉയര്‍ത്തിയ ചിത്രം. 

ലോക കപ്പിലെത്തുന്ന എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ആരാധകരും കൂടിച്ചേരുന്ന ഇടമാണ് ഫാന്‍ ഫെസ്റ്റ്. ബ്രസീലിന്റേയും കൊളംബിയയുടേയും സെനഗലിന്റേയുമെല്ലാം ആരാധകര്‍ ആരവം ഉയര്‍ത്തി ആഘോഷിക്കുമ്പോള്‍ വീല്‍ച്ചെയറിലിരുന്ന് ഈജിപ്ത്യന്‍ ആരാധകനായ ഹസന്‍ സെഡ്കിയും തന്റെ ടീമിന്  വേണ്ടി ശബ്ദമുയര്‍ത്തി. 

ഹസനെ ശ്രദ്ധയില്‍പ്പെട്ടതോടെ കൂട്ടം കൂടി നിന്നിരുന്ന പല രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അവനെ എടുത്തുയര്‍ത്തി. 

ഹൃദയം നുറുങ്ങിയപ്പോഴും അവര്‍...

ആരാധകരുടെ കാര്യത്തില്‍ റഷ്യയില്‍ മുന്നില്‍ ജപ്പാന്‍ തന്നെ. എണ്ണം കൊണ്ടല്ല, പ്രവര്‍ത്തികൊണ്ടാണെന്ന് മാത്രം. ജര്‍മനിക്കെതിരായ പോരിന് ശേഷം സ്‌റ്റേഡിയം വൃത്തിയാക്കിയായിരുന്നു ജപ്പാന്‍ ലോകത്തിന് മാതൃകയായത്. 

റഷ്യയില്‍ നിന്നും മടങ്ങേണ്ടി വന്നതിന്റെ നിരാശയില്‍ നില്‍ക്കുമ്പോഴും സ്‌റ്റേഡിയം വൃത്തിയാക്കുവാന്‍ അവര്‍ തയ്യാറായി. ബെല്‍ജിയത്തിനെതിരെ തോറ്റ് ഹൃദയം തകര്‍ന്ന് നില്‍ക്കുമ്പോഴായിരുന്നു ഇത്. ആരാധകരുടെ പാത ടീം അംഗങ്ങളും തുടര്‍ന്നു. മത്സരത്തിന് ശേഷം ഡ്രസിങ് റൂം വൃത്തിയാക്കിയായിരുന്നു ജപ്പാന്‍ ടീമും മടങ്ങിയത്.

ദക്ഷിണ കൊറിയയെ എടുത്തുയര്‍ത്തിയ മെക്‌സിക്കോ

ഗ്രൂപ്പ് ഘട്ടത്തില്‍ സ്വീഡന്‍ മെക്‌സിക്കോയെ 3-0ന് തകര്‍ത്തു. അതോടെ ഒരു ഗോള്‍ നേടിയാല്‍ നോക്കൗട്ടിലേക്ക് കടക്കാമെന്ന് ജര്‍മനി സ്വപ്‌നം കണ്ടു. പക്ഷേ ദക്ഷിണ കൊറിയയുടെ പ്രഹരത്തില്‍ ആ സ്വപ്‌നം പൊലിഞ്ഞു. 

്അങ്ങിനെ ജര്‍മനിയെ പുറത്താക്കി മെക്‌സിക്കോയ്ക്ക് ജീവന്‍ നല്‍കിയ ദക്ഷിണ കൊറിയയെ സ്‌നേഹിച്ച് മെക്‌സിക്കോ ആരാധകര്‍ ദക്ഷിണ കൊറിയന്‍ ആരാധകനെ എടുത്തുയര്‍ത്തി ആഘോഷിക്കുന്ന നിമിഷവും റഷ്യയില്‍ കണ്ടു. 
 

ക്രൊയേഷ്യയുടെ പാര്‍ട്ടി

കിരീടം ഉയര്‍ത്തിയത് ഫ്രാന്‍സ്  ആണെങ്കിലും റഷ്യയില്‍ താരമായത് ക്രൊയേഷ്യയാണെന്ന കാര്യത്തില്‍ സംശയമേതുമില്ല. 45 ലക്ഷം ജനങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ചെറിയ മെഡിറ്ററേനിയന്‍ രാജ്യം പൊരുതിക്കൊണ്ടേ ഇരിക്കണം എന്ന് ലോകത്തെ ഓര്‍മിപ്പിക്കുകയായിരുന്നു. 

1992ല്‍ ലോക ഫുട്‌ബോളിലേക്ക് ഫിഫ ക്രൊയേഷ്യയ്ക്ക് വഴി തുറന്നതിന് ശേഷം ആദ്യമായിട്ടായിരുന്നു അവര്‍ ഒരു പ്രമുഖ ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് കടക്കുന്നത്. അത് അവര്‍ ആഘോഷമാക്കുക തന്നെ ചെയ്തു. 

രാജ്യ തലസ്ഥാനമായ സഗ്രെബില്‍ അവര്‍ നിരന്നു. മണല്‍ത്തരി പോലും താഴേക്ക് വീഴാത്ത വിധം അവര്‍ ടീമിനെ പിന്തുണയ്ക്കുന്നതിനായി നിരത്തില്‍ നിറഞ്ഞു. ഫൈനലില്‍ കാലിടറിയിട്ടും അവര്‍ നിരാശരാകാതെ ടീമിനെ പിന്തുണച്ച് തന്നെ നിന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com