ഫ്രാന്‍സില്‍ ആഘോഷങ്ങള്‍ കലാപമായി; രണ്ട് മരണം, ഏറ്റുമുട്ടല്‍, കണ്ണീര്‍ വാതക പ്രയോഗം 

ഫ്രാന്‍സിന്റെ ലോകകപ്പ് വിജയത്തിന്റെ ആഘോഷങ്ങള്‍ അതിരുവിട്ടപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ അരങ്ങേറി
ഫ്രാന്‍സില്‍ ആഘോഷങ്ങള്‍ കലാപമായി; രണ്ട് മരണം, ഏറ്റുമുട്ടല്‍, കണ്ണീര്‍ വാതക പ്രയോഗം 

പാരിസ്: ഫ്രാന്‍സിന്റെ ലോകകപ്പ് വിജയത്തിന്റെ ആഘോഷങ്ങള്‍ അതിരുവിട്ടപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ അരങ്ങേറി. രണ്ട് പേരുടെ മരണത്തിലും അത് കലാശിച്ചു. ജനങ്ങളുടെ ആഘോഷങ്ങള്‍ പരിധി ലംഘിക്കാന്‍ തുടങ്ങിയതോടെ പൊലീസ് അതിശക്തമായി തന്നെ ഇടപെട്ടു. പല നഗരങ്ങളിലും പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് ജനങ്ങളെ പിരിച്ചുവിട്ടത്. 

പാരിസിലാണ് ആഘോഷം ഭീകരാന്തരീക്ഷത്തിലേക്ക് പോയത്. നഗരത്തിലെ പ്രധാന സ്ഥലമായ ചാംപ്‌സ് എലിസില്‍ സംഘട്ടനങ്ങള്‍ തന്നെ അരങ്ങേറി. 

ഫ്രാന്‍സ് 4-2ന് ക്രൊയേഷ്യയെ പരാജയപ്പെടുത്തി ലോകകിരീടം ഏറ്റുവാങ്ങിയതിന് പിന്നാലെ അന്നെസിയില്‍ 50 കാരനായ ഒരു ആരാധകന്‍ സ്വയം കഴുത്തുമുറിച്ച് കനാലില്‍ ചാടി ആത്മഹത്യ ചെയ്തു. സെയ്ന്റ് ഫെലിക്‌സില്‍ വിജയത്തിന്റെ ആഹ്ലാദവുമായി കാറോടിച്ച 30കാരന്റെ കാര്‍ മരത്തിലിടിച്ച് യുവാവ് തത്കഷണം മരിച്ചു. പൊലീസിന്റെ കണ്ണീര്‍ വാതക പ്രയോഗത്തില്‍ നിരവധി പേര്‍ക്കാണ് പരുക്കേറ്റത്. 

പാരിസിലെ വീഥികളില്‍ നടന്ന യുവാക്കളുടെ വിജയാഘോഷം ആക്രമാസക്തമായി. 30ഓളം യുവാക്കള്‍ കടകള്‍ക്ക് നേരെ വൈന്‍, ഷാംപെയ്ന്‍ ബോട്ടിലുകള്‍ എറിഞ്ഞ് ഭീതി പരത്തി. ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരുക്കേറ്റു. സംഭവങ്ങളുമായി ബന്ധപ്പെട്ട് പത്ത് പേര്‍ അറസ്റ്റിലായിട്ടുണ്ട്. 

പല നഗരങ്ങളിലും യുവാക്കളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. യുവാക്കള്‍ കടകളില്‍ ഇരച്ചുകയറി ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും പൊലീസിന് നേരെ ആക്രമണം നടത്തുകയും ചെയ്തു. ലിയോണിലും പൊലീസും യുവാക്കളും തമ്മില്‍ ഏറ്റുമുട്ടല്‍ അരങ്ങേറി. ലിയോണ്‍ നഗരത്തിലെത്തിയ കാറുകള്‍ക്ക് നേരെയും വന്‍ അക്രമങ്ങളാണ് യുവാക്കള്‍ അഴിച്ചുവിട്ടത്. ബോര്‍ഡെക്‌സിലും മാഴ്‌സയിലുമെല്ലാം യുവക്കാള്‍ അഴിഞ്ഞാടി. 

ഫ്രാന്‍സിന്റെ ദേശീയ ദിനമായ ബാസ്റ്റില്‍ ഡേയായിരുന്നു ശനിയാഴ്ച. ഞായറാഴ്ച രാജ്യം മാറ്റുരയ്ക്കുന്ന ലോകകപ്പ് ഫൈനലും നടക്കുന്നതിനാല്‍ 110,000 സുരക്ഷാ ഭടന്‍മാരെ ഫ്രാന്‍സിന്റെ വിവിധയിടങ്ങളിലായി വന്ന്യസിപ്പിച്ചിരുന്നു. ചരിത്ര പ്രസിദ്ധമായ ഈഫല്‍ ടവറിന് സമീപം കൂറ്റന്‍ സ്‌ക്രീനില്‍ ഫൈനല്‍ പോരാട്ടം പ്രദര്‍ശിപ്പിച്ചത് കാണാന്‍ 90,000 ത്തോളം ജനങ്ങളാണ് തടിച്ചുകൂടിയത്. 

അക്രമം അതിരുവിട്ടതോടെ മിക്ക നഗരങ്ങളിലേയും റോഡ്, മെട്രോ ഗതാഗതകങ്ങള്‍ നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. ഫ്രാന്‍സ് ഫൈനലിലേക്ക് കടന്നപ്പോള്‍ തന്നെ ആക്രമണം നടക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് പാരിസിന്റെ വിവിധ ഭാഗങ്ങളിലായി 4000ത്തോളം പൊലീസ്, സുരക്ഷാ ജീവനക്കാരെ വിന്ന്യസിപ്പിച്ച് സര്‍ക്കാര്‍ മുന്‍കരുതല്‍ എടുത്തിരുന്നു. രണ്ടാം വട്ടവും ഫ്രഞ്ച് അധീശത്വം കിരീടമുറപ്പിച്ചതോടെ കാര്യങ്ങളെല്ലാം കൈവിട്ട അവസ്ഥയിലെത്തുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com