ലണ്ടനിലെ ദ്യോക്കോയും മോസ്‌ക്കോയിലെ ലൂക്കയും; വിജയിച്ചവനും പരാജിതരും ഹൃദയം കവര്‍ന്നിരുന്നു 

പോരാളിയുടെ മനഃശാസ്ത്രം പേറുന്നവര്‍ക്ക് കാലം കാത്തുവച്ച രണ്ട് ഉജ്ജ്വല ഉദാഹരണങ്ങളായിരുന്നു ആ രണ്ട് സൂപ്പര്‍ സണ്‍ഡേ ഫൈനലുകളും
ലണ്ടനിലെ ദ്യോക്കോയും മോസ്‌ക്കോയിലെ ലൂക്കയും; വിജയിച്ചവനും പരാജിതരും ഹൃദയം കവര്‍ന്നിരുന്നു 

രേസമയം രണ്ട് കാര്യങ്ങളാണ് ലോകത്തിലെ പ്രസിദ്ധമായ രണ്ട് നഗരങ്ങളില്‍ അരങ്ങേറിയത്. യുഗോസ്ലാവിയയില്‍ നിന്ന് രണ്ട് കാലങ്ങളിലായി വേര്‍പെട്ട രണ്ട് രാജ്യങ്ങളുടെ പ്രതിനിധികള്‍ വ്യത്യസ്തവും വിശ്വ പ്രസിദ്ധവുമായ രണ്ട് ഫൈനലുകള്‍ കളിക്കുന്നു. 

ലണ്ടനിലെ വിംബിള്‍ഡണ്‍ പുല്‍ത്തകിടിയില്‍ സെര്‍ബിയയുടെ നൊവാക്ക് ദ്യോക്കോവിച് ഇടവേളയ്ക്ക് ശേഷമുള്ള തന്റെ ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ കളിക്കുമ്പോഴാണ് 2,500 കിലോമീറ്റര്‍ അകലെയുള്ള മോസ്‌ക്കോയിലെ ലുഷ്‌നിക്കിയില്‍ തങ്ങളുടെ കന്നി ലോകകപ്പ് പോരാട്ടത്തിനായി ക്രൊയേഷ്യ മത്സരിക്കാനിറങ്ങിയത്. 

ദ്യോക്കോവിച് ദക്ഷിണാഫ്രിക്കക്കാരനായ കെവിന്‍ ആന്‍ഡേഴ്‌സനെ നേരിടുമ്പോള്‍ ആഫ്രിക്കയില്‍ വേരുകളുള്ള ഭൂരിഭാഗം കളിക്കാരെ ഉള്‍ക്കൊണ്ട ഫ്രാന്‍സായിരുന്നു ക്രൊയേഷ്യയുടെ എതിരാളികള്‍. 

എ.ടി.പി ലോക റാങ്കിങില്‍ ദ്യോക്കോവിച് 21ാം സ്ഥാനത്തായിരുന്നു. ഫിഫ റാങ്കിങില്‍ ക്രൊയേഷ്യ 20ാം റാങ്കിലായിരുന്നു. ദ്യോക്കോവിചും ക്രൊയേഷ്യയും എതിരാളികളെ നേരിട്ടതാകട്ടെ പുല്‍ത്തകടിയിലും. 

വിജയ സ്മിതം ദ്യോക്കോയുടെ മുഖത്ത് വിരിഞ്ഞപ്പോള്‍ ക്രൊയേഷ്യ കരയുകയായിരുന്നു. അവര്‍ക്ക് ആശ്വസിക്കാന്‍ ഒന്നേയുണ്ടായിരുന്നുള്ളു ക്യാപ്റ്റന്‍ ലൂക്ക മോഡ്രിചിന്റെ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍. 

ലോക ഒന്നാം നമ്പര്‍ പദവിയില്‍ നിന്ന് 21ാം റാങ്കിലേക്ക് വീണുപോയ ദ്യോക്കോവിചിന്റെ അസാമാന്യ തിരിച്ചുവരവ്. സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരമായ സ്‌പെയിനിന്റെ റാഫേല്‍ നദാലിനെയാണ് ദ്യോക്കോ വീഴ്ത്തിയത്. പരുക്കും ഫോമില്ലായ്മയും ആ കരിയറിനെ ചോദ്യ ചിഹ്നത്തില്‍ നിര്‍ത്തിയപ്പോള്‍ പതറാതെ പൊരുതാന്‍ കാണിച്ച ചങ്കുറപ്പാണ് കരിയറിലെ നാലാം വിംബിള്‍ഡണിലേക്ക് ദ്യോക്കോയെ നയിച്ചത്. 

മനുഷ്യ രക്തം സാക്ഷി പറഞ്ഞ് രൂപപ്പെട്ട ഒരു രാജ്യത്തിന്റെ പ്രതിനിധികളായി കളിക്കാനിറങ്ങുമ്പോള്‍ ലൂക്ക മോഡ്രിചിനും സംഘത്തിനും കൈമുതലായുണ്ടായിരുന്നത് പൊരുതാനുള്ള അതേ വീര്യം തന്നെ. സാമ്പത്തിക പ്രതിസന്ധികളും രാഷ്ട്രീയ അനിശ്ചിതാവസ്ഥയും എല്ലാം വേട്ടയാടുന്നതാണ് ക്രൊയേഷ്യയുടെ വര്‍ത്തമാന ജീവിതം. അതിനെല്ലാം പരിഹാരമായിരുന്നു അവര്‍ക്ക് ഫുട്‌ബോള്‍. അതുകൊണ്ടുതന്നെ ഓരോ വിജയങ്ങളും രാജ്യത്തിന്റെ കെട്ടുറപ്പ് ബലപ്പെടുത്തുന്ന ഈര്‍ജമായാണ് അവര്‍ കണ്ടത്. ഫൈനലില്‍ പോലും അവര്‍ അവസാന നിമിഷം വരെ പൊരുതി. പക്ഷേ ലൂക്കയുടെ ഗോള്‍ഡന്‍ ബോളില്‍ സന്തോഷം ഒതുങ്ങി.

രണ്ട് മൈതാനങ്ങളിലും സമാനമായി സംഭവിച്ചത് മറ്റൊരു കാര്യമായിരുന്നു. ദ്യോക്കോവിചും ക്രൊയേഷ്യയും ലോകത്തെ കോടാനുകോടി മനുഷ്യരുടെ ഹൃദയം കവര്‍ന്നിരുന്നു. പോരാളിയുടെ മനഃശാസ്ത്രം പേറുന്നവര്‍ക്ക് കാലം കാത്തുവച്ച രണ്ട് ഉജ്ജ്വല ഉദാഹരണങ്ങളായിരുന്നു ആ രണ്ട് സൂപ്പര്‍ സണ്‍ഡേ ഫൈനലുകളും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com