ലോകകപ്പ്: ആദ്യ ജയം റഷ്യയ്ക്ക്; തകര്‍ന്നടിഞ്ഞ് സൗദി, ചെമ്പടയുടെ വിജയം 5-0ന് 

ലോകകപ്പിലെ ആദ്യവിജയം ആതിഥേയര്‍ക്ക് എന്ന ചരിത്രം സ്റ്റാലിന്റെ പിന്‍മുറക്കാര്‍ കാത്തുസൂക്ഷിച്ചു 
ലോകകപ്പ്: ആദ്യ ജയം റഷ്യയ്ക്ക്; തകര്‍ന്നടിഞ്ഞ് സൗദി, ചെമ്പടയുടെ വിജയം 5-0ന് 

രിത്രം തെറ്റിക്കാന്‍ സൗദി അറേബ്യയെ റഷ്യ അനുവദിച്ചില്ല. ലോകകപ്പിലെ ആദ്യവിജയം ആതിഥേയര്‍ക്ക് എന്ന ചരിത്രം സ്റ്റാലിന്റെ പിന്‍മുറക്കാര്‍ കാത്തുസൂക്ഷിച്ചു. ഒരുതവണപോലും സൗദിയെ മുന്നേറാന്‍ അനുവദിക്കാതെ ആര്‍ത്തിരമ്പുന്ന സ്വന്തം ജനതയ്ക്ക് മുന്നില്‍ റഷ്യ വിജയിച്ചു കയറിയത് 5-0ന്. 

പകരക്കാനായി ഇറങ്ങിയ ഡെന്നീസ് ചെറിഷേവിന്റെ ഇരട്ട ഗോളിന്റെ കരുത്തില്‍ അറേബ്യയെ റഷ്യ ചുരുട്ടിക്കെട്ടി. കാലിന് പരിക്കേറ്റ് പിന്‍വാങ്ങിയ അലന്‍ സഖയേവിന് പകരമാണ് ചെറിഷേവ് കളിക്കാനിറങ്ങിയത്.പന്ത്രണ്ടാം മിനിട്ടില്‍ യൂറി ഗസിന്‍സ്‌കിയാണ് ആദ്യ ഗോള്‍ നേടിയത്. 43ാം മിനിറ്റില്‍ ഡെന്നീസ് ചെറിഷേവ് സൗദിക്കെതിരെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ചടുലമായ വേഗത്തില്‍ സൗദി പ്രതിരോധ നിരയെ വെട്ടിച്ചാണ് ചെറിഷേവ് ഗോള്‍ നേടിയത്. 71ാം മിനിറ്റില്‍ ആര്‍ട്ടം സ്യൂബയിലൂടെ ചെമ്പട വീണ്ടും അറേബ്യന്‍ വല കുലുക്കി.  വലതു വിങ്ങില്‍ നിന്നും ഗോളോവിന്‍ നീട്ടിനല്‍കിയ ക്രോസില്‍ സ്യൂബയുടെ ബുള്ളറ്റ് ഹെഡര്‍ സൗദി ഗോള്‍ കീപ്പറുടെ നിലതെറ്റിച്ച് വല കീഴടക്കുകയായിരുന്നു. തൊണ്ണൂറാം മിനിറ്റില്‍ ഇരട്ടഗോളുകളിലൂടെ സൗദിയുടെ മേല്‍ അവസാന പ്രഹരവും നല്‍കിയാണ് റഷ്യ കളിയവസാനിപ്പിച്ചത്. ചെറിഷേവ് തന്റെ രണ്ടാമത്തെ ഗോള്‍ നേടിയപ്പോള്‍ തൊട്ടുപുറകേയെത്തി ഗൊളോവിന്റെ ഗോള്‍. ഫ്രീകിക്കിലാണ് ഗൊളോവിന്‍ സൗദി വല കുലുക്കിയത്. 

അഅട്ടിമറി പ്രതീക്ഷിച്ചിറങ്ങിയ സൗദി തകര്‍ന്ന് തരിപ്പണമായ കാഴ്ചയാണ് കാണാന്‍ സാധിച്ചത്. ചെമ്പടയുടെ ഇരമ്പിയേറ്റത്തിന് മുന്നില്‍ അറേബ്യന്‍ പ്രതിരോധ നിര നിഷ്പ്രഭരായി. സമീപകാലത്തെ മോശം പ്രകടനത്തിന്റെ പേരില്‍ പഴികേട്ട റഷ്യന്‍ സംഘം ലോകകപ്പിന്റെ ആരവത്തില്‍നിന്നെല്ലാം അകന്നു നിന്നാണു തയാറെടുപ്പകള്‍ നടത്തിയത്. ആ തയ്യാറെടുപ്പുകളൊന്നും വെറുതേയായിട്ടില്ലെന്ന് ആദ്യ മത്സരത്തില്‍ തന്നെ റഷ്യ തെളിവുകള്‍ നിരത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com