'കണക്കുകള്‍ അപ്രതീക്ഷിതമായി പിഴക്കുന്ന നിമിഷങ്ങളെക്കുറിച്ചാണു നിങ്ങള്‍ ലാറ്റിന്‍ സൗന്ദര്യം യൂറോപ്യന്‍ തേങ്ങാപ്പുണ്ണാക്ക് എന്നൊക്കെപ്പറയുന്നത്!'

ലോകം ഒരു കാല്‍പ്പന്തായി ചുരുങ്ങി ആവേശത്തിലുരുളുമ്പോള്‍ ഫുട്‌ബോള്‍ കളിയിലെ കണക്കിനെക്കുറിച്ചും കണക്ക് പിഴകളെക്കുറിച്ചും പറയുകയാണ് സംഗീതജ്ഞന്‍ ഷഹബാസ് അമന്‍. 
'കണക്കുകള്‍ അപ്രതീക്ഷിതമായി പിഴക്കുന്ന നിമിഷങ്ങളെക്കുറിച്ചാണു നിങ്ങള്‍ ലാറ്റിന്‍ സൗന്ദര്യം യൂറോപ്യന്‍ തേങ്ങാപ്പുണ്ണാക്ക് എന്നൊക്കെപ്പറയുന്നത്!'

ലോകം ഒരു കാല്‍പ്പന്തായി ചുരുങ്ങി ആവേശത്തിലുരുളുമ്പോള്‍ ഫുട്‌ബോള്‍ കളിയിലെ കണക്കിനെക്കുറിച്ചും കണക്ക് പിഴകളെക്കുറിച്ചും പറയുകയാണ് സംഗീതജ്ഞന്‍ ഷഹബാസ് അമന്‍. 

ഷഹബാസ് അമന്‍ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പ്‌:

ഫുട്‌ബോള്‍ നിറച്ചും കണക്കാണു! അക്കങ്ങള്‍  നിറഞ്ഞതാണു അതിന്റെ ഉള്ളുകള്ളികള്‍! ഉദാഹരണത്തിനു ബ്രസീന്റെ അടിസ്ഥാന അക്ക നാമം 433 എന്നാണു!ഒരിക്കല്‍ ആ അക്കം മാറ്റിപ്പരീക്ഷിച്ച കോച്ചിനെ നാട്ടുകാര്‍ തച്ച്‌കൊന്നില്ല എന്നേയുള്ളു! എന്ന് പറഞ്ഞാല്‍ എടാ നാലേ മൂന്നേ മൂന്നേ എന്ന് ബ്രസീലിനെ നിങ്ങള്‍ക്ക് പിന്നില്‍ നിന്നും വിളിക്കാം! കെഎല്‍ 10 എന്ന് മലപ്പുറം അറിയപെടുന്നത് പോലെ! ഈ മട്ടിലാണു എല്ലാ ടീമുകളും സ്ഥിതി ചെയ്യുന്നത്! വേണമെങ്കില്‍ നിങ്ങള്‍ക്ക് പരിശോധിക്കാം! കണക്കിലെ കളികളാണു എല്ലാം! ഓരോ കളിക്കാരനും ഗ്രൗണ്ടിലേക്ക് ഇറങ്ങും മുന്‍പ് പ്രാര്‍ത്ഥിക്കുന്നത് തന്റെ കണക്ക് പിഴക്കരുതേ എന്നാണു! എന്തെന്നാല്‍ അയാള്‍ ടീമിലെ ഒരു അക്കമാണു! വണ്‍ ടച്ച് ടൂ ടച്ച് എന്നൊക്കെ അറിയപ്പെടുന്ന പ്രമാദമായ ചില മെഷറുകള്‍ക്കുള്ളില്‍ അയാളുടെ ശരീരചലനം നിര്‍ണ്ണിതമാണു! അയാളെയും കൂടി ചേര്‍ത്ത് അയാളുടെ രാജ്യം ഒരു കണക്ക് മാഷിനെ വെച്ച് തയ്യാറാക്കിയ ഒരു ഇക്ക്വേഷന്റെ ഭാഗമാണയാള്‍! മറ്റൊരു അക്കമായ 11 ല്‍ ഒരാള്‍! ചുരുക്കിപ്പറഞ്ഞാല്‍ കൂട്ടിയ കണക്കുകളെല്ലാം അതേ പടി ശരിയാവുകയായിരുന്നുവെങ്കില്‍ സംശയലേശമന്യേ അരസികമായിപ്പോകുമായിരുന്ന ഒരു കളി ലോകപൗരര്‍ ഒന്നടങ്കം ഇവ്വിധം ശ്വാസമടക്കിപ്പിടിച്ച് കാണാനിരിക്കുന്ന നിലവാരത്തിലെത്തിലേക്കുയര്‍ന്നതിന്റെ പിന്നിലെ മെയിന്‍ കാരണമെന്തായിരിക്കാം?! ഉത്തരം വളരെ സിമ്പിള്‍ ആണു!

'കണക്ക്‌പ്പെഴപ്പ്'!!

അതെ! ഓരോ രാജ്യത്തിന്റെയും ഓരോ കണക്കുമാഷ്മാരുടെയും കണക്കുകള്‍ അപ്രതീക്ഷിതമായി പിഴക്കുന്ന നിമിഷങ്ങളെക്കുറിച്ചാണു നിങ്ങള്‍ ലാറ്റിന്‍ സൗന്ദര്യം യൂറോപ്യന്‍ തേങ്ങാപ്പുണ്ണാക്ക് എന്നൊക്കെപ്പറയുന്നത്!മാഷ് കൊടുത്ത ഹോം വര്‍ക്ക് ചെയ്യാതെ തന്റെ പച്ചപ്പുല്‍നോട്ടില്‍ സ്വന്തം ബൂട്ട് കൊണ്ട് ഇഷ്ടമുള്ളത് കുത്തിക്കുറിക്കുന്ന വികൃതിക്കുട്ടികളെയാണു പെലെയെന്നും മറഡോണയെന്നും ഗെര്‍ഡ് മുള്ളറെന്നുമൊക്കെ നിങ്ങള്‍ വിളിക്കുന്നത്! 64 ക(ല)ളികളാണു ഇക്കുറി റഷ്യയില്‍ അരങ്ങേറാന്‍ പോകുന്നത്! ഇന്ന് ഈരേഴ് 14! പറഞ്ഞല്ലോ എല്ലാം കണക്കാണെന്ന്!

അതെ!

മനോഹരമായ കളികള്‍ കാണണമെങ്കില്‍ സ്വന്തം കണക്കുകൂട്ടലുകള്‍ പിഴക്കണേ എന്ന് പ്രാര്‍ത്ഥിക്കൂ!
എല്ലാവരോടും സ്‌നേഹം...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com