നിങ്ങള്‍ ബാഴ്‌സ ആരാധകനാണോ? ഈ കളികള്‍ നഷ്ടപ്പെട്ടാല്‍ പിന്നെ എന്ത് ലോക കപ്പ്‌

പതിനാല് കളിക്കാര്‍ പോരിനിറങ്ങുമ്പോള്‍ ബാഴ്‌സ ആരാധകര്‍ കാണാതെ വിടാന്‍ പാടില്ലാത്ത കളികള്‍
നിങ്ങള്‍ ബാഴ്‌സ ആരാധകനാണോ? ഈ കളികള്‍ നഷ്ടപ്പെട്ടാല്‍ പിന്നെ എന്ത് ലോക കപ്പ്‌

ക്ലബ് ഫുട്‌ബോളില്‍ ഒരുമിച്ച് കളിച്ച നിങ്ങളുടെ ഇഷ്ട താരങ്ങളെല്ലാം ലോക കിരീടത്തിനായുള്ള പോരിനിറങ്ങുമ്പോള്‍ ആ സൗഹൃദമെല്ലാം പിന്നിലേക്ക് വയ്ക്കും. റഷ്യയില്‍ ലോക കപ്പ് ആവേശം ഉയരുമ്പോള്‍ ബാഴ്‌സലോണ എഫ്‌സിയുടെ ആരാധകര്‍ക്ക് ആവേശത്തിലാറാടാന്‍ ഒരുപാട് കാരണങ്ങളുണ്ട്. 

ബാഴ്‌സയുടെ 14 കളിക്കാരാണ് ലോക കപ്പില്‍ പന്തു തട്ടാനിറങ്ങുന്നത്. ആ പതിനാല് കളിക്കാര്‍ പോരിനിറങ്ങുമ്പോള്‍ ബാഴ്‌സ ആരാധകര്‍ കാണാതെ വിടാന്‍ പാടില്ലാത്ത കളികള്‍ നോക്കാം...

ഈജിപ്ത് Vs ഉറുഗ്വേ

ലോക കപ്പിന്റെ രണ്ടാം ദിനം തന്നെ ബാഴ്‌സ ആരാധകരുടെ പ്രിയപ്പെട്ട സ്‌ട്രൈക്കര്‍ കളത്തിലിറങ്ങും. സലയുടെ ഈജിപ്തിനെതിരെയാണ് സുവാരസ് കൊമ്പുകോര്‍ക്കുന്നത്. ലോക കപ്പിലേക്ക് വരുമ്പോള്‍ സുവാരസിന് കൂട്ട് കുപ്രസിദ്ധിയാണ്. ചില്ലിനിയെ കടിച്ച മുറിപ്പാട് ഇന്നും ഫുട്‌ബോള്‍ ലോകം മറന്നിട്ടില്ല. 

ഗ്രൂപ്പ് എയില്‍ സുവാരസിന്റെ തോളിലേറിയാണ് ഉറുഗ്വേ എത്തുന്നത്. സല കൂടി കളത്തിലിറങ്ങിയാല്‍ ആരാധകര്‍ക്ക് ആവേശ പോര് ഉറപ്പാണ്. 

സ്‌പെയിന്‍ Vs പോര്‍ച്ചുഗല്‍

ലോക കപ്പിന്റെ ഗ്രൂപ്പ് ഡ്രോ പുറത്തു വന്നതിന് പിന്നാലെ ആരാധകര്‍ കാത്തിരുന്നതായിരുന്നു സ്‌പെയിന്‍ പോര്‍ച്ചുഗല്‍ പോരാട്ടം. പരിശീലകനെ അവസാന നിമിഷം മാറ്റേണ്ടി വന്നതിന്റെ ആഘാതവും പേറിയാണ് കിരീടം തിരിച്ചു പിടിക്കാന്‍ സ്‌പെയിന്‍ ഇറങ്ങുന്നത്. 

പിക്വെയും ഇനിയെസ്റ്റയും ആല്‍ബയും സ്‌പെയിനിന് വേണ്ടി ക്രിസ്റ്റ്യാനോയ്‌ക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ ബാഴ്‌സ ഫാന്‍സിന് അത് മിസ് ചെയ്യാനാവില്ല. 

ബ്രസില്‍ Vs സ്വിറ്റ്‌സര്‍ലാന്‍ഡ്

സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ പോരിനിറങ്ങിയാണ് ബ്രസീലിന്റെ ആദ്യ ലോക കപ്പ് മത്സരം. ആറാം കിരീടം ലക്ഷ്യമിട്ട് ബ്രസീലിറങ്ങുമ്പോള്‍ ബാഴ്‌സയില്‍ നിന്നും കുട്ടിഞ്ഞോയും പൗളിഞ്ഞോയുമാണ് കാനറികളുടെ ശക്തി കൂട്ടാന്‍ ഇറങ്ങുന്നത്. 

സന്നാഹ മത്സരത്തില്‍ ഉള്‍പ്പെടെ ഗോള്‍ വല കുലുക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് കുട്ടിഞ്ഞോ. ടിറ്റേയ്ക്ക് കീഴില്‍ മികച്ച ഗോള്‍ സ്‌കോറിങ് പൗളിഞ്ഞോയ്ക്കുമുള്ളപ്പോള്‍ ബ്രസീലിന് പേടിക്കാനൊന്നുമില്ല. 

അര്‍ജന്റീന Vs ക്രോയേഷ്യ

ബാഴ്‌സയിലെ സഹതാരമായ റാകിടിക്കിനെതിരെ മെസി കളത്തിലിറങ്ങും. ഗ്രൂപ്പ് ഡിയിലെ അര്‍ജന്റീനയുടെ രണ്ടാം മത്സരമാണ് ക്രോയേഷ്യയ്‌ക്കെതിരെ. ലോക കപ്പിലേക്ക് അര്‍ജന്റീനയെ മെസി നയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അങ്ങിനെ സംഭവിച്ചാല്‍ ബാഴ്‌സ ആരാധകരുടെ സന്തോഷത്തിനും അതിരുണ്ടാവില്ല. 

എന്നാല്‍ അര്‍ജന്റീനയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ശക്തരായ താരങ്ങളുമായിട്ടാണ് ക്രോയേഷ്യ എത്തുന്നത്. റയല്‍ മാഡ്രിഡിന്റെ ലുകാ മോഡ്രിക്കും, മാറ്റിയോ കൊവാസികും അര്‍ജന്റീനയ്ക്ക് തലവേദന തീര്‍ക്കും. 

ഡെന്‍മാര്‍ക്ക് Vs ഫ്രാന്‍സ്

ഡെന്‍മാര്‍ക്കിനെതിരെയാണ് ഫ്രാന്‍സിന്റെ അവസാന ഗ്രൂപ്പ് മത്സരം. ഇവിടെ അന്റോയിന്‍ ഗ്രീസ്മന്നും ക്രിസ്റ്റിയന്‍ എറിക്‌സെന്നും തമ്മിലുള്ള പോരായിരിക്കും ബാഴ്‌സ ഫാന്‍സിന്റെ ശ്രദ്ധ പിടിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com