ബൂട്ടില്ലാതെ കളിക്കണം എന്നതല്ല; ലോക കപ്പിലേക്ക് യോഗ്യത നേടിയിട്ടും അന്ന് ഇന്ത്യയെ തോല്‍പ്പിച്ചത് മറ്റൊന്ന്‌

ലോക കപ്പിനെത്തുന്നതിനുള്ള ചിലവുകളും തങ്ങള്‍ വഹിക്കാമെന്ന് ബ്രസീല്‍ വാഗ്ദാനം ചെയ്തിരുന്നതായാണ് പറയപ്പെടുന്നത്
ബൂട്ടില്ലാതെ കളിക്കണം എന്നതല്ല; ലോക കപ്പിലേക്ക് യോഗ്യത നേടിയിട്ടും അന്ന് ഇന്ത്യയെ തോല്‍പ്പിച്ചത് മറ്റൊന്ന്‌

ബെര്‍ലിന്‍ മുതല്‍ മലപ്പുറത്തുള്ളവര്‍ വരെ ഇഷ്ട ടീമുകളുടെ ജേഴ്‌സിയില്‍ നിരത്തുകളില്‍ പ്രത്യക്ഷപ്പെടുന്ന നാളുകളാണ് ഇനിയുള്ള ഒരു മാസം. ഫുട്‌ബോളിനെ നെഞ്ചോട് ചേര്‍ക്കുന്ന രാജ്യം തന്നെയാണ് ഇന്ത്യ. ക്ലബ് ഫുട്‌ബോളിലും രാജ്യാന്തര ഫുട്‌ബോളിലും ഒരേപോലെ ഇഷ്ടങ്ങളും നിലപാടുകളുമുള്ള ജനതയുള്ള രാജ്യം. പക്ഷേ ലോക കപ്പ് പോലെ ഒരു ടൂര്‍ണമെന്റില്‍ സ്വന്തം ടീമിനെ പിന്തുണയ്ക്കാന്‍ സാധിക്കാത്തതിന്റെ നിരാശ വര്‍ഷങ്ങളായി വിട്ടകലാതെ നമ്മെ പിടികൂടിയിട്ട്. 

എന്നാല്‍ ഇന്ത്യയും ഒരിക്കല്‍ ലോക കപ്പിന് യോഗ്യത നേടിയിരുന്നു എന്ന് നിങ്ങളില്‍ എത്ര പേര്‍ക്കറിയാം. 1950ലായിരുന്നു ഇന്ത്യ ലോക കപ്പിന് യോഗ്യത നേടിയത്. ബ്രസീലായിരുന്നു അന്ന് ലോക കപ്പ് വേദിയായി നിശ്ചയിത്തപ്പെട്ടതും. എന്നാല്‍ പിന്നെ എന്ത് സംഭവിച്ചു? 

ബൂട്ടണിയാതെ കളിക്കാന്‍ അനുവദിക്കണം എന്ന വാദം ഉന്നയിച്ചതിനെ തുടര്‍ന്ന് ഇന്ത്യയെ കളിക്കാന്‍ അനുവദിച്ചില്ലെന്നാണ് ഒരു വാദം. എന്നാല്‍ സംഭവം അങ്ങിനെ അല്ലെന്നാണ് ഇന്ത്യയുടെ എക്കാലത്തേയും മികച്ച പ്രതിരോധ നിരക്കാരനായി കണക്കാക്കപ്പെടുന്ന സെയ്‌ലന്‍ മന്ന പറയുന്നത്. 

1948ലെ ഒളിംപിക്‌സ് ഫുട്‌ബോളില്‍ ഇന്ത്യ തിളങ്ങിയിരുന്നു. അന്ന് ബൂട്ടണിയാതെയായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങിയത്. സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഇന്ത്യയുടെ വലിയ രാജ്യാന്തര കായിക വേദിയായിരുന്നു അത്. ഫുട്‌ബോള്‍ ലോക കപ്പിലേക്ക് എത്തിയപ്പോള്‍ ഷൂ അല്ല വിഷയമായത് എന്നാണ് സെയ്‌ലെന്‍ മന്ന പറയുന്നത്. 

ഒളിംപിക്‌സ് പോലെ ഫുട്‌ബോള്‍ ലോക കപ്പിന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രാധാന്യം നല്‍കിയില്ലെന്നും, ഇതാണ് ഇന്ത്യയെ പിന്നോട്ടടിച്ചതെന്നും അദ്ദേഹം പറയുന്നു. ബൂട്ടിന്റെ കാര്യം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഒരു ആയുധമാക്കുകയായിരുന്നു. 

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ആദ്യ ലോക കപ്പായിരുന്നു അത്. ഉപരോധങ്ങളെ തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ക്ക് ലോക കപ്പില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നു. സ്‌കോട്ട്‌ലാന്‍ഡ്, ചെക്കോസ്ലോവാക്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് അങ്ങിനെ പുറത്ത് നില്‍ക്കേണ്ടി വന്നു. അങ്ങിനെ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം 13ലേക്കെത്തി. 

ഒരു ഏഷ്യന്‍ രാജ്യം പോലും ലോക കപ്പിന്റെ ഭാഗമാകുന്നില്ലെന്ന് കണ്ട് ബ്രസീല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ സമീപിച്ചു. ലോക കപ്പിനെത്തുന്നതിനുള്ള ചിലവുകളും തങ്ങള്‍ വഹിക്കാമെന്ന് ബ്രസീല്‍ വാഗ്ദാനം ചെയ്തിരുന്നതായാണ് പറയപ്പെടുന്നത്. എന്നാല്‍ പണചിലവ്, പരിശീലനത്തിനുള്ള സമയ പോരായ്മ എന്നിവ കൂടാതെ ബ്രസീലിലേക്കുള്ള നീണ്ട യാത്രയുടെ അസൗകര്യവും ചൂണ്ടിക്കാട്ടി ഫുട്‌ബോള്‍ ഫെഡറേഷന്‍ പിന്മാറുകയായിരുന്നു എന്നാണ് സെയ്‌ലന്‍ മന്ന പറയുന്നത്. 

എന്ത് കാരണം കൊണ്ടാണെങ്കിലും 68 വര്‍ഷമായി ഇന്ത്യ കാത്തിരിക്കുകയാണ്, ലോക കപ്പ് യോഗ്യതയ്ക്കായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com