സലയുടെ കാര്യത്തില്‍ കാലാവസ്ഥാ പ്രവചനവുമായി കോച്ച്; കളിച്ചാല്‍ പറയാം കളിച്ചെന്ന്‌

നിര്‍ണായകമായ രണ്ടാം മത്സരത്തിന് ഇറങ്ങുമ്പോഴും സലയുടെ കാര്യത്തില്‍ ഉരുണ്ട് കളിച്ച് ഈജിപ്ത് പരിശീലകന്‍
സലയുടെ കാര്യത്തില്‍ കാലാവസ്ഥാ പ്രവചനവുമായി കോച്ച്; കളിച്ചാല്‍ പറയാം കളിച്ചെന്ന്‌

ഉറുഗ്വേയ്‌ക്കെതിരെ മികച്ച പ്രതിരോധം തീര്‍ത്ത് നിന്ന് ഒടുക്കം പിഴച്ചെങ്കിലും കാത്തിരിപ്പിനൊടുവില്‍ ലോക കപ്പിലേക്കെത്തിയ ഈജിപ്ത് കയ്യടി നേടിയാണ് ആദ്യ മത്സരം അവസാനിപ്പിച്ചത്. മുന്നേറ്റ് നിരയില്‍ അന്ന് സലയുണ്ടായിരുന്നേല്‍ ഗോളാകുമെന്ന് ഉറപ്പിച്ച മുന്നേറ്റങ്ങളും ഈജിപ്തിന്റെ ഭാഗത്ത് നിന്നുമുണ്ടായി. പക്ഷേ നിര്‍ണായകമായ രണ്ടാം മത്സരത്തിന് ഇറങ്ങുമ്പോഴും സലയുടെ കാര്യത്തില്‍ ഉരുണ്ട് കളിച്ച് ഈജിപ്ത് പരിശീലകന്‍. 

ഉറുഗ്വേയ്‌ക്കെതിരായ കളിക്ക് മുന്‍പ് സല കളിക്കിറങ്ങുമെന്നായിരുന്നു ഈജിപ്ത് പരിശീലകന്റെ വാക്കുകള്‍. എന്നാല്‍ പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കാടെ ബെഞ്ചിലിരിക്കുകയായിരുന്നു സല. ഇന്ന് റഷ്യയ്‌ക്കെതിരെ കളിക്കിറങ്ങുമ്പോഴും സല പൂര്‍ണ ആരോഗ്യവാനാണെന്നാണ് ഈജിപ്ത്യന്‍ കോച്ച് പറയുന്നത്. 

പരിക്കില്‍ നിന്നും സല പൂര്‍ണ മുക്തനായെന്ന് പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന് മറ്റൊരു ഫിറ്റ്‌നസ് ടെസ്റ്റ് കൂടി കടക്കേണ്ടതായി വന്നിരിക്കുകയാണെന്നും ഹെക്ടര്‍ കൂപ്പര്‍ പറയുന്നു. ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തിന്റെ സമയത്തും സല പൂര്‍ണ ആരോഗ്യവാനായിരുന്നു. എന്നാല്‍ അന്നും ഫിസിക്കല്‍ ടെസ്റ്റ് വേണ്ടി വന്നു. ഇന്നും വളരെ പ്രധാനപ്പെട്ട ടെസ്റ്റിലൂടെ സലയ്ക്ക് കടന്നു പോകേണ്ടതുണ്ടെന്നാണ് ഈജിപ്ത്യന്‍ കോച്ചിന്റെ വിശദീകരണം. 

അതിനിടെ നാളത്തേക്ക് തയ്യാറല്ലേയെന്ന് ചോദിച്ചെത്തിയ സലയുടെ ട്വീറ്റ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. 100 മില്യണ്‍ സ്‌ട്രോങ് എന്നായിരുന്നു നിശ്ചയദാര്‍ഡ്യത്തിന്റെ കരുത്തുമായി നില്‍ക്കുന്ന വീഡിയോ ഷെയര്‍ ചെയ്ത് സല പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com