മഞ്ഞുമല തകര്‍ത്ത് ക്രൊയേഷ്യ; ഗ്രൂപ്പില്‍ ഒന്നാമനായി പ്രീക്വാര്‍ട്ടറില്‍ 

മഞ്ഞുമല തകര്‍ത്ത് ക്രൊയേഷ്യ; ഗ്രൂപ്പില്‍ ഒന്നാമനായി പ്രീക്വാര്‍ട്ടറില്‍ 

മികച്ച കളിയിലൂടെ ലോകത്തെ ഞെട്ടിച്ചാണ് ഐസ് ലന്‍ഡ് ലോകകപ്പില്‍ നിന്ന് മടങ്ങുന്നത്

നിര്‍ണായക മത്സരത്തില്‍ ഐസ് ലന്‍ഡിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ക്രൊയേഷ്യ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇഞ്ചുറി ടൈമില്‍ ഇവാന്‍ പെര്‍സിച്ചാണ് ക്രൊയേഷ്യയുടെ വിജയഗോള്‍ നേടിയത്. മികച്ച കളിയിലൂടെ ലോകത്തെ ഞെട്ടിച്ചാണ് ഐസ് ലന്‍ഡ് ലോകകപ്പില്‍ നിന്ന് മടങ്ങുന്നത്. കളിച്ച മൂന്ന് കളിയിലും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ക്രൊയേഷ്യ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. 

ഐസ് ലന്‍ഡിനെതിരെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ വല ചലിപ്പിച്ചാണ് ക്രൊയേഷ്യ നിര്‍ണായക ലീഡ് നേടിയത്. 

53ാം മിനിറ്റില്‍ മിലന്‍ ബഡെല്‍ജിയാണ് 10 യാര്‍ഡ് അകലെ നിന്നും ഗോള്‍ വല ചലിപ്പിച്ചത്. 55ാം മിനിറ്റില്‍ ക്രൊയേഷ്യക്കെതിരെ ഐസ് ലന്‍ഡ് മറുപടി ഗോള്‍ നല്‍കുമെന്ന് തോന്നിച്ചെങ്കിലും ഇന്‍ങ്കാസന്റെ ഹെഡര്‍ ബാറിന് പുറത്തു കൂടി പോവുകയായിരുന്നു. എന്നാല്‍ വൈകാതെ പെനാല്‍റ്റിയിലൂടെ ഐസ് ലന്‍ഡ് സമനില ഗോള്‍ നേടി. സിഗര്‍ഡസനായിരുന്നു പിഴയ്ക്കാതെ ഗോള്‍ വല ചലിപ്പിച്ച് ഐസ് ലന്‍ഡിനെ ഒപ്പത്തിന് ഒപ്പമെത്തിച്ചത്. ക്രൊയേഷ്യയുടെ ലവ്‌റെന്‍സിന്റെ കയ്യില്‍ പന്ത് തട്ടിയതിനെ തുടര്‍ന്നായിരുന്നു ഐസ് ലന്‍ഡിന് പെനാല്‍റ്റി ലഭിച്ചത്.

ആദ്യ പകുതിയില്‍ ഐസ് ലന്‍ഡിനും ക്രൊയേഷ്യയ്ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ വല ചലിപ്പിക്കാനായില്ല. ആദ്യ പകുതി അവസാനത്തോട് അടുത്തപ്പോള്‍ തുടരെ അവസരങ്ങള്‍ സൃഷ്ടിച്ച് ഐസ് ലന്‍ഡ് ക്രൊയേഷ്യയെ കുഴക്കിയിരുന്നു. ബോക്‌സിന് പുറത്ത് നിന്നുള്ള ഹല്‍ഫെര്‍ഡ്‌സന്റെ ഷോട്ട് നിര്‍ഭാഗ്യം കൊണ്ട് ബാറിന് മുകളിലൂടെ പുറത്തേക്ക് പോവുകയായിരുന്നു. 

തൊട്ടുപിന്നാലെ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ ബ്രജന്‍സനിലൂടെ ഐസ് ലന്‍ഡിന് വീണ്ടും അവസരം ലഭിച്ചെങ്കിലും ഗോളിയുടെ കാലില്‍ തട്ടി ക്രൊയേഷ്യ രക്ഷപ്പെടുകയായിരുന്നു. അര്‍ജന്റീനയ്ക്ക് വേണ്ടി ഐസ് ലന്‍ഡിനെ തോല്‍പ്പിക്കുമെന്ന് ക്രൊയേഷ്യ പ്രഖ്യാപിച്ചിരുന്നു. നൈജീരിയയ്‌ക്കെതിരെ അര്‍ജന്റീന മുന്നിട്ട് നില്‍ക്കുമ്പോള്‍ ക്രൊയേഷ്യ ഐസ് ലന്‍ഡിനെ തകര്‍ക്കുമോ എന്നതും അര്‍ജന്റീനിയന്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com