കൈവിട്ടത് ലോകകപ്പ് മാത്രമല്ല ; ജര്‍മ്മനിക്ക് നഷ്ടമായത് 20 കോടി യൂറോ

ജര്‍മ്മനിയുടെ നിര്‍ണായക മല്‍സരം കാണാന്‍ രാജ്യത്തെ 70 ശതമാനത്തിലേറെ ആളുകളാണ് അവധിയെടുത്ത് ടെലിവിഷന് മുന്നില്‍ ഇരുന്നത്
കൈവിട്ടത് ലോകകപ്പ് മാത്രമല്ല ; ജര്‍മ്മനിക്ക് നഷ്ടമായത് 20 കോടി യൂറോ

ബര്‍ലിന്‍ : ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മ്മനി, താരതമ്യേന ദുര്‍ബലരായ ദക്ഷിണ കൊറിയയോട് തോറ്റു ടൂര്‍ണമെന്റില്‍ നിന്നും പുറത്തായപ്പോള്‍ നഷ്ടമായത് ലോകകിരീടം നിലനിര്‍ത്തുക എന്ന സ്വപ്‌നം മാത്രമല്ല. അന്നേദിവസം രാജ്യത്തിന് ഏകദേശം 20 കോടി യൂറോയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായാണ് കണക്കുകള്‍. ജര്‍മ്മനിയുടെ ഗ്രൂപ്പ് റൗണ്ടിലെ നിര്‍ണായക മല്‍സരം കാണാന്‍ രാജ്യത്തെ 70 ശതമാനത്തിലേറെ ആളുകളാണ് അവധിയെടുത്ത് ടെലിവിഷന് മുന്നില്‍ ഇരുന്നത്. 

ഇത്രയേറെ പേര്‍ കൂട്ടത്തോടെ ജോലിക്ക് ഹാജരാകാതിരുന്നതോടെ, രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് 200 ദശലക്ഷം യൂറോയുടെ നഷ്ടമാണ്  രേഖപ്പെടുത്തിയതെന്ന്
പ്രമുഖ ധനകാര്യസ്ഥാപനമായ ഡ്യൂഷെന്‍ വിര്‍ട്‌സ്ചാഫ്റ്റ് അധികൃതര്‍ വ്യക്തമാക്കി. 

ദക്ഷിണ കൊറിയയോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റാണ് നിലവിലെ ചാമ്പ്യന്മാര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായത്. 1938 ന് ശേഷം ഇതാദ്യമായാണ് ജര്‍മന്‍ ടീം ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്നത്. മൂന്ന് പോയിന്റുമായി ദക്ഷിണ കൊറിയ ഗ്രൂപ്പില്‍ മൂന്നാമതെത്തിയപ്പോള്‍, അവസാന സ്ഥാനക്കാരായാണ് ലോകചാമ്പ്യന്മാരുടെ ദയനീയ മടക്കം. 

അതിനിടെ ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ കോച്ച് ജോക്വിം ലോ സ്ഥാനമൊഴിയണമെന്ന മുറവിളി ശക്തമായി. 58 കാരനായ ലോയ്ക്ക് 2022 വരെ കോച്ചായി തുടരാന്‍ ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി കരാറുണ്ട്. എന്നാല്‍ ലോകകപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സ്ഥാനമൊഴിയുന്നതിനെ കുറിച്ച് ജോക്വിം ലോ ഗൗരവമായി ചിന്തിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ലോ സ്ഥാനമൊഴിയേണ്ടതില്ലെന്നാണ് ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് റെയിനാഡ് ഗ്രിന്‍ഡലിന്റെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com