
തിരുവനന്തപുരം: മൂന്നാറിലെ പൊതുമരാമത്ത് റസ്റ്റ് ഹൌസ് ജീവനക്കാര്‍ സ്വകാര്യകമ്പനിക്ക് വഴിവിട്ട് സഹായം ചെയ്തത് പരിശോധനയില്‍ നിന്ന് വ്യക്തമായ സാഹചര്യത്തില്‍ കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
2011-16 യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ഭീമമായ ക്രമക്കേടുകളുടെ കാലത്ത് അതിനോടെല്ലാം സഹകരിച്ച് പോന്നിരുന്നവര്‍ക്ക് പിണറായി സര്‍ക്കാരിന്റെ കാലത്തെ 'പുതിയ കാലം പുതിയ നിര്‍മ്മാണം' എന്ന വകുപ്പിന്റെ കാഴ്ചപാട് മനസ്സിലായിട്ടില്ലെന്നാണ് തോന്നുന്നത്. മാറിവരാന്‍ താമസം എടുക്കും. പക്ഷേ പൊതുമുതല്‍ അടിയറവ് വെച്ചതിന് സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കും. യാതൊരു മാപ്പും ഉണ്ടാകില്ല മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:
സര്‍ക്കാരിന്റെ അധീനതയിലുണ്ടായിരുന്ന മൂന്നാര്‍ റെസ്റ്റ് ഹൗസ് അവിചാരിതമായി സന്ദര്‍ശിച്ചു. സര്‍ക്കാരിന്റെ സ്വത്ത് ലജ്ജയില്ലാതെ സ്വകാര്യ മേഖലയ്ക്ക് പരസ്യമായി അടിയറ വെച്ചിരിക്കുന്നതായാണ് മനസ്സിലായത്. റൂമുകള്‍ എല്ലാം തുറന്ന് കിടക്കുന്നു. ജീവനക്കാര്‍ ആരും തന്നെയില്ല. വിനോദ സഞ്ചാരമേഖലയായതിനാല്‍ മൂന്നാര്‍ പ്രശസ്തമായ റെസ്റ്റ് ഹൗസാണ്. 11 മുറികളാണ് ഇവിടെയുള്ളത്. അതില്‍ 8 മുറികള്‍ 2002 ലെ യു.ഡി.എഫ് സര്‍ക്കാര്‍ ഒരു സ്വകാര്യ കമ്പനിക്ക് (മര്‍മേഡ്) പാട്ടത്തിന് നല്‍കി. ബാക്കി മൂന്ന് മുറികള്‍ പൊതുമരാമത്ത് റെസ്റ്റ് ഹൗസായി ഉപയോഗിക്കാന്‍ അനുവദിച്ചു.
ഈ സ്വകാര്യ കമ്പനി കോടികണക്കിന് രൂപ മുടക്കി പുതിയ നിര്‍മ്മാണങ്ങള്‍ പലത് നടത്തി ക്യാന്റീനുകളും കൂടുതല്‍ മുറികളും നിര്‍മ്മിച്ചു. ഇതൊക്കെ മന്ത്രിസഭയുടെ അംഗീകാരത്തോടെ മാത്രമെ ചെയ്യാന്‍ പാടുള്ളു. സ്വകാര്യ കമ്പനിയിലെ ഉദ്യോസ്ഥര്‍ പറയുന്നു അന്നത്തെ മന്ത്രിസഭയുടെ അംഗീകാരം കിട്ടിയിട്ടുണ്ടെന്ന്.
പൊതുമരാമത്ത് വകുപ്പിന് മാറ്റിവെച്ച 3 മുറികളില്‍ നടുക്കായി ഒരു ചെറിയ ഓഫീസ് മുറിയുണ്ട്. നമ്മുടെ അധിനതയിലുള്ള ഈ മുറികളും സ്വകാര്യ കമ്പനി തന്നെയാണ് ഉപയോഗിക്കുന്നത്. എന്തായാലും പരിശോധന നടത്തിയതിലൂടെ ഒക്കുപ്പേഷന്‍ രജിസ്റ്റര്‍ കണ്ടെത്തി. സര്‍ക്കാരിന്റെ വാടക രജിസ്റ്റര്‍ സ്വകാര്യ വ്യക്തികളാണ് കൈകാര്യം ചെയ്യുന്നത്. സ്വകാര്യ വ്യക്തികളുടെ ഓഫീസ് മുറിയില്‍ വകുപ്പിന്റെ രജിസ്റ്റര്‍ വെക്കുകയും അവരെകൊണ്ട് കൈകാര്യം ചെയ്യിപ്പിക്കുകയും ചെയ്തിട്ട് പൊതുമരാമത്ത് എഞ്ചിനീയര്‍മാരാണ് ഇത് കൈകാര്യം ചെയ്യുന്നതെന്ന് വെളിയില്‍ പറയുകയുമാണ്.
സര്‍ക്കാര്‍ രജിസ്റ്റര്‍ സ്വകാര്യ വ്യക്തികളുടെ കൈയ്യില്‍ നിന്നും കണ്ടെടുത്തതിനെ തുടര്‍ന്ന് സ്വകാര്യകമ്പനി അന്യായമായി കൈവശം വെച്ചതിനും പൊതുമരാമത്ത് വകുപ്പിന്റെ സ്ഥാപനത്തെ പൂര്‍ണ്ണമായും സ്വകാര്യവത്കരിക്കാന്‍ ശ്രമിച്ചതിനും ബന്ധപ്പെട്ട എഞ്ചിനീയര്‍മാരുടെ പേരിലും എഫ്.ഐ.ആര്‍ തയ്യാറാക്കി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. ഒക്കുപ്പേഷന്‍ രജിസ്റ്ററില്‍ വ്യക്തമായി സന്ദര്‍ശന കുറിപ്പും സമയവും ഞാന്‍ എഴുതി ഒപ്പിട്ട് കൊടുത്തിട്ടുണ്ട്.
കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും പോലീസിനെ ഏല്‍പ്പിച്ച ഫയലുകള്‍ കേസ് ഫയല്‍ ചെയ്ത് റിപ്പോര്‍ട്ടോട് കൂടി തിരുവനന്തപുരത്തുള്ള ഓഫീസില്‍ എത്തിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. ശേഷം എം.എല്‍.എ എസ്.രാജേന്ദ്രനുമായും എം.പി അഡ്വ. ജോയിസ് ജോര്‍ജ് എന്നിവരുമായും സംസാരിച്ചു. എം.എല്‍.എ ചോദിച്ചാല്‍ ഒരു മുറി കിട്ടില്ലായെന്നാണ് അറിഞ്ഞത്. അവിടെ ഒരു മുറിക്ക് 7000 8000 വരെയോളം വാടക കാണും.
പി.ഡബ്യു.ഡി നിശ്ചയിച്ചിട്ടുള്ള തുകയില്‍ മുറി കൊടുത്തിട്ട് അവര്‍ക്ക് വേറെ റെസീപ്റ്റ് കൊടുക്കുന്നതായാണ് അറിയുന്നത്. ഇത് പൊതുമരാമത്ത് വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ വരെ അറിഞ്ഞ് കൊണ്ട് തന്നെ വര്‍ഷങ്ങളായി നടക്കുന്ന കാര്യമാണ്. ഒരു പരിശോധനകളും നടത്തി ഇങ്ങനെ ഒരു കാര്യമുള്ളത് വകുപ്പിലെ ഒരു ഉദ്യോഗസ്ഥരും എന്നെ അറിയിച്ചിട്ടില്ല.
പോലീസ് റിപ്പോര്‍ട്ടിന് ശേഷം ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ നടപടി എടുക്കുന്ന കാര്യം ആലോചിച്ച് വരികയാണ്. ബഹുമാനപ്പെട്ട കേന്ദ്ര ഉപരിതല മന്ത്രാലയം വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി മൂന്നാര്‍ പൂപ്പാറ ബോഡിമെട്ട് ദേശീയപാതയുടെ നിര്‍മാണോദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷപദം ഏറ്റെടുക്കുന്നതിനായിട്ടാണ് മൂന്നാര്‍ എത്തിയത്. റെസ്റ്റ് ഹൗസിലെത്തി പരിശോധന ആരംഭിക്കുമ്പോള്‍ ഉദ്യോഗ്‌സഥര്‍ ആരും ഉണ്ടായിരുന്നില്ല. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം ബില്‍ഡിംഗ്‌സ് വിഭാഗത്തിലെ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസ്സി: എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസ്സി: എഞ്ചിനീയര്‍ എന്നിവര്‍ സ്ഥലത്തെത്തി. അവര്‍ക്കാര്‍ക്കും ഒന്നും പറയാനില്ലായിരുന്നു. പരസ്പരവിരുദ്ധമായിട്ടാണ് സംസാരിച്ചത്.
201116 യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ഭീമമായ ക്രമക്കേടുകളുടെ കാലത്ത് അതിനോടെല്ലാം സഹകരിച്ച് പോന്നിരുന്നവര്‍ക്ക് പിണറായി സര്‍ക്കാരിന്റെ കാലത്തെ 'പുതിയ കാലം പുതിയ നിര്‍മ്മാണം' എന്ന വകുപ്പിന്റെ കാഴ്ചപാട് മനസ്സിലായിട്ടില്ലെന്നാണ് തോന്നുന്നത്. മാറിവരാന്‍ താമസം എടുക്കും. പക്ഷേ പൊതുമുതല്‍ അടിയറവ് വെച്ചതിന് സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കും.
യാതൊരു മാപ്പും ഉണ്ടാകില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates