റവന്യു മന്ത്രി അറിയുന്നുണ്ടോ; റവന്യു വകുപ്പ് ഫയലുകള്‍ എത്തിച്ചു കൊടുക്കുന്നില്ല, മൂന്നാര്‍ സ്‌പെഷ്യല്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം മരവിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd April 2017 07:48 AM |
Last Updated: 02nd April 2017 07:48 AM | A+A A- |

മൂന്നാറിലെ കയ്യേറ്റ കേസുകളില്‍ തീര്‍പ്പുണ്ടാക്കാന്‍ രൂപീകരിച്ച മൂന്നാര്‍ സ്‌പെഷ്യല്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം മരവിച്ച അവസ്ഥയില്‍. കയ്യേറ്റം സംബന്ധിച്ച കേസ് ഫയലുകള്‍ റവന്യു വകുപ്പ് ട്രൈബ്യൂണലിന് കൈമാറാത്തതാണ് കാരണം. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍,സര്‍ക്കാര്‍ ഭൂമി കയ്യേറ്റങ്ങള്‍, വ്യാജ പട്ടയ നിര്‍മാണം തുടങ്ങിയ കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ 2010ലാണ് ട്രൈബ്യൂണല്‍ സ്ഥാപിച്ചത്. പലപ്പോഴായി ട്രൈബ്യൂണല്‍ സ്വീകരിച്ച വ്യാജ പട്ടയങ്ങള്‍ക്കെതിരായ നടപടികള്‍ സുപ്രീം കോടതി വരെ അംഗീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ എല്ലാം ട്രൈബ്യൂണലിന് കൈമാറണം എന്നാണ് നിബന്ധന. എന്നാല്‍ ഇപ്പോള്‍ ട്രൈബ്യൂണലിന് ഉദ്യോഗസ്ഥര്‍ ഫയലുകള്‍ അയച്ചു കൊടുക്കാറില്ല. അതുകൊണ്ടു തന്ന ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ നിലച്ച മട്ടാണ്. മൂന്നാറില്‍ നിന്നും കയ്യേറ്റ ഭൂമികളെല്ലാം തിരികെ പിടിക്കുമെന്ന് റവന്യു മന്ത്രി ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് റവന്യു വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഗുരുതരമായ വീഴ്ച വരുത്തുന്നത്.