സംസ്ഥാന ഹൈവേകളെ ജില്ലാ റോഡുകളാക്കും; മദ്യ നിരോധനം മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമം
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd April 2017 10:44 AM |
Last Updated: 02nd April 2017 10:51 AM | A+A A- |

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ മദ്യവില്‍പ്പന ശാലകള്‍ പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ വഴി തേടി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന പാതയോരങ്ങളെ ജില്ലാ ഹൈവേകളായി താഴ്ത്തി സുപ്രീംകോടതി വിധി മറികടക്കുകയെന്നതാണ് സര്‍ക്കാരിന് മുന്നിലുള്ള ഒരു വഴി.
ബിയര്‍, വൈന്‍ എന്നിവയെ മദ്യ ഉത്പന്നങ്ങളുടെ ഗണത്തില്‍ നിന്നും മാറ്റി സുപ്രീംകോടതി വിധിയെ മറികടന്ന് ടൂറിസം മേഖലയ്ക്ക് ആശ്വാസം നല്‍കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന് മുന്നിലുള്ള മറ്റൊരു വഴി. അബ്കാരി ആക്റ്റില്‍ ഭേദഗതി വരുത്തി സംസ്ഥാന സര്‍ക്കാരിന് ഇത് ചെയ്യാനാകും.
ദേശീയ, സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റര്‍ ചുറ്റളവില്‍ മദ്യശാലകള്‍ പാടില്ലെന്ന സുപ്രീംകോടതി വിധി സംസ്ഥാനങ്ങളുടെ ടൂറിസം മേഖലയേയും വരുമാനത്തേയും കാര്യമായി ബാധിച്ചിരുന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നേരത്തെ സംസ്ഥാന ഹൈവേകളെ ഡിസ്ട്രിക്റ്റ് ഹൈവേകളായി മാറ്റിയായിരുന്നു സുപ്രീംകോടതി വിധിയില്‍ നിന്ന് ടൂറിസം മേഖലയ്ക്ക് ആശ്വാസം നല്‍കിയത്.
അതാത് തദ്ദേശീയ ഭരണകൂടങ്ങളുടെ പിന്തുണയോടെ സംസ്ഥാന പാതയോരങ്ങളെ ജില്ലാ റോഡുകളായി മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കും. ദേശീയ പാതയോരങ്ങളെ ജില്ലാ പാതയോരങ്ങളായി മാറ്റണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും, തദ്ദേശീയ ഭരണകൂടങ്ങളുടേയും ഒന്നിച്ചുള്ള ഇടപെടല്‍ ഉണ്ടാകണം.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് വരുമാനത്തില്‍ ഏഴായിരം കോടിയുടെ നഷ്ടം നേരിടേണ്ടി വരുമെന്ന അവസ്ഥ വന്നതോടെയാണ് സംസ്ഥാന, ദേശീയ പാതയോരങ്ങളിലെ മദ്യ നിരോധനം മറികടക്കാന്‍ സര്‍ക്കാര്‍ വിവിധ സാധ്യതകള്‍ പരിശോധിക്കുന്നത്.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ മാത്രം 50 ബിയര്‍ വൈന്‍ പാര്‍ലറുകളാണ് വെള്ളിയാഴ്ച രാത്രിയോടെ അടച്ചുപൂട്ടേണ്ടി വന്നത്.