പെസഹാ ദിനത്തില്‍ സ്ത്രീകളുടെ കാല്‍ കഴുകും; സഭയുടെ സ്ത്രീ വിരുദ്ധ നിലപാടിനെതിരെ സംഘടനകളുടെ പ്രതിഷേധം
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd April 2017 10:28 AM |
Last Updated: 03rd April 2017 05:55 PM | A+A A- |

കൊച്ചി: പെസഹാ ദിനത്തോട് അനുബന്ധിച്ച് പള്ളികളില്‍ നടക്കുന്ന കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ നിലവില്‍ പിന്തുടരുന്ന രീതി അനുസരിച്ച് പുരുഷന്‍മാരെ മാത്രം ചടങ്ങില്‍ പങ്കെടുപ്പിച്ചാല്‍ മതിയെന്ന സീറോ മലബാര്‍ സഭയുടെ തീരുമാനത്തിനെതിരെ സംഘടനകള്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വൈദീകര്‍ നടത്തുന്ന അതിക്രമങ്ങളുടെ വാര്‍ത്തകള്‍ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ മാര്‍പ്പാപ്പയുടെ നിര്‍ദേശം അനുസരിച്ച് സ്ത്രീകളേയും ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി സംഘടനകള്‍ രംഗത്തെത്തുന്നത്.
പെസഹാ വ്യാഴത്തിന് പള്ളികളില്‍ കാല്‍ കഴുകള്‍ ശുശ്രൂഷ നടക്കുന്നതിന് സമാന്തരമായി സ്ത്രീകളുടെ കാല്‍ കഴുകി പ്രതിഷേധിക്കാനൊരുങ്ങുകയാണ് ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റ് എന്ന സംഘടന. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ സഭയിലെ വൈദീകര്‍ തന്നെ ഉള്‍പ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കാല്‍ കഴുകി സ്ത്രീകളോടുള്ള ബഹുമാനം പ്രകടിപ്പിക്കാന്‍ സഭ തയ്യാറാകണമെന്നാണ് സംഘടനയുടെ ആവശ്യം.
സ്ത്രീകളേയും കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുപ്പിക്കണമെന്ന് മാര്‍പ്പാപ്പ നിര്‍ദേശിച്ചെങ്കിലും നിലവില്‍ തുടരുന്ന രീതി അനുസരിച്ച് 12 പുരുഷന്‍മാരുടേയോ, ആണ്‍കുട്ടികളുടേയോ കാല്‍ കഴുകിയാല്‍ മതിയെന്നാണ് സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സര്‍ക്കുലറിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
സ്ത്രീകളോട് സഭയ്ക്കുള്ളത് ചിറ്റമ്മ നയമാണ്. ഇത് മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റ് സംഘടനയുടെ ചെയര്‍മാന്‍ റെജി ഞെല്ലാനി പറയുന്നു. സ്ത്രീകളുടെ കാല്‍ കഴുകാന്‍ മടിക്കുന്ന സഭ, വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്ന സ്ത്രീകളുടെ പേരില്‍ പണം പിരിക്കാന്‍ ഒരു മടിയും കാണിക്കുന്നില്ലെന്നും റെജി ആരോപിച്ചു.