ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി ഒന്നിക്കുന്നതില്‍ തെറ്റില്ലെന്ന് ബിനോയ് വിശ്വം

മതേതര ജനാധിപത്യ ഇടതുപക്ഷ വേദി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു തെരഞ്ഞെടുപ്പ് മുന്നണി എന്നതല്ല
ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി ഒന്നിക്കുന്നതില്‍ തെറ്റില്ലെന്ന് ബിനോയ് വിശ്വം

കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളില്‍ മാറ്റം വരുത്തിയാല്‍ കോണ്‍ഗ്രസുമായി മതേതര ജനാധിപത്യ ഇടതുപക്ഷ വേദി ഉണ്ടാക്കുന്നതില്‍ തെറ്റില്ലെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം.കോണ്‍ഗ്രസുമായി ചേര്‍ന്ന് സിപിഐ ദേശീയ സഖ്യം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസുമായി ചേര്‍ന്ന് ദേശീയ തലത്തില്‍ വിശാല മതേതര ജനാധിപത്യ വേദി ഉണ്ടാക്കാനാണ് സിപിഐ ശ്രമം. ഇത് പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്തു എന്നാണ് പുറത്തു വന്ന വാര്‍ത്തകള്‍.

മതേതര ജനാധിപത്യ ഇടതുപക്ഷ വേദി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു തെരഞ്ഞെടുപ്പ് മുന്നണി എന്നതല്ല. രാജ്യത്തിന് ഭീഷണിയായി വളര്‍ന്നു വരുന്ന സംഘപരിവാറിനെ തടയിടാന്‍ ഒരു വേദി വേണം. അത് വിശാലമായിരിക്കണം. അതാതയത് മതേതര,ജനാധിപത്യ,ഇടത് ശക്തികളുടെ ഒരു പൊതുവേദി ഉണ്ടാകണം. പൊതുവേദി എന്ന വാക്കാണ് ഉപയോഗിച്ചത്. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം എന്നതിലേക്ക് എത്തുമ്പോള്‍ അതില്‍ രാഷ്ട്രീയ,സാമ്പത്തിക വിഷയങ്ങള്‍ ഒക്കെ ചര്‍ച്ചയാകേണ്ടതുണ്ട്. കോണ്‍ഗ്രസിന്റെ കോ-കോര്‍പ്പറേറ്റ് സാമ്പത്തിക നയത്തില്‍ മാറ്റം വേണം. കോണ്‍ഗ്രസ് അതിന്റെ നെഹ്രു പാരമ്പര്യം വീണ്ടെടുക്കണം. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലും ഇതിനെ പറ്റി പറഞ്ഞിട്ടിട്ടുണ്ട്. വര്‍ഗീയതയെ ചെറുക്കാന്‍ മതേതര ശക്തികളുമായി കൂട്ടുപിടിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. ബിനോയ് വിശ്വം സമകാലിക മലയാളത്തിനോട് പറഞ്ഞു. 

സിപിഎം ഉള്‍പ്പെടെയുള്ളവര്‍ വരുമോ എന്നു നോക്കാം എന്ന് സിപിഎം എങ്ങനെ ഇതിനെ നോക്കിക്കാണും എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും ഒരേ രാഷ്ട്രീയ പശ്ചാതലമല്ല. കേരളത്തില്‍ ഒരിക്കലും കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യത്തിന് പറ്റിയ കാലാവസ്ഥയല്ല. പക്ഷേ കേരളം മാത്രമല്ല ഇന്ത്യ. കേരളത്തിലെ അണികള്‍ ഇക്കാര്യം എങ്ങനെയെടുക്കും എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 

കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും സിപിഐ കോണ്‍ഗ്രസിന് എതിരേയാണ് നിലപാടെടുക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ഏറ്റവും വലിയ ശക്തി കേന്ദ്രമായ കേരളത്തില്‍ അണികള്‍ ഇക്കാര്യം എങ്ങനെയടുക്കും എന്ന കാര്യത്തില്‍ നേതാക്കള്‍ക്കിടയില്‍ പോലും സംശയമുണ്ട്. മാത്രവുമല്ല രാഷ്ട്രീയ സഖ്യമല്ല എന്ന് പറഞ്ഞാല്‍ പോലും ഇടതു മുന്നണിയില്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് മുന്നണിക്കു ക്ഷീണമുണ്ടാക്കും.എന്നാല്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത് സംഘടനയെ ദേശീയ തലത്തില്‍ ശക്തിപ്പെടുത്തുന്നതിന് സഹായിച്ചേക്കാം എന്നാണ് ഒരു വിഭാഗത്തിന്റെ കണക്കു കൂട്ടല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com