വീഴ്ച ഏറ്റുപറഞ്ഞു മടുത്തു;പൊലീസിന് ഉപദേഷ്ടാവിനെ നിയമിക്കാന്‍ സിപിഎം
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th April 2017 08:09 AM |
Last Updated: 04th April 2017 02:09 PM | A+A A- |

തിരുവനന്തപുരം:പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചകള്‍ സര്‍ക്കാറിന് പേരുദോഷം ഉണ്ടാക്കുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സംസ്ഥാന സെക്രട്ടേറിയേറ്റില്‍ പറഞ്ഞതിന് പിന്നാലെ പൊലീസിനെ നിലയ്ക്കു നിര്‍ത്താന്‍ ഉപദേഷ്ടാവുമായി സിപിഎം. ആഭ്യന്തര വകുപ്പിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപദേഷ്ടാവ് നല്ലതാണ് എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.
മികവു തെളിയിച്ച മുന്‍ ഡിജിപിമാരെയാണ് ഉപദേഷ്ടാവ് സ്ഥാനത്തേക്കു പരിഗണിക്കുക. രമണ്‍ ശ്രീവാസ്തവയ്ക്ക് മുന്‍തൂക്കമുണ്ട്.
സംസ്ഥാന പൊലീസ് സേനയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉയരുന്നത്. കുണ്ടറ ബലാത്സംഗ കേസ്,വാളയാര്‍ പീഡന കേസ് തുടങ്ങി നിരവധി കേസുകളില്‍ പൊലീസ് വരുത്തിയ വീഴ്ച വലുതായിരുന്നു. പൊലീസ് സദാചാര ഗുണ്ടായിസം നടത്തുന്നു എന്ന ആക്ഷേപവും ശക്തമാണ്. ഇതിന്റെയെല്ലാം സാഹചര്യത്തിലാണ് സിപിഎം സംസ്ഥാന നേതൃത്വം ഉപദേഷ്ടാവ് പോംവഴിയുമായ് രംഗത്തെത്തിയിരിക്കുന്നത്.
ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ കയ്യില്‍ ഒതുങ്ങുന്നതല്ല എന്ന ആപരോപണം ശക്തമായി നില്‍ക്കുന്ന സമയത്ത് പാര്‍ട്ടി നേരിട്ട് ആഭ്യന്തര ഉപദേഷ്ടാവിനെ നിയമിക്കുന്നത് പിണറായി വിജയന് കടുത്ത ക്ഷീണമാകും ഉണ്ടാക്കുക.