ഐക്യകേരളത്തിലെ ആദ്യ മന്ത്രിസഭയ്ക്ക് ഇന്ന് 60 വയസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2017 08:35 AM |
Last Updated: 05th April 2017 08:35 AM | A+A A- |

തിരുവനന്തപുരം: ഐക്യകേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരമേറ്റതിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. ഇഎംഎസിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മന്ത്രിസഭ 1957 ഏപ്രില്‍ അഞ്ചിനാണ് അധികാരത്തിലേറിയത്. സഭയില്‍ 11 മന്ത്രിമാരാണ് ഉണ്ടായിരുന്നത്. ബാലറ്റിലൂടെ അധികാരത്തിലേറിയ ഏഷ്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിയഭ എന്ന ചരിത്രം കുറിച്ചാണ് ഇംഎംഎസും കൂട്ടരും മന്ത്രിസഭ രൂപീകരിച്ചത്. ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരും പ്രൊ.ജോസഫ് മുണ്ടശ്ശേരിയും ആദ്യ മന്ത്രിസഭയിലെ അലങ്കാരങ്ങളായി.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വിദ്യാഭ്യാസബില്‍, ഭൂപരിഷ്‌കരണ നിയമം തുടങ്ങിയ പുരോഗമനപരിപാടികള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചുവെങ്കിലും ഈ മന്ത്രിസഭക്ക് അഞ്ചുവര്‍ഷം തികച്ചും ഭരിക്കാനായില്ല.വിദ്യാഭ്യാസബില്ലിനെ ആയുധമാക്കി പ്രതിപക്ഷസാമുദായിക കക്ഷികള്‍ സര്‍ക്കാരിനെതിരേ പ്രക്ഷോഭം ആരംഭിച്ചു. വിമോചന സമരത്തിലൂടെ സര്‍ക്കാറിനെതിരെ വന്‍ പ്രക്ഷോഭമാണ് ഇവര്‍ അഴിച്ചുവിട്ടത്. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നു എന്ന് ഗവര്‍ണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍മേല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിക്കുകയും 1959 ജൂലൈ 31ന് ഇഎംഎസ് മന്ത്രിസഭയെ 356-ാം വകുപ്പ് അനുസരിച്ച് പിരിച്ചു വിടുകയും ചെയ്തു.