കൃഷ്ണദാസിന്റെ അറസ്റ്റ് കണ്ണില്‍ പൊടിയിടാനെന്ന് ജിഷ്ണുവിന്റെ അമ്മ;ഇന്നുമുതല്‍ നിരാഹാര സമരം തുടങ്ങും
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2017 08:00 AM |
Last Updated: 05th April 2017 08:00 AM | A+A A- |

തിരുവനന്തപുരം:ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ ഇന്നുമുതല്‍ ഡിജിപി ഓഫീസിന് മുന്നില്‍ നിരാഹാര സമരം ആരംഭിക്കും. മകന്റെ മരണത്തിന് കാരണമായ മുഴുവന്‍ കുറ്റവാളികളേയും അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് സമരം ആരംഭിക്കുന്നത്. കൃഷ്ണദാസിന്റെ അറസ്റ്റ് നാടകീയമായിരുന്നു എന്നു മാതാപിതാക്കള്‍ കുറ്റപ്പെടുത്തി. തങ്ങള്‍ സമരം ചെയ്യുമെന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യമുള്ള നെഹ്‌റു ഗ്രൂപ് ചെയര്‍മാന്‍ കൃഷഅണദാസിനെ അറസ്റ്റ് ചെയ്തത് പ്രഹസനമാണെന്നുംമകന്‍ മരിച്ച് 90 ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരേയും നീതി ലഭിച്ചില്ല എന്നും മാതാപിതാക്കള്‍ പറഞ്ഞു. കേസിലെ മൂന്നും നാലും പ്രതികളായ വൈസ് പ്രിന്‍സിപ്പാല്‍ ശക്തിവേല്‍,അധ്യാപകന്‍ പ്രവീണ്‍ എന്നിവരെ അന്വേഷണ സംഘത്തിന് അറസ്റ്റ് ചെയ്യാമായിരുന്നു. ഇപ്പോഴത്തെ നീക്കം കണ്ണില്‍ പൊടിയിടലാണ്. ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു.
കഴിഞ്ഞ മാസം 27ന് സമരം നടത്താനായിരുന്നു ഇവരുടെ തീരുമാനം. എന്നാല്‍ കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നുള്ള ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ ഉറപ്പിന്‍മേല്‍ സമരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട് കോളജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. നാലു മണിക്കൂര്‍ ചോദ്യം ചെയ്തതിനുശേഷം കൃഷ്ണദാസിനെ വിട്ടയച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ കൃഷ്ണദാസിനെ കസ്റ്റഡിയില്‍ വെക്കാന്‍ സാധ്യമല്ല.